നെയിൽപോളിഷ് റിമൂവറും ബാറ്ററിയും കഴിപ്പിച്ച് കാമുകന്റെ കുഞ്ഞിനെ കൊന്നു; 20കാരി അറസ്റ്റിൽ
|ബട്ടൺ ഷേപ്പിലുള്ള ബാറ്ററികളും സ്‌ക്രൂവുകളുമടക്കം നിരവധി സാധനങ്ങളാണ് കുഞ്ഞിന്റെ വയറ്റിലുണ്ടായിരുന്നത്
ഹാരിസ്ബർഗ്: കാമുകന്റെ ഒന്നരവയസ്സുള്ള കുഞ്ഞിനെ കൊന്ന 20കാരി അറസ്റ്റിൽ. യുഎസിലെ പെനിസൽവേനിയ സ്വദേശിനിയായ അലീസ്യ ഒവെൻസ് ആണ് അറസ്റ്റിലായത്. നെയിൽപോളിഷ് റിമൂവറും ബാറ്ററിയും കഴിപ്പിച്ച് അലീസ്യ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. അലീസ്യയുടെ കാമുകൻ ബെയ്‌ലി ജേക്കബിന്റെ കുട്ടിയായിരുന്നു ഒന്നരവയസ്സുള്ള ഐറിസ്. കുട്ടിയുടെ അമ്മയ്ക്കാണ് കുഞ്ഞിന്റെ കസ്റ്റഡിയെങ്കിലും ആഴ്ചയിലൊരു ദിവസം കുഞ്ഞിനൊപ്പം ചെലവഴിക്കാൻ ബെയ്‌ലിക്കനുവാദമുണ്ടായിരുന്നു. ഇങ്ങനെ കുഞ്ഞ് ബെയ്‌ലിക്കൊപ്പമുണ്ടായിരുന്ന ദിവസമാണ് അലീസ്യ ക്രൂരകൃത്യം ചെയ്തത്.
സാധനം വാങ്ങാൻ ബെയ്‌ലി കടയിലേക്ക് പോയ തക്കം നോക്കി അലീസ്യ കുഞ്ഞിന് ചെറിയ ബാറ്ററികളും സ്‌ക്രൂകളും നൽകുകയും കുഞ്ഞ് അസ്വസ്ഥയാവുകയും ചെയ്യുകയായിരുന്നു. കുഞ്ഞ് വെപ്രാളപ്പെടുന്നത് കണ്ടിട്ടും ആശുപത്രിയിലെത്തിക്കാൻ പോലും അലീസ്യ തയ്യാറായില്ല. സാധനം വാങ്ങാൻ പോയ ബെയ്‌ലിയെ വിളിച്ചു വരുത്തിയാണ് ഇവർ കുഞ്ഞിനെ ആശുപത്രിയിലാക്കിയത്. തുടർന്ന് നാല് ദിവസം നീണ്ട ആശുപത്രിവാസത്തിനൊടുവിൽ കുഞ്ഞ് മരണത്തിന് കീഴടങ്ങി.
പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിന്റെ ശരീരത്തിൽ അസറ്റോണിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ചൂണ്ടിക്കാട്ടി. മുത്തുകളും ബട്ടൺ ഷേപ്പിലുള്ള ബാറ്ററികളും സ്‌ക്രൂവുകളുമടക്കം നിരവധി സാധനങ്ങളാണ് കുഞ്ഞിന്റെ വയറ്റിലുണ്ടായിരുന്നത്. ഒറ്റദിവസം കൊണ്ട് ഇവ കുഞ്ഞിന്റെ വയറ്റിലെത്തുക അസാധ്യമായതിനാൽ ഇവയെല്ലാം പലപ്പോഴായി അലീസ്യ കുഞ്ഞിന് നൽകിയതാവാമെന്ന നിഗമനത്തിലാണ് പൊലീസ്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് വന്നതിന് പിന്നാലെ അലീസ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുഞ്ഞിനെ താൻ അടിച്ചിരുന്നതായി സമ്മതിച്ച അലീസ്യ മറ്റ് കാര്യങ്ങളൊന്നും സമ്മതിച്ചിരുന്നില്ല. എന്നാൽ 2023 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയം കുഞ്ഞിനെ കൊല്ലുന്നതിനുള്ള മാർഗങ്ങൾ അലീസ്യ ഫോണിൽ തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. കുട്ടികൾക്ക് ഹാനികരമാകുന്ന സൗന്ദര്യവർധക വസ്തുക്കളും പെട്ടെന്ന് മരണം സംഭവിക്കുന്ന വിഷവസ്തുക്കളുമായിരുന്നു അലീസ്യ ഫോണിൽ തിരഞ്ഞിരുന്നത്. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു