ഡിസീസ് എക്സ്; കോവിഡിനെക്കാള്‍ 20 മടങ്ങ് അപകടകാരി, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
|ഡിസീസ് എക്സ് മാനവരാശിയെ തന്നെ തുടച്ചുനീക്കാന്‍ പോന്നതാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്ന
ജനീവ: ഭാവിയിലെ ആഗോള മഹാമാരി എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന ഡിസീസ് എക്സിനെ നേരിടാന്‍ 'പാന്‍ഡെമിക് ഉടമ്പടിയില്‍' ഒപ്പുവയ്ക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. ഈ പൊതുശത്രുവിനെ അഭിമുഖീകരിക്കാന്‍ രാജ്യങ്ങള്‍ മേയ് മാസത്തോടെ ഒരു പാന്‍ഡെമിക് കരാറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്ള്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് ഗെബ്രിയേസസ് ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പറഞ്ഞു.
കോവിഡിനെക്കാള്‍ 20 മടങ്ങ് അപകടകാരിയായ ഡിസീസ് എക്സ് മാനവരാശിയെ തന്നെ തുടച്ചുനീക്കാന്‍ പോന്നതാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ''കോവിഡ് മഹാമാരിയുടെ സമയത്ത് നിരവധി ജീവനുകള്‍ നഷ്ടമായി. കാരണം നമുക്ക് ആ രോഗത്തെ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ല. അവരെ രക്ഷിക്കാമായിരുന്നു. പക്ഷെ അതിനുള്ള സാഹചര്യവും സൗകര്യവും ഉണ്ടായിരുന്നില്ല. ആവശ്യത്തിന് ഓക്സിജന്‍ ഇല്ലായിരുന്നു. അപ്പോൾ ആവശ്യം വരുമ്പോൾ വികസിപ്പിക്കാൻ കഴിയുന്ന ഒരു സംവിധാനം നിങ്ങൾക്ക് എങ്ങനെ ലഭിക്കും'' ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു. പാന്‍ഡെമിക് ഫണ്ട് സ്ഥാപിക്കാനും ദക്ഷിണാഫ്രിക്കയിൽ ഒരു 'ടെക്നോളജി ട്രാൻസ്ഫർ ഹബ്' സൃഷ്ടിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ ലോകാരോഗ്യ സംഘടന ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''വാക്സിന്‍ വിതരണത്തിലെ അസമത്വം അതൊരു ഗുരുതര പ്രശ്നമായിരുന്നു. സമ്പന്ന രാജ്യങ്ങള്‍ വാക്സിനുകള്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഈ അസമത്വം പരിഹരിക്കാന്‍ ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ mRNA ടെക്നോളജി ട്രാൻസ്ഫർ ഹബ് സ്ഥാപിച്ചു. പ്രാദേശിക തലത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കാനാണിത്'' ഗെബ്രിയേസസ് വിശദീകരിച്ചു.
എന്താണ് ഡിസീസ് എക്സ്?
ഡിസീസ് എക്സ് ഒരു പ്രത്യേക രോഗമല്ല. കോവിഡ് -19 നേക്കാൾ വിനാശകരമായ ഒരു പകർച്ചവ്യാധിക്ക് കാരണമാകുന്ന ഒന്നാണ് ഡിസീസ് എക്സ്.ഇത് ഒരു വൈറസോ, ഒരു ബാക്ടീരിയയോ, അല്ലെങ്കിൽ ചികിത്സയില്ലാത്ത ഒരു ഫംഗസോ ആകാം.എബോള,സിക വൈറസ് രോഗങ്ങളുടെ പട്ടികയിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022 നവംബറിലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ, ഗുരുതരമായ ഒരു അന്താരാഷ്ട്ര പകർച്ചവ്യാധിക്ക് കാരണമായേക്കാവുന്ന ഒരു അജ്ഞാത രോഗകാരിയെ സൂചിപ്പിക്കാൻ ഡിസീസ് എക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ആഗോളതലത്തില്‍ രോഗകാരികളുടെ എണ്ണം വളരെ വലുതാണ്. അതേസമയം രോഗ ഗവേഷണത്തിനും പരിഹാരത്തിനുമുള്ള വിഭവങ്ങൾ പരിമിതമാണ്.