'അമേരിക്ക അഭിമാനിയാണ്, ശത്രുക്കൾക്കുള്ള സഹായങ്ങൾ വെട്ടിക്കുറക്കും'; പാകിസ്താനും ചൈനക്കും മുന്നറിയിപ്പുമായി നിക്കി ഹേലി
|''മോശം ആളുകളെ സഹായിക്കുന്ന രാജ്യമല്ല അമേരിക്ക, ഇവിടെയുള്ള ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം പാഴാക്കില്ല''
അധികാരത്തിയാൽ അമേരിക്കയെ വെറുക്കുന്ന രാജ്യങ്ങൾക്കുള്ള വിദേശ സഹായം വെട്ടിക്കുറക്കുമെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി. ഇതിൽ ചൈനയും പാകിസ്താനും മറ്റു എതിരാളികളും ഉൾപ്പെടുമെന്ന് നിക്കിഹേലി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
'നമ്മളെ വെറുക്കുന്ന രാജ്യങ്ങൾക്കുള്ള വിദേശ സഹായം ഞാൻ വെട്ടിക്കുറക്കും. അമേരിക്ക മോശം ആളുകളെ സഹായിക്കുന്ന രാജ്യമല്ല, അഭിമാനിയാണ്. ഇവിടെയുള്ള ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം വെറുതെ പാഴാക്കില്ല'
കഴിഞ്ഞ വർഷം അമേരിക്ക വിദേശ സഹായത്തിനായി ചെലവഴിച്ചത് 46 ബില്യൺ ഡോളറാണെന്നാണ് ഹേലിയുടെ അഭിപ്രായം. ഇത് മറ്റുള്ള രാജ്യങ്ങളേക്കാളും കൂടുതലാണ്. ആ പണം എവിടേക്കാണ് പോയതെന്നും എന്താണ് ചെയ്തതെന്നും അറിയാൻ നൽകുന്നവർക്ക് അവകാശമുണ്ട്. ഫണ്ട് നൽകുന്നത് കൂടുതലും അമേക്കൻ വിരുദ്ധ രാജ്യങ്ങൾക്കാണ് എന്നത് ഞെട്ടലുണ്ടാക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
ആരാണ് നിക്കി ഹേലി?
റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഇന്തോ- അമേരിക്കൻ വനിതയാണ് ഹേലി. 2004 ൽ സൗത്ത് കാരലിന സ്റ്റേറ്റ് ഹൌസിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചുകയറിയാണ് ഹേലി രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 30 വർഷം തുടർച്ചയായി വിജയിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഹേലിയുടെ കടന്നുവരവ്. 2010 ൽ അമേരിക്കയിലെ ആദ്യത്തെ ന്യൂനപക്ഷ വനിതാ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2016ലാണ് ഡൊണാൾഡ് ട്രംപ് ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ അംബാസഡറായി ഹേലിയെ നിയമിക്കുന്നത്.
1972ൽ സൗത്ത് കാരൊലൈനയിലെ ബാംബർഗിലായിരുന്നു നിക്കി ഹേലിയുടെ ജനനം. നിക്കിയുടെ മാതാപിതാക്കൾ പഞ്ചാബിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. അച്ഛൻ വൂഹ്സ് കോളജിലെ പ്രൊഫസറായിരുന്നു. അമ്മ വസ്ത്ര വ്യാപാരിയായിരുന്നു. ക്ലെംസർ സർവകലാശാലയിലായിരുന്നു നിക്കിയുടെ പഠനം. 2014 നവംബർ അഞ്ചിനാണ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്.