കിടപ്പുരോഗിയായ ഭർത്താവിനെ നാലുവർഷം പട്ടിണിക്കിട്ടു, നരകജീവിതം; ഭാര്യയും ജോലിക്കാരനും അറസ്റ്റിൽ
|പലപ്പോഴും സ്വന്തം മൂത്രത്തിലും വിസർജ്യത്തിലുമാണ് ദിവസങ്ങളോളം കിടന്നിരുന്നത്. ജോലിക്കാരനായ ജോർജുമായി സാറ അടുപ്പത്തിലായതോടെയാണ് ടോമിന്റെ കഷ്ടകാലം തുടങ്ങിയത്
കിടപ്പുരോഗിയായ ഭർത്താവിനെ വർഷങ്ങളോളം പട്ടിണിക്കിട്ട ഭാര്യയും ജോലിക്കാരനും 11 വർഷം തടവുശിക്ഷ. യുകെയിലാണ് സംഭവം. സാറാ, ജോലിക്കാരനായ ജോർജ്ജ് വെബ്ബ് എന്നിവരാണ് അറസ്റ്റിലായത്. 2016 മുതൽ 2020 വരെ നരകജീവിതമാണ് ടോം സോമർസെറ്റ്-ഹൗ നയിച്ചിരുന്നത്.
സെറിബ്രൽ പാൾസി ബാധിച്ച് കിടപ്പിലായിരുന്നു ടോം സോമർസെറ്റ്-ഹൗ. ഇതിനിടെ ജോലിക്കാരനായ ജോർജുമായി സാറ അടുപ്പത്തിലായി. ഇതോടെയാണ് ടോമിന്റെ കഷ്ടകാലം തുടങ്ങിയത്. ജോലിക്കാരൻ ശാരീരികമായി ഉപദ്രവിക്കുന്നത് കൂടാതെ കഴിക്കാൻ ഭക്ഷണം പോലും ടോമിനു നൽകിയിരുന്നില്ല. ജീവൻ നിലനിർത്താൻ മാത്രം ആവശ്യമായ ഭക്ഷണം മാത്രമാണ് വല്ലപ്പോഴും നൽകിയിരുന്നത്.
ഇരുവരും ചേർന്ന് നിരന്തരം ദ്രോഹിക്കുകയും ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ടോം പറയുന്നു. ഭാര്യയും ജോലിക്കാരനും ചേർന്ന് തന്നെ വഞ്ചിച്ചെന്നും അവർക്കൊരു അഞ്ചുവർഷത്തെ പദ്ധതി ഉണ്ടായിരുന്നുവെന്നും ടോം കോടതിയിൽ പറഞ്ഞു.
വഞ്ചന ഏറെക്കാലം സഹിക്കാൻ സാധ്യമായിരുന്നില്ല. തന്നെ ജീവനോടെ നിലനിർത്തേണ്ടത് അവർക്ക് ആവശ്യമായിരുന്നു എന്നാണ് തോന്നിയത്. ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും തോന്നിയിരുന്നു. ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന ഒരാളെ പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ. തന്റെ കുടുംബവുമായി പോലും അവർ തന്നെ അകറ്റിയെന്ന് ടോം പറയുന്നു. എല്ലാ സത്യങ്ങളും വിളിച്ചുപറയുമെന്ന് കരുതി തന്റെ അമ്മയെ വിളിക്കാൻ പോലും അവർ അനുവദിച്ചിരുന്നില്ല.
നിലവിൽ ഒരു കെയർ ഹൗസിലാണ് ടോമിന്റെ താമസം. കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ചികിത്സയ്ക്കിടെ താൻ അനുഭവിച്ച പീഡനങ്ങളും അദ്ദേഹം കോടതിയിൽ വിശദീകരിച്ചു. അലറിക്കരയുകയായിരുന്നു താൻ. കരഞ്ഞ് ശബ്ദം പോലും നഷ്ടപ്പെടാൻ ഇടയായി. പലപ്പോഴും സ്വന്തം മൂത്രത്തിലും വിസർജ്യത്തിലുമാണ് ദിവസങ്ങളോളം കിടന്നിരുന്നത്. വൃത്തിയാക്കാൻ പോലും അവർ തയ്യാറായില്ല. ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
ജഡ്ജി വില്യം ആഷ്‌വർത്ത് ടോമിന്റെ ധൈര്യത്തെ അഭിനന്ദിച്ചു. ടോമിന് ഗുരുതരമായ മാനസിക ആഘാതമുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് പരമാവധി ശിക്ഷയാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.