World
മൊബൈല്‍ ഫോണ്‍ ബ്രെയ്ന്‍ കാന്‍സറിന് കാരണമാകുമോ ? ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം പുറത്ത്
World

മൊബൈല്‍ ഫോണ്‍ ബ്രെയ്ന്‍ കാന്‍സറിന് കാരണമാകുമോ ? ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം പുറത്ത്

Web Desk
|
5 Sep 2024 7:54 AM GMT

മൊബൈൽ ഉപയോഗം കുട്ടികളുടെ വളര്‍ച്ചയെയും സ്വഭാവത്തെയും സാരമായി ബാധിക്കുമെന്നും വിദഗ്ധർ

ജനീവ: അമിതമായ മൊബൈല്‍ഫോണ്‍ ഉപയോഗം മസ്തിഷ്‌ക സംബന്ധമായ കാന്‍സറുകള്‍ക്ക് കാരണമാകില്ലെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ പഠനറിപ്പോര്‍ട്ട്. വർഷങ്ങളായുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ഗ്ലിയോമ, ഉമിനീർ ഗ്രന്ഥി എന്നിവയിലെ കാൻസറുകൾക്ക് കാരണമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാന്‍സറും മൊബൈല്‍ ഫോണുകളും തമ്മില്‍ ബന്ധം ഉണ്ടെന്ന് തെളിയിക്കാൻ പറ്റുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും ഡബ്ല്യുഎച്ച്ഒയുടെ പഠനം വെളിപ്പെടുത്തുന്നു.

ഈ വിഷയത്തില്‍ അയ്യായിരത്തിലധികം പഠനങ്ങളാണ് ഓസ്‌ട്രേലിയന്‍ റേഡിയേഷന്‍ ആന്‍ഡ് ന്യൂക്ലിയാര്‍ സേഫ്റ്റി ഏജന്‍സി നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ സംഘം നിഗമനത്തിലെത്തിയത്. വയര്‍ലെസ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നും പുറപ്പെടുന്ന റേഡിയോ തരംഗങ്ങള്‍ കാന്‍സറിന് കാരണമാകുമെന്നായിരുന്നു വിശ്വാസം. ഇതുവളരെക്കാലമായി ലോകം വിശ്വസിച്ചിരുന്നുവെന്നും ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു. എന്നാൽ 2011 ല്‍ ലോകാരോഗ്യസംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ നടത്തിയ പഠനത്തില്‍ റേഡിയോ തരംഗങ്ങളും വൈദ്യുതകാന്തിക മണ്ഡലങ്ങളും കാന്‍സറിന് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.

ഈ പഠനം ചർച്ചയായതിന് പിന്നാലെയാണ് ഇതിനെതുടര്‍ന്ന് അമിതമായി മൊബൈല്‍ ഉപയോഗിച്ചിരുന്നതും അല്ലാത്തതുമായ കാന്‍സര്‍ രോഗികളുടെ കണക്കുകള്‍ കണ്ടെത്തി പരിശോധന നടത്തിയത്.പത്തോ അതിലധികമോ വര്‍ഷങ്ങളായുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓരോ കോളുകള്‍ക്കായി ചിലവിടുന്ന സമയം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ കണക്കുകളനുസരിച്ചാണ് പുതിയ നിഗമനത്തിലെത്തിയത്. മൊബൈല്‍ ഫോണുകളില്‍ നിന്നും പുറപ്പെടുന്നത് നോണ്‍ അയണൈസിംങ് റേഡിയോ സിഗ്നലുകളാണെന്നും ഇത്തരം സിഗ്നലുകള്‍ കാന്‍സറിന് കാരണമാകില്ലെന്നും ഡല്‍ഹി എയിംസിലെ കാന്‍സര്‍ രോഗവിദഗ്ധനായ ഡോക്ടര്‍ അഭിഷേക് ശങ്കര്‍ പറഞ്ഞു.

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം തലവേദനയ്ക്കും ഉത്ക്കണ്ഠക്കും കേള്‍വിക്കുറവിനും കാരണമായേക്കും. മൊബൈലില്‍ ഗെയിമുകള്‍ നിരന്തരമായി ഉപയോഗിക്കുന്നവരില്‍ അഡിക്ഷനുള്ള സാധ്യതയുണ്ട്. കാന്‍സര്‍ പ്രതിരോധ വാക്‌സിനുകള്‍ സ്വീകരിക്കുന്നതും മൊബൈല്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ സ്‌ക്രീനിങ് സമയം കുറക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍ ശങ്കര്‍ കൂട്ടിചേര്‍ത്തു. കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ രക്ഷിതാക്കള്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നല്ലതാണെന്ന് ഡല്‍ഹി സര്‍ഗംഗ റാം ആശുപത്രിയുടെ ചെയര്‍മാനും കാന്‍സര്‍രോഗ വിദഗ്ധനുമായ ഡോക്ടര്‍ ശ്യാം അഗര്‍വാളും അഭിപ്രായപ്പെട്ടു. കുട്ടികളുടെ ചെവികള്‍ക്കരികില്‍ നാല് മണിക്കൂറോ അതിലധികമോ മൊബൈല്‍ ഫോണ്‍ സമ്പര്‍ക്കത്തിലാകുന്നത് അവരുടെ വളര്‍ച്ചയെയും സ്വഭാവത്തെയും സാരമായി ബാധിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

Similar Posts