World
Who was Nahel, whose death sparked France Protests?, Why Nahel, 17-year-old shot by French police in Nanterre, Nahel murder in france, Nahel
World

'പൊലീസിനെ ചൊടിപ്പിച്ചത് അവന്‍റെ അറബ് മുഖം'; പ്രതിഷേധത്തീയായി നാഹിൽ

Web Desk
|
1 July 2023 2:17 PM GMT

മാതാവ് മൗനിയയുടെ നെറ്റിയിലൊരു ചുംബനം നൽകിയാണ് നാഹിൽ രാവിലെ വീട്ടിൽനിന്ന് ഇറങ്ങുന്നത്. എന്നാൽ, ഒൻപതു മണിയോടെ മകന്റെ ഞെട്ടിക്കുന്ന മരണവാർത്തയാണ് അവർക്ക് കേൾക്കേണ്ടിവന്നത്

പാരിസ്: പൊലീസിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട നാഹിൽ എന്ന 17കാരൻ ഫ്രാൻസിന്റെ പുതിയ നോവായി മാറിയിരിക്കുകയാണ്. ഫ്രഞ്ച് നഗരങ്ങളിൽ പൊലീസിന്റെ വംശീയതയ്‌ക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഫ്രാൻസിനെ പിടിച്ചുകുലുക്കുന്ന പ്രതിഷേധത്തിനു പിന്നിലെ യഥാർത്ഥ കാരണവും ഈ കലാപത്തിനു കാരണക്കാരനായ നാഹിൽ എന്ന കൗമാരക്കാരനെയും കുറിച്ച് അറിയാം.

കഴിഞ്ഞ ജൂൺ 27ന് പാരിസ് പ്രാന്തപ്രദേശമായ നാന്റേറിൽ പട്ടാപ്പകലാണ് 17കാരനായ നാഹിൽ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. രാവിലെ ട്രാഫിക് പൊലീസിന്റെ പരിശോധനയ്ക്കിടെ നിർത്താതെ പോയെന്ന് കാണിച്ചാണ് പൊലീസ് വെടിവച്ചത്. നഗരത്തിൽ ടേക്ക്എവേ ഡെലിവറി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു 17കാരൻ.

പോയിന്റ് ബ്ലാങ്കിൽ നെഞ്ചിലാണ് പൊലീസ് നിറയൊഴിച്ചത്. ലൈസൻസ് ഇല്ലാത്തതിനാൽ പൊലീസ് പരിശോധനയിൽനിന്ന് രക്ഷപ്പെടാനായിരുന്നു നാഹിൽ വേഗത്തിൽ ഓടിച്ചത്. എന്നാൽ, പൊലീസ് പിടികൂടി ഒട്ടും താമസിക്കാതെ വെടിവയ്ക്കുകയായിരുന്നു.

അൾജീരിയൻ വംശജനാണ് നാഹിൽ. മാതാവ് മൗനിയയുടെ ഏക മകൻ. കുടുംബത്തിലെ ദാരിദ്ര്യം കാരണം ജോലിയും പഠനവും ഒന്നിച്ചാണ് കൊണ്ടുപോയിരുന്നത്. പലപ്പോഴും കോളജിലെ ഹാജറും കുറവായിരുന്നുവെന്ന് 'ബി.ബി.സി' റിപ്പോർട്ട് ചെയ്യുന്നു.

മൗനിയയുടെ നെറ്റിയിലൊരു ചുംബനം കൊടുത്താണ് നാഹിൽ രാവിലെ വീട്ടിൽനിന്ന് ഇറങ്ങുന്നത്. എന്നാൽ, രാവിലെ ഒൻപതു മണിയോടെ മകന്റെ ഞെട്ടിക്കുന്ന മരണവാർത്തയാണ് അവർക്ക് കേൾക്കേണ്ടിവന്നത്. ഏക മകനെ നഷ്ടപ്പെട്ട വേദനയിലാണിപ്പോൾ അവർ. 'എന്റെ ജീവിതമായിരുന്നു അവൻ; എന്റെ പ്രിയപ്പെട്ട സുഹൃത്തും. ഇനി ഞാനെന്ത് ചെയ്യും?'-മരണവാർത്ത കേട്ട് മൗനിയ പ്രതികരിച്ചു.

പൊലീസിന്റെ നടപടിക്കു പിന്നിൽ വംശീയതയാണെന്ന് മൗനിയ പറയുന്നു. അവന്റെ 'അറബ് മുഖമാ'ണ് അവരെ ചൊടിപ്പിച്ചത്. ആ കൊച്ചുകുട്ടിയുടെ അറബ് മുഖമാണ് പൊലീസ് കണ്ടത്. അതുകാരണമാണ് അവർ അവന്റെ വകവരുത്തിയതെന്നും മൗനിയ ആരോപിച്ചു.

മികച്ചൊരു റഗ്ബി താരം കൂടിയായിരുന്നു നാഹിൽ. കഴിഞ്ഞ മൂന്നു വർഷമായി നഗരത്തിലെ പ്രധാന റഗ്ബി ക്ലബുകളിലൊന്നായ 'പിറേറ്റ്‌സ് ഓഫ് നാന്റിറി'ലെ സജീവാംഗം. ലോകമറിയുന്ന റഗ്ബി താരമായി മാറണമെന്ന നാഹിലിന്റെ സ്വപ്‌നങ്ങൾകൂടിയാണിപ്പോൾ ഫ്രഞ്ച് പൊലീസിന്റെ കാഞ്ചിക്കിരയായി പൊലിഞ്ഞിരിക്കുന്നത്.

Summary: Who was Nahel, 17-year-old shot by French police in Nanterre, whose death sparked France Protests?

Similar Posts