സക്കർബർഗിനെയും പിന്നിലാക്കിയ ഇന്ത്യക്കാരൻ; ആരാണ് പുതിയ ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ?
|ബോംബൈ ഐഐടിയിലെ പൂര്‍വവിദ്യാര്‍ത്ഥിയായ പരാഗ് അഗ്രവാള്‍ 2011ലാണ് ട്വിറ്ററിന്റെ ഭാഗമാകുന്നത്
ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ. ജാക്ക് ഡോർസി സ്ഥാനമൊഴിഞ്ഞ സ്ഥാനത്തേക്കാണ് ഇതുവരെ കമ്പനിയിൽ ചീഫ് ടെക്നോളജി ഓഫീസറാ(സിടിഒ)യിരുന്ന പരാഗിന്റെ നിയമനം. മൈക്രോ ബ്ലോഗിങ് ഭീമന്മാരായ ട്വിറ്ററിന്റെ തലവനായി നിയമിതനായ ഈ ഇന്ത്യൻ വംശജൻ ആരാണെന്ന് അറിയാം.
ബോംബൈ ഐഐടിയിൽനിന്ന് സ്റ്റാൻഡ്ഫോർഡിലേക്ക്
മുംബൈ സ്വദേശിയാണ് പരാഗ് അഗ്രവാൾ. പിതാവ് കേന്ദ്ര ആണവോർജ വിഭാഗത്തിൽ ജീവനക്കാരനായിരുന്നതിനാൽ മുംബൈയിലെ ആറ്റമിക് എനർജി സെൻട്രൽ സ്കൂളിലായിരുന്നു പരാഗിന്റെ പ്രാഥമിക വിദ്യാഭ്യാസം. അമ്മ ഒരു സ്കൂൾ അധ്യാപികയുമായിരുന്നു.
ബോംബൈ ഐഐടിയിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു പരാഗ്. 2015ലാണ് ഐഐടിയിൽനിന്ന് ബിടെക് പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ഇതിനുശേഷം നേരെ അമേരിക്കയിലേക്ക് പറന്നു. കാലിഫോർണിയയിലെ സ്റ്റാൻഫോഡ് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസിൽ ഗവേഷണത്തിനു ചേർന്നു. സ്റ്റാൻഫോഡ് പഠനകാലത്തു തന്നെ സിലിക്കണ്‍വാലിയിലുള്ള ഐടി ഭീമന്മാർക്കൊപ്പമെല്ലാം ജോലി ചെയ്യാൻ പരാഗിന് അവസരം ലഭിച്ചു. മൈക്രോസോഫ്റ്റ്, യാഹൂ, എ.ടി ആൻഡ് ടി ലാബ്സ് അടക്കമുള്ള ഐടി കമ്പനികളിൽ റിസർച്ച് ഇന്റേൺഷിപ്പ് ചെയ്തു.
ട്വിറ്ററിലെ പുപ്പുലി
സ്റ്റാൻഫോഡിൽനിന്ന് ഗവേഷണ പഠനം പൂർത്തിയാക്കി ഡോക്ടറേറ്റ് നേടി പുറത്തിറങ്ങിയ അഗർവാളിനെ തേടി അർഹിച്ച അംഗീകാരം തേടിവരാൻ അധികം കാത്തിരിക്കേണ്ടിവന്നില്ല. 2011 ഒക്ടോബറിൽ ട്വിറ്ററിൽ നിയമനം ലഭിച്ചു. കമ്പനിയിൽ ഡിസ്റ്റിംഗ്വിഷ്ഡ് സോഫ്റ്റ്വെയർ എൻജിനീയറായായിരുന്നു നിയമനം.
കമ്പനിയുടെ ഭാഗമായ ശേഷം മികച്ച പ്രകടനങ്ങളിലൂടെ വേറിട്ടുനിന്നയാളാണ് പരാഗ്. ഇതിന്റെ ഗുണമെന്നോണം ട്വിറ്ററിൽ ഉന്നത പദവികളെല്ലാം അദ്ദേഹത്തെ തേടിയെത്തി. കമ്പനിയുടെ ഏറ്റവും ഉന്നതരായ എൻജിനീയർമാരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നയാളാണ് പരാഗ്. ട്വിറ്ററിന്റെ പുതിയ ഉൽപന്നങ്ങളുടെയും സങ്കേതങ്ങളുടെയുമെല്ലാം മേൽനോട്ടം വഹിച്ചിരുന്ന 'ടാഗ്' ഗ്രൂപ്പിലും ഇടംപിടിച്ചു.
ആ മികച്ച ട്രാക്ക് റെക്കോർഡിനുള്ള അംഗീകാരമെന്നോണമാണ് 2018 മാർച്ച് എട്ടിന് ട്വിറ്റർ സിടിഒ പദവി പരാഗിനെ ഏൽപിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി ട്വിറ്ററിന്റെ സാങ്കേതികമായ മുഴുവൻ കാര്യങ്ങളും തീരുമാനിച്ചിരുന്നത് പരാഗായിരുന്നു. മെഷീൻ ലേണിങ്, എ.ഐ അടക്കമുള്ള പുത്തൻ സാങ്കേതികവിദ്യകളും കമ്പനിയുടെ ഭാഗമാക്കിയതിൽ മുഖ്യപങ്കുവഹിച്ചു. ട്വിറ്റർ ആഡ്സ് സിസ്റ്റം അവതരിപ്പിച്ചതും പരാഗാണ്.
ഒടുവിലാണ് കമ്പനിയുടെ തലവനായും പരാഗ് അഗ്രവാളിനെ ട്വിറ്റര്‍ ഉടമകള്‍ വിശ്വസിച്ചേല്‍പ്പിക്കുന്നത്. ഇതോടെ ആഗോള ഐടി ഭീമന്മാരുടെ തലപ്പത്തിരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമായിരിക്കുകയാണ് 37കാരനായ പരാഗ്. മെറ്റ പ്ലാറ്റ്ഫോം സിഇഒ മാർക്ക് സക്കർബർഗിനെ പിന്തള്ളിയാണ് പരാഗിന്റെ ഈ നേട്ടം. ഏതാനും മാസങ്ങളുടെ വ്യത്യാസത്തിൽ സക്കർബർഗിനെക്കാളും പ്രായത്തില്‍ ഇളയവനാണ് പരാഗ്.
സ്റ്റാൻഫോഡിൽ മൊട്ടിട്ട പ്രണയം
വിനീത അഗ്രവാൾ ആണ് പരാഗിന്റെ ജീവിതസഖി. പരാഗിനെപ്പോലെ ഐ.ടി വിദഗ്ധയൊന്നുമല്ലെങ്കിലും സാങ്കേതികരംഗങ്ങളിൽ തൽപരയാണ്. എന്നാൽ, അതിനെക്കാൾ ആരോഗ്യമേഖലയിലായിരുന്നു അവരുടെ താൽപര്യം. സ്റ്റാൻഫോഡിൽ വിനീത ബയോഫിസിക്സിൽ ബിരുദപഠനം നടത്തുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും ഒടുവിൽ അത് വിവാഹത്തിലേക്ക് നീളുന്നതും.
ഹാർവാഡ് മെഡിക്കൽ സ്കൂളിൽനിന്ന് എംഡിയും പിഎച്ച്ഡിയും പൂർത്തിയാക്കി. നിലവിൽ സ്റ്റാൻഫോഡ് സ്കൂൾ ഓഫ് മെഡിസിനിൽ ക്ലിനിക്കൽ പ്രൊഫസറാണ്. ഇരുവർക്കും അൻഷ് എന്ന പേരിൽ ഒരു മകനുമുണ്ട്. കൊച്ചു അൻഷിന് സ്വന്തമായി ഒരു ട്വിറ്റർ ഹാൻഡിലുമുണ്ട്.