ഗസ്സയിൽ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ മൂന്നു ദിവസത്തെ ഭാഗിക വെടിനിർത്തലിന് സന്നദ്ധമെന്ന് ഇസ്രായേൽ
|ഗസ്സയിൽ ഫലസ്തീനികളെ നിരന്തരം ഒഴിപ്പിക്കുന്ന ഇസ്രായേലിനെതിരെ മുന്നറിയിപ്പുമായി യു.എൻ രക്ഷാസമിതി രംഗത്തെത്തി
തെല് അവിവ്: ഗസ്സയിൽ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ മൂന്നു ദിവസത്തെ ഭാഗിക വെടിനിർത്തലിന് സന്നദ്ധമെന്ന് ഇസ്രായേൽ. ഗസ്സയിൽ ഫലസ്തീനികളെ നിരന്തരം ഒഴിപ്പിക്കുന്ന ഇസ്രായേലിനെതിരെ മുന്നറിയിപ്പുമായി യു.എൻ രക്ഷാസമിതി രംഗത്തെത്തി.
ഗസ്സയിൽ ഞായറാഴ്ച മുതൽ കുഞ്ഞുങ്ങൾക്ക് പോളിയോ വാക്സിൻ നൽകുന്നതിന് താൽക്കാലിക വെടിനിർത്തൽ വേണമെന്ന യു.എൻ അഭ്യർഥന അംഗീകരിക്കുന്നതായി ഇസ്രായേൽ അറിയിച്ചു. എന്നാൽ പോളിയോ വാക്സിൻ നൽകുന്ന പ്രദേശങ്ങളിൽ മാത്രമായിരിക്കും ഭാഗിക വെടിനിർത്തലെന്നും ഇസ്രായേൽ വ്യക്തമാക്കി. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്താൻ നിശ്ചിത ദിവസത്തേക്ക് പൂർണ വെടിനിർത്തൽ വേണമെന്ന് യു.എൻ നിർദേശിച്ചു. ഗസ്സയിലുടനീളം വാക്സിൻ നൽകണമെങ്കിൽ ആക്രമണം നിർത്തണമെന്ന് യു.എൻ രക്ഷാ സമിതി യോഗം ആവശ്യപ്പെട്ടു.
നിരന്തരമായി ഗസ്സയിൽ നിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുന്ന ഇസ്രായേൽ നടപടിക്കെതിരെയും രക്ഷാസമിതി മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇതിനെ പിന്തുണച്ചു. വെസ്റ്റ് ബാങ്കിൽ തുടരുന്ന ഇസ്രായേൽ അതിക്രമവും യു.എൻ രക്ഷാസമിതി ചർച്ച ചെയ്തു. ഗസ്സക്കു പിന്നാലെ വെസ്റ്റ് ബാങ്കിലും ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് രക്ഷാസമിതിയിൽ ചൈന താക്കീത് നൽകി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തുൽക്റം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
ജെനിൻ, നബ്ലൂസ്, തുബാസ് നഗരങ്ങളിൽ സൈനിക നടപടി ഇന്നലെയും തുടർന്നു. ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു. വെസ്റ്റ് ബാങ്ക് ആക്രമണത്തെ യു.എൻ മനുഷ്യാവകാശ ഓഫീസ് അപലപിച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്ന് യൂറോപ്യൻ യൂനിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറൽ പറഞ്ഞു. പ്രകോപനപരമായ പ്രസ്താവന നടത്തുന്ന ഇസ്രായേൽ മന്ത്രിമാർക്കെതിരെ നടപടി വേണമെന്നും ബോറൽ ആവശ്യപ്പെട്ടു.