World
ഹിസ്ബുല്ലയെ നയിച്ച 32 വർഷം; ആരായിരുന്നു ഹസൻ നസ്റുല്ല?
World

ഹിസ്ബുല്ലയെ നയിച്ച 32 വർഷം; ആരായിരുന്നു ഹസൻ നസ്റുല്ല?

Web Desk
|
28 Sep 2024 1:00 PM GMT

ഹസൻ നസ്റുല്ല നേതൃസ്ഥാനത്ത് എത്തിയതോടെയാണ് 2000ൽ തെക്കൻ ലബനാനിൽനിന്ന് ഇസ്രായേലിന് തോറ്റ് പിൻവാങ്ങേണ്ടി വന്നത്

ഇസ്രായേലിനെ എന്നും അസ്വസ്ഥപ്പെടുത്തിയ നേതാവായിരുന്നു ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്റുല്ല. ഹിസ്ബുല്ലയുടേത് മാത്രമല്ല, ഇസ്രായേലിനെതിരെ പോരാടുന്ന ​വിവിധ പ്രതിരോധ സംഘങ്ങളുടെ നേതാവ് കൂടിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. 32 വർഷമാണ് ഹസൻ നസ്റുല്ല ഹിസ്ബുല്ലയെന്ന രാഷ്ട്രീയ-സായുധ പ്രസ്ഥാനത്തെ നയിച്ചത്. പ്രദേശിക സായുധ സേനയിൽനിന്ന് ലബനാനിലെ തന്നെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായി ഈ കാലയളവിൽ ഹിസ്ബുല്ല വളർന്നു. കൂടാതെ മിഡിൽ ഈസ്റ്റിലെ പ്രബല സായുധ വിഭാഗമായി മാറുകയും ചെയ്തു. 2021 ഒക്ടോബറിൽ ഹിസ്ബുല്ലക്ക് ഒരു ലക്ഷം പോരാളികളുണ്ടെന്ന് ഹസൻ നസ്റുല്ല പ്രഖ്യാപിക്കുകയുണ്ടായി.

അറബ് രാജ്യങ്ങൾക്കിടയിൽ ഇസ്രായേലിന് തോറ്റ് പിൻമാറേണ്ടി വന്നതും ഹിസ്ബുല്ലയോട് മാത്രമാണ്. നിരവധി തവണ നസ്റുല്ലയെ വധിക്കാൻ ഇസ്രായേൽ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഒടു​വിൽ സെപ്റ്റംബർ 27ലെ ആക്രമണത്തിൽനിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാനായില്ല. 1995ൽ ഇദ്ദേഹത്തെ അമേരിക്ക അന്താരാഷ്ട്ര തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇദ്ദേഹത്തെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ദശലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്തിരുന്നത്.

തുടക്കം അമലിൽനിന്ന്

1960ൽ കിഴക്കൻ ലബനാനിലെ കരാന്റിനയിലെ ഷർഷാബുക്കിലെ ദരിദ്ര ഷിയാ കുടുംബത്തിലാണ് നസ്റുല്ലയുടെ ജനനം. ലബനാൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളി​ലെ ഷിയാ മുസ്‍ലിം കേന്ദ്രങ്ങളിലായിരുന്നു പഠനം. സ്കൂൾ പഠനകാലത്ത് തന്നെ ലബനാനിലെ രാഷ്ട്രീയ പ്രസ്ഥാനമായ അമലിന്റെ ഭാഗമായി. 1979ൽ ഇതിന്റെ പോളിറ്റ് ബ്യൂറോ അംഗമായി ഉയർന്നു.

എന്നാൽ, ഇസ്രായേലിന്റെ അധിനിവേശത്തെ എങ്ങനെ ചെറുക്കണമെന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തെ തുടർന്ന് നസ്റുല്ലയും കൂട്ടാളികളും അമലിൽനിന്ന് രാജിവെച്ച് പുതുതായി രൂപീകരിച്ച ഹിസ്ബുല്ലയിൽ ചേർന്നു. ആദ്യഘട്ടത്തിൽ ബേക്കാ താഴ്വരയിൽ പോരാളികളെ വിന്യസിപ്പിക്കുന്നതിന്റെ ചുമതലയായിരുന്നു ​നസ്റുല്ലക്ക്. 1985ൽ അദ്ദേഹം പ്രവർത്തനം ബെയ്റൂത്തിലേക്ക് മാറ്റി. ഇതോടെ മേഖലയുടെ ഡെപ്യൂട്ടി തലവനായി ചുമതലയേറ്റു. പിന്നീട് കൂടിയാലോചനാ സമിതിയുടെ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ചീഫ് എക്സിക്യൂട്ടിവിന്റെ സ്ഥാനവും ഇദ്ദേഹത്തെ തേടിയെത്തി.

1992 ഫെബ്രുവരി 16നാണ് ഹിസ്ബുല്ല സെക്രട്ടറി ജനറൽ സ്ഥാനത്ത് എത്തുന്നത്. സംഘടനയുടെ തലവനായിരുന്ന അബ്ബാസ് അൽ മുസാവിയും കുടുംബവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് നസ്റുല്ല തലപ്പത്തേക്ക് വരുന്നത്. ‘ഞങ്ങൾ രക്തസാക്ഷികളായാലും ഞങ്ങളുടെ തലക്ക് മീതെ വീടുകൾ തകർത്താലും ഈ പാതയിൽ തുടരും. ഇസ്‍ലാമിക പ്രതിരോധ മാർഗം ഞങ്ങൾ ​ഉപേക്ഷിക്കില്ല’ -എന്നായിരുന്നു അബ്ബാസ് അൽ മുസാവിയുടെ മരണാനന്തര ചടങ്ങിൽ അദ്ദേഹം പ്രഖ്യാപിച്ചത്. ഈ വാക്കുകളെ അന്വർത്ഥമാക്കും വിധമായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.

നസ്റുല്ല നേതൃസ്ഥാനത്ത് എത്തിയതോടെ ഇസ്രായേലിനെതിരെ തന്ത്രപ്രധാനമായ ദൗത്യങ്ങളുടെ പരമ്പര തന്നെയാണ് ഹിസുബല്ല നടത്തിയത്. ഇതിന്റെ ഫലമായി 22 വർഷത്തെ അധിനിവേശത്തിന് ശേഷം 2000ൽ തെക്കൻ ലബനാനിൽനിന്ന് ഇസ്രായേലി സൈന്യത്തിന് തോറ്റ് പിൻവാങ്ങേണ്ടി വന്നു. 2004ൽ ഇസ്രായേലുമായി തടവുകാരെ കൈമാറ്റം ചെയ്യുന്നതിലും ഇദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. ഇതിന്റെ ഫലമായി നൂറുകണക്കിന് ലബനീസ്, അറബ് തടുവകാരെയാണ് ഇസ്രായേൽ വിട്ടയച്ചത്.

ഹസൻ നസ്റുല്ലയുടെ കാലഘട്ടത്തിൽ തന്നെയാണ് ദീർഘദൂര റോക്കറ്റുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഹിസ്ബുല്ല സ്വന്തമാക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ഇസ്രായേലിലെ മൊസാദിന്റെ ആസ്ഥാനത്ത് വരെ ഹിസ്ബുല്ല ആക്രമണം നടത്തുകയുണ്ടായി. ഇസ്രായേലിന്റെ സ്വയം പ്രതിരോധ സംവിധാനമായ അയേൺ ഡോമിനെ പോലും തകർക്കാനുള്ള മിസൈലുകൾ ഹിസ്ബുല്ലയുടെ കൈവശമുണ്ട്.

നസ്റുല്ലയുടെ പ്രസംഗങ്ങൾക്ക് കാതോർക്കുന്ന ലബനാനുകാർ

മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തനായ ഷിയാ നേതാവ് കൂടിയാണ് ഹസൻ നസ്റുല്ല. തീക്ഷ്ണമായ പ്രസംഗങ്ങളും ഇസ്രായേലിനെതിരായ നിലപാടുകളും ഇദ്ദേഹത്തിന് അറബ്, ഇസ്‍ലാമിക ലോകത്ത് വൻ ജനപ്രീതിയാണ് നേടിക്കൊടുത്തത്. ഹസൻ നസ്റുല്ലയുടെ ഓരോ പ്രസംഗങ്ങൾക്കായും ആയിരങ്ങളാണ് കാതോർത്തിരുന്നത്. ലബനാനിനും മിഡിൽ ഈസ്റ്റിനും പുറ​ത്തേക്ക് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെത്തി. എതിരാളികൾ വരെ അദ്ദേഹത്തിന്റെ ​പ്രസംഗത്തിനായി കാതോർക്കാറുണ്ടായിരുന്നു.

അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്കൊപ്പം എന്നും നിലനിന്ന നേതാവ് കൂടിയായിരുന്നു ഹസൻ നസ്റുല്ല. 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണശേഷം ഹിസ്ബുല്ലയും നിരന്തരം ഇസ്രായേലിന് നേരെ ആക്രമണം നടത്തുന്നുണ്ടായിരുന്നു.

ലബനാനിലെ ​പ്രധാന രാഷ്ട്രീയ പാർട്ടിയായി ഹിസ്ബുല്ലയെ മാറ്റുന്നതിലും നസ്റുല്ലയുടെ പങ്ക് ചെറുതല്ല. അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹിസ്ബുല്ല സ്ഥാനാർഥികളെ നിർത്തുകയുണ്ടായി. 12 സീറ്റാണ് അന്ന് ഹിസ്ബുല്ലക്ക് ലഭിച്ചത്. ഇതിന് ശേഷമുള്ള എല്ലാ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഹിസ്ബുല്ല നിർണായക ശക്തിയാകാറുണ്ട്. 2018ലെ പാർലമെന്ററി തെരഞ്ഞെടുപ്പിൽ 3.40 ലക്ഷം മുൻഗണനാ വോട്ടുകളാണ് ഹിസ്ബുല്ല നേടിയത്. ലബനാന്റെ സ്വാതന്ത്ര്യത്തിന് ശേഷം ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ വോട്ടാണിത്.

നിരവധി തവണ ഇസ്രായേലിന്റെ വധശ്രമം ഉണ്ടായതിനാൽ ഹസൻ നസ്റുല്ല ഏറെക്കാലമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. ഫാത്തിമ യാസീനാണ് ഭാര്യ. ഹാദി, സൈനബ്, മുഹമ്മദ് ജവാദ്, മുഹമ്മദ് മഹ്ദി, മുഹമ്മദ് അലി എന്നിവരാണ് മക്കൾ. 1997ൽ ഇസ്രായേൽ ആക്രമണത്തിൽ ഹാദി കൊല്ലപ്പെട്ടിരുന്നു.

Similar Posts