സിംഗപ്പൂര്‍ യുവതിക്ക് ലോട്ടറിയടിച്ചു; ടിക്കറ്റുമായി സുഹൃത്ത് മുങ്ങി
|സിംഗപ്പൂർ എസ്ജിയിലെ ജോബ്സ് എന്ന സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജനുവരി 16നാണ് തനിക്ക് 4ഡി ലോട്ടറി ലഭിച്ചതായി യുവതി വെളിപ്പെടുത്തുന്നത്
സിംഗപ്പൂര്‍ സിറ്റി: ഭാഗ്യദേവത തന്നെ തേടി വന്നപ്പോള്‍ ആ ടിക്കറ്റുമായി ഉറ്റ സുഹൃത്ത് മുങ്ങിയ അവസ്ഥയാണ് സിംഗപ്പൂരിലെ ഒരു യുവതിക്ക് നേരിടേണ്ടി വന്നത്. രണ്ട് ലക്ഷം സിംഗപ്പൂര്‍ ഡോളറാണ് (12,538,730.19 രൂപ) ലോട്ടറി അടിച്ചത്.
സിംഗപ്പൂർ എസ്ജിയിലെ ജോബ്സ് എന്ന സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജനുവരി 16നാണ് തനിക്ക് 4ഡി ലോട്ടറി ലഭിച്ചതായി യുവതി വെളിപ്പെടുത്തുന്നത്. എന്നാല്‍ ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ ഏല്പിച്ച സുഹൃത്ത് സമ്മാനം അടിച്ച വിവരം അറിഞ്ഞതോടെ ടിക്കറ്റുമായി മുങ്ങി. ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ മറ്റൊരാളോട് ആവശ്യപ്പെടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവർ ഫേസ്ബുക്ക് ഗ്രൂപ്പിന് മുന്നറിയിപ്പ് നൽകി. സാധാരണ താനാണ് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാറുള്ളതെന്നും എന്നാല്‍ സമ്മാനം നേടിയ ദിവസം അതിനു സാധിച്ചില്ലെന്നുമാണ് യുവതി പറയുന്നത്. പ്രതിമാസം $2,000 സിംഗപ്പൂർ ഡോളറിൽ താഴെ (ഏകദേശം $1,500) സമ്പാദിക്കുന്ന അവിവാഹിതയായ സ്ത്രീയാണ് താനെന്ന് അവർ കുറിച്ചു.
ലോട്ടറി അടിച്ച കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും തുക വീതം വയ്ക്കാമെന്നും അവരെ ഡിന്നറിന് കൊണ്ടുപോകാമെന്ന് വാക്കു കൊടുത്തിരുന്നതായും യുവതി വിശദീകരിച്ചു. സുഹൃത്തുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും ബ്ലോക്ക് ചെയ്തുകൊണ്ടാണ് അവള് മുങ്ങിയതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. തന്റെ ടിക്കറ്റ് വീണ്ടെടുക്കുന്നതിനായ പൊലീസിനു സമീപിക്കുന്നതിനു മുന്‍പ് ടെക്സ്റ്റ് സംഭാഷണങ്ങളും ഇടപാടുകളും ടിക്കറ്റിന്റെ ചിത്രവും ഉൾപ്പെടെയുള്ള തെളിവുകൾ യുവതി ശേഖരിച്ചിരുന്നു. എന്നാലിത് സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്നമാണിതെന്നും അവരെ സഹായിക്കാനാകില്ലെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവതി സിംഗപ്പൂർ പൂൾസുമായി ബന്ധപ്പെട്ടു. എന്നാൽ ലോട്ടറി ടിക്കറ്റ് വാങ്ങിയ വ്യക്തിക്കാണ് പണം സ്വീകരിക്കാനുള്ള അവകാശമെന്ന് അവര്‍ വ്യക്തമാക്കി.