‘ഫലസ്തീനികളുടെ ഓർമകളിൽ അനശ്വരനായി തുടരും’; അമേരിക്കൻ സൈനികന്റെ മരണത്തിൽ അനുശോചിച്ച് ഹമാസ്
|മാനുഷിക മൂല്യങ്ങളുടെയും അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയുടെയും സംരക്ഷകനായ ആരോൺ ബുഷ്നെൽ, തന്റെ പേര് അനശ്വരമാക്കിയെന്ന് ഹമാസ്
വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി മരിച്ച അമേരിക്കൻ സൈനികൻ ആരോൺ ബുഷ്നെലിന് അനുശോചനമറിയിച്ച് ഹമാസ്. വീരനായ പൈലറ്റ് ആരോൺ ബുഷ്നെൽ ഫലസ്തീൻ ജനതയുടെയും ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളുടെയും ഓർമയിൽ അനശ്വരനായി തുടരും.
നമ്മുടെ ജനങ്ങളോടും അവരുടെ ന്യായമായ ലക്ഷ്യത്തോടുമുള്ള ആഗോള മാനുഷിക ഐക്യദാർഢ്യത്തിൻ്റെ പ്രതീകമാണ് അദ്ദേഹം. മാനുഷിക മൂല്യങ്ങളുടെയും അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയുടെയും സംരക്ഷകനായ ആരോൺ ബുഷ്നെൽ തന്റെ പേര് അനശ്വരമാക്കിയെന്നും ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ മരണത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് പൂർണ ഉത്തരവാദി. ആസൂത്രിത വംശഹത്യക്ക് കൂട്ടുനിൽക്കുന്ന അമേരിക്കയുടെ നയത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നതിന്റെ തെളിവാണിതെന്നും ഹമാസ് പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യയിൽ പ്രതിഷേധിച്ചാണ് യു.എസ് വ്യോമസേന ഉദ്യോഗസ്ഥൻ ആരോൺ ബുഷ്നെൽ (25) കഴിഞ്ഞദിവസം ഇസ്രായേലി എംബസിക്ക് മുന്നിൽ സൈനിക യൂനിഫോമിലെത്തി ആത്മഹത്യ ചെയ്തത്.
‘ഞാൻ ഇനി വംശഹത്യയിൽ പങ്കാളിയാകില്ല. ഞാൻ അങ്ങേയറ്റം തീവ്രമായ പ്രതിഷേധത്തിൽ ഏർപ്പെടാൻ പോവുകയാണ്. അതേസമയം, ഫലസ്തീനികൾ ഇസ്രായേൽ അധിനിവേശത്തിൽനിന്ന് അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്യുമ്പോൾ എന്റേത് ഒട്ടും തീവ്രമല്ല’ -എന്ന് ബുഷ്നെൽ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ‘ഫലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന് ആവർത്തിച്ച് പറഞ്ഞാണ് അദ്ദേഹം തീകൊളുത്തിയത്.