World
Vladimir Putin and Yevgeny Prigozhin
World

ആരാണ് പുടിനെ വിറപ്പിച്ച വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിൻ?

Web Desk
|
25 Jun 2023 4:21 AM GMT

യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ അവിഭാജ്യ ഘടകമായിരുന്നു പ്രിഗോഷിനും വാഗ്നർ കൂലിപ്പടയും. പതിറ്റാണ്ടുകളായി പുടിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വാഗ്നറിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിൻ.

യുദ്ധക്കളത്തിലെ മര്യാദകള്‍ പോലും അന്യമായ കൂലിപ്പട്ടാളത്തെ യുക്രൈനിലേക്ക് അയക്കുമ്പോള്‍ വ്‌ലാദിമിർ പുടിൻ ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചുകാണില്ല. യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ അവിഭാജ്യ ഘടകമായിരുന്നു പ്രിഗോഷിനും വാഗ്നർ കൂലിപ്പടയും. പതിറ്റാണ്ടുകളായി പുടിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വാഗ്നറിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിൻ. ഈ പ്രിഗോഷിന്‍ തന്നെ റഷ്യന്‍ സേനയ്‌ക്കെതിരെ പടനീക്കം നടത്തുന്നതാണ് അന്താരാഷ്ട്രതലത്തിൽ ചർച്ചയാവുന്നത്.

ജയിലറകളിൽ നിന്ന് പടയാളികളെ റിക്രൂട്ട് ചെയ്യുന്ന യെവ്ഗിനി പ്രിഗോഷിൻ ക്രൂരനായ വ്യക്തിയായാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നത്. 2016 അമേരിക്കൻ തെരഞ്ഞെടുപ്പിൽ കൈകടത്തിയ 13 റഷ്യക്കാരിൽ ഒരാളായിരുന്നു പ്രിഗോഷിൻ. 2014-ൽ യുക്രൈനിലെ ക്രിമിന പെനിന്‍സുലയില്‍ നടന്ന പോരാട്ടത്തിലാണ് പ്രിഗോഷിന്റെ കൂലിപ്പടയായ വാഗ്നർ സംഘത്തിന്റെ ഉദയം. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വര്‍ഷം കൊണ്ട് 50,000-ത്തിലേറെ പേര്‍ ഉള്‍പ്പെടുന്ന കൂട്ടമായി മാറി. 2022 ഡിസംബറിലെ കണക്കനുസരിച്ച് 50,000 പേരാണ് യുക്രൈനെതിരെ പോരാടാന്‍ വാഗ്നര്‍ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതില്‍ പതിനായിരം പേര്‍ കോണ്‍ട്രാക്ടേഴ്‌സും 40,000 പേര്‍ കുറ്റവാളികളുമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. കുറ്റവാളികളെ ജയിലില്‍നിന്ന് റിക്രൂട്ട് ചെയ്യും. യുദ്ധമുഖത്തിലെത്തിയവർക്ക് ജയില്‍ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് മുന്നോട്ടുവെക്കുന്നത്. റഷ്യയിലെ ഉള്‍നാടന്‍ പ്രദേശമായ മോള്‍ക്കിനിയില്‍വെച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്.

പുടിന്‍സ് ഷെഫ് അഥവാ പുട്ടിന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന റഷ്യന്‍ വ്യവസായി യെവ്ഗിനി പ്രിഗോഷിൻ നേതൃത്വം നൽകുന്ന സ്വകാര്യ സൈനിക സൈനിക സംഘമാണ് വാഗ്നർ ഗ്രൂപ്പ്. ഇവരാണു കിഴക്കൻ യുക്രെയ്നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്നത്. എന്നാൽ, ഏതാനും മാസങ്ങളായി റഷ്യൻ സൈനികനേതൃത്വത്തിനും പ്രതിരോധ മന്ത്രാലയത്തിനുമെതിരെ പ്രിഗോഷിൻ പരസ്യവിമർശനം ഉയർത്തുന്നുണ്ടായിരുന്നു. ഇത് ഇരു സേനകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടവയ്ക്കുകയും ചെയ്തു. തന്റെ പടയാളികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ നൽകുന്നില്ലെന്നും അവരുടെ പ്രതിസന്ധികൾ പരിഗണിക്കുന്നില്ലെന്നുമായിരുന്നു റഷ്യൻ സൈന്യത്തിനെതിരെയുളള പ്രിഗോഷിന്റെ പ്രധാന പരാതി.

യുക്രൈനിലെ പ്രധാന നഗരമായ ബക്മൂതില്‍ കഴിഞ്ഞ മാസം നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ വാഗ്നര്‍ ഗ്രൂപ്പും റഷ്യന്‍ സൈന്യവും ഓന്നിച്ചായിരുന്നു പോരാടിയത്. എന്നാല്‍, ബക്മൂത് കയ്പിടിയില്‍ ഒതുക്കിയതോടെ റഷ്യ തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആരോപണം വാഗ്നര്‍ സം​ഘം ഉയർത്തി. മാത്രമല്ല, യുദ്ധം ഒന്നരവര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കും വാഗ്നര്‍ ഗ്രൂപ്പിന് വലിയ സെെനികനഷ്ടമുണ്ടായി. സൈന്യത്തില്‍ ആള്‍നാശമുണ്ടായെങ്കിലും ജയിലുകളില്‍നിന്നുള്ള തടവുപുള്ളികളുടെ റിക്രൂട്ട്‌മെന്റിന് കൂടെ തടസ്സമായതോടെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി.

വെള്ളിയാഴ്ച രാത്രിയോടെ ഇരുവിഭാഗവും തമ്മിലുള്ള അതൃപ്തി തുറന്ന പോരിലേക്കെത്തുകയായിരുന്നു. തന്റെ സംഘത്തിന്റെ സൈനികതാവളം റഷ്യൻ സേന ആക്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി പ്രിഗോഷിൻ രംഗത്ത് വന്നു. തന്റെ 25,000 ത്തോളം വരുന്ന സേനാംഗങ്ങളെയും കൊണ്ട് റഷ്യൻ ആഭ്യന്തര മന്ത്രാലയത്തിനെതിരെ തിരിയുമെന്നും അതൊരിക്കലും സൈനിക അട്ടിമറിയാകില്ലെന്നും പ്രിഗോഷിൻ പറഞ്ഞു. ​ഇതോടെ പ്രിഗോഷിൻ സായുധ വിമത നീക്കത്തിനാണ് പരസ്യമായി ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് റഷ്യൻ അധികൃതർ കുറ്റപ്പെടുത്തി.

റഷ്യയിലെ തെക്കുപടിഞ്ഞാറൻ നഗരമായ റൊസ്‌തോവ് ഒൻ ഡോണിന്റെ നിയന്ത്രണം ഏറ്റെടുത്ത വാഗ്നർപട മോസ്‌കോയിലേക്ക് ഇരച്ചുകയറുമെന്ന് ഭീഷണി മുഴക്കി. അത്രയും നാൾ പ്രിഗോഷിന്റെ പല വിമർശനങ്ങളും കണ്ടില്ലെന്ന് നടിച്ച വ്‌ളാഡിമർ പുടിൻ അന്ന് തിരിഞ്ഞടിച്ചു. ‘അവര്‍ രാജ്യത്തെയും രാ‍‍ജ്യത്തിനു വേണ്ടി പോരാടുന്ന റഷ്യന്‍ സൈനികരേയും പുറകില്‍ നിന്ന് കുത്താന്‍ തയ്യാറെടുക്കുന്നു. ഇതിനെതിരെ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു’- പുടിൻ പ്രഖ്യാപിച്ചു. 1999 ന് ശേഷം റഷ്യ കാണുന്ന ആദ്യ അട്ടിമറിയായിരുന്നു വാഗ്നർ കൂലിപ്പട കഴിഞ്ഞ ​​ദിവസം നടത്തിയത്.

പുടിന്റെ ജന്മദേശമായ സെയ്ന്റ് പീറ്റേഴ്‌സ്‌ബര്‍ഗാണ് പ്രിഗോഷിനിന്റെയും നാട്. 1979ലാണ് ആദ്യമായി ക്രിമിനല്‍ക്കുറ്റത്തിന് പ്രിഗോഷിൻ ശിക്ഷിക്കപ്പെടുന്നത്. അന്ന് വെറും18 വയസ്സായിരുന്നു. മോഷണക്കുറ്റത്തിന് രണ്ടുവര്‍ഷം തടവ്. കുറ്റക‍ൃത്യങ്ങൾ തുടർന്ന പ്രിഗോഷിൻ 13 വര്‍ഷത്തെ തടവിന് വീണ്ടും ശിക്ഷിക്കപ്പെട്ടു. ജയില്‍വാസത്തിനുശേഷം പുറത്തുവന്ന പ്രിഗോഷിൻ സെയ്ന്റ് പീറ്റേഴ്‌സ്‌ബര്‍ഗില്‍ ‘ഹോട്ട് ഡോഗ്’ വില്‍ക്കുന്ന ഒരു ഹോട്ടല്‍ശൃംഖല ആരംഭിച്ചു. നിയമവിരുദ്ധമാര്‍ഗങ്ങളിലൂടെയും അല്ലാതെയും ബിസിനസ് നടത്തി. 1990-കളില്‍ റഷ്യയിലുടനീളം ആഡംബരഭക്ഷണശാലകള്‍ പ്രിഗോഷിൻ തുറന്നു.

പ്രിഗോഷിന്റെ ഭക്ഷണശാലകളിൽ നിത്യസന്ദര്‍ശകനായിരുന്നു വ്‌ലാദിമിർ പുടിൻ. നെവാനദിയിലൂടെ സഞ്ചരിക്കുന്ന ‘ന്യൂ ഐലൻഡ്‌’ എന്നറിയപ്പെടുന്ന പ്രിഗോഷിന്റെ ഒഴുകുന്ന ആഡംബര റെസ്റ്റോറന്റായിരുന്നു പുടിന്റെ ഇഷ്ടസ്ഥലം. പ്രസിഡന്റായശേഷം ഇവിടെവെച്ചാണ് വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെയെത്തുന്ന അതിഥികളെ പുടിൻ സ്ഥിരമായി സത്കരിക്കാറുളളത്. 2000-ല്‍ ജപ്പാന്‍ മുൻപ്രധാനമന്ത്രി യോഷിറോ മോറിക്കൊപ്പം ഈ ആഡംബര റെസ്റ്റോറന്റിൽ എത്തിയപ്പോഴാണ് പുടിൻ പ്രിഗോഷിനെ ആദ്യമായി കാണുന്നത്. 2003-ലെ തന്റെ പിറന്നാളാഘോഷം ‘ന്യൂ ഐലൻഡിൽ’വെച്ച് സംഘടിപ്പിക്കാൻ പുടിൻ പ്രിഗോഷിനോട് ആവശ്യപ്പെട്ടത് ഇരുവരും തമ്മിലുള്ള അടുപ്പംകൂട്ടി.

തന്റെ ഖനികളുടെ സംരക്ഷണത്തിനായിരുന്നു ആദ്യം പ്രിഗോഷിൻ സംഘത്തെ രൂപീകരിച്ചത്. തന്റെ അനധികൃത ഖനനത്തെ മുന്നോട്ട് കൊണ്ടുപോവാനുള്ള സായുധ സംഘങ്ങളായിരുന്നു ആദ്യം. എന്നാല്‍ പുടിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് സംഘത്തെ വിപുലീകരിച്ചതെന്ന പരാമർശവുമുണ്ട്. ഇതോടെ യു.എസിന്റേതടക്കമുള്ള വിലക്കുകളും നേരിടുന്നുണ്ട്.

റഷ്യയില്‍ അട്ടിമറി നീക്കത്തില്‍ നിന്നും വാഗ്‌നര്‍ സേന പിന്‍മാറുന്നു...

ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥയിൽ നടന്ന ചർച്ചയിൽ റഷ്യയിൽ വിമത നീക്കം വാഗ്‌നർ സംഘം നിർത്തിവെച്ചു. മോസ്‌കോ ലക്ഷ്യമാക്കിയുള്ള നീക്കത്തിൽ നിന്ന് പിൻമാറുന്നുവെന്ന് വാഗ്‌നർ സംഘത്തലവൻ യെവ്ഗിനി പ്രിഗോഷിൻ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് വാഗ്നർ ഗ്രൂപ്പ് മോസ്‌കോ ലക്ഷ്യമിട്ടുള്ള നീക്കത്തിൽനിന്ന് പിന്തിരിഞ്ഞതെന്നാണ് വിവരം. റഷ്യയിൽ നടക്കുന്ന സംഭവവികാസങ്ങൾ ശനിയാഴ്ച രാവിലെ പുടിൻ ബെലാറൂസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടർന്നാണ് പ്രശ്‌നപരിഹാരത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നീക്കം സജീവമായത്. തന്റെ സൈന്യം ക്യാമ്പിലേക്ക് മടങ്ങി പോകുന്നുവെന്ന് പ്രിഗോഷിന്‍ അറിയിച്ചു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് വാഗ്നറിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിൻ പറഞ്ഞു.

Similar Posts