ആരാണ് വിജയപ്രയ നിത്യാനന്ദ?; യു.എന്‍ യോഗത്തിനെത്തിയ സന്യാസിനി പ്രതിനിധിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
|ചുവന്ന സാരിയുടുത്ത് രുദ്രാക്ഷ മാലകളും ധരിച്ച് യോഗത്തില്‍ പങ്കെടുക്കാനെത്തിയ വിജയപ്രിയയുടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു
ജനീവ: സ്വയം പ്രഖ്യാപിത ആൾദൈവവും നിരവധി ലൈംഗീകാതിക്രമക്കേസുകളിൽ പ്രതിയുമായ നിത്യാന്ദയുടെ കൈലാസ എന്ന സാങ്കൽപ്പിക ഹിന്ദു രാഷ്ട്രത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. മാ വിജയപ്രിയ നിത്യാനന്ദയാണ് ഐക്യരാഷ്ടസഭയുടെ യോഗത്തിൽ പങ്കെടുത്ത് വാർത്തകളിൽ ഇടംനേടിയത്. യു.എന്നിലെ കൈലാസയുടെ സ്ഥിരം അംബാസഡറാണ് വിജയപ്രിയ. ചുവന്ന സാരിയുടുത്ത് രുദ്രാക്ഷ മാലകളും ധരിച്ച് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇവരുടെ പ്രസംഗത്തിന് ശേഷം ആരാണ് ഈ സന്യാസിനി എന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. പേരിന്‍റെ അവസാനം നിത്യാനന്ദ എന്നുള്ളതുകൊണ്ട് തന്നെ നിത്യാന്ദയുടെ ഭാര്യയാണോ ഇവര്‍ എന്നാണ് എല്ലാവരുടേയും സംശയം.
യുഎന്നിന്റെ പത്തൊമ്പതാമത് എക്കണോമിക്, സോഷ്യൽ ആന്റ് കൾച്ചറൽ റൈറ്റ്സ് യോഗത്തിലാണ് യുണൈറ്റഡ് കിംങ്ഡം ഓഫ് കൈലാസയുടെ പ്രതിനിധി പങ്കെടുത്തത്. ഹിന്ദുമതത്തിന്റെ പരമോന്നത പുരോഹിതനാണ് ശ്രീ നിത്യാനന്ദ് പരമശിവമെന്നും അദ്ദേഹം സ്ഥാപിച്ച കൈലാസമാണ് ലോകത്തിലെ ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാഷ്ട്രമാണെന്നും സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾക്കുള്ള കമ്മിറ്റിയിൽ (CESCR) കൈലാസയുടെ പ്രതിനിധി പ്രസ്താവിച്ചു.
ബലാത്സംഗം, കുട്ടികളെ അന്യായമായി തടങ്കലിൽ വയ്ക്കൽ, പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് നിത്യാനന്ദ. 2010ൽ ബലാത്സംഗക്കേസിൽ ബംഗളൂരുവിലെ രാംനഗര കോടതി നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2019ലാണ് നിത്യാനന്ദ ഇന്ത്യയിൽ നിന്ന് ഒളിച്ചോടി കൈലാസം സ്ഥാപിക്കുന്നത്. അവിടെ ആളുകള്‍ ഹിന്ദുവിശ്വാസമനുസരിച്ച് ജീവിക്കുന്നുവെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്.
ഈ രാജ്യത്തിന്റെ കൃത്യമായ ലൊക്കേഷന്‍ എവിടെയാണെന്ന് അറിയില്ലെങ്കിലും ഇക്വഡോറിന് സമീപമാണെന്ന് കരുതുന്നത്. ബലാത്സംഗമുൾപ്പെടെ നിരവധി കേസുകൾ നിത്യാന്ദക്കെതതിരെ നിലവിലുണ്ടെങ്കിലും ആഗോള തലത്തിൽ നിരവധി ശിശ്യൻമാരാണ് നിത്യാനന്ദക്കുള്ളത്. അതിൽ ഏറ്റവും പ്രബലയാണ് മാ വിജയപ്രിയ നിത്യാനന്ദ. ഫെബ്രുവരി 22ന് ജെനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പരിപാടിയിൽ വിജയപ്രിയക്ക് പുറമെ, മറ്റ് അഞ്ച് പ്രതിനിധികളും യു.എന്നിൽ കൈലാസയുടെ പ്രതിനിധികളായി എത്തിയിരുന്നു.
ആരാണ് മാ വിജയപ്രിയ നിത്യാനന്ദ
ലിങ്കിഡിൻ ബയോ അനുസരിച്ച് കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ബിരുദം നേടിയ ആളാണ് മാ വിജയപ്രിയ നിത്യാനന്ദ. കൂടാതെ മാനിറ്റോബ സർവകലാശാലയിൽ നിന്നും മൈക്രോ ബയോളജിയിലും ഇവർ ബിരുദം നേടിയിട്ടുണ്ട്. പ്രൊഫൈൽ അനുസരിച്ച് വിജയപ്രിയയ്ക്ക് മാതൃഭാഷയായ ക്രിയോൾസ് ഭാഷയും പിജിൻസ് ഭാഷയും നന്നായി അറിയാം. ഹിന്ദിയും ഇംഗ്ലീഷും അത്യാവശ്യം കൈകാര്യം ചെയ്യാൻ അറിയാം.
നിത്യാനന്ദയുടെ പോസ്റ്റുകളിൽ വിജയപ്രിയയെ 'ഹർ എക്സലൻസി' എന്നാണ് വിശേഷിപ്പിക്കുന്നത്. 2013 ലും 2014 ലും അന്താരാഷ്ട്ര ബിരുദ വിദ്യാർഥി സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ടെന്നും ലിങ്കിഡിൻ പ്രൊഫൈലിൽ പറയുന്നു. നിലവിൽ അമേരിക്കയിലെ വാഷിംഗ്ടൺ സിറ്റിയിലെ താമസക്കാരിയാണ് താനെന്നാണ് ഇവർ സ്വയം അവകാശപ്പെടുന്നത്.
നിത്യാനന്ദയുടെ കൈലാസ എന്ന രാജ്യത്തെ നയതന്ത്രജ്ഞ എന്നാണ് ഇവരുടെ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൈലാസ ചീഫ് മുഖ്തിത ആനന്ദ്, കൈലാസ സന്യാസി മുഖ്യ ലൂയിസ് ചീഫ് സോനാ കാമത്ത്. കൈലാസയുടെ ലണ്ടന്‍ മേധാവി നിത്യ അത്മദായകി, കൈലാസ ഫ്രാൻസ് മുഖ്യ നിത്യ വെങ്കിടേശാനന്ദ, കൈലാസ സ്ലോവേനിയൻ മാ പ്രിയംപര എന്നിവരും ഐക്യരാഷ്ട്രസഭാ യോഗത്തിൽ പങ്കെടുത്തിരുന്നു.