'ഒരു ഉപകാരവുമില്ലാത്ത ഇത്തിൾക്കണ്ണികൾ'; മക്കളെ വീട്ടിൽ നിന്ന് പുറത്താക്കാൻ അനുകൂല വിധി നേടി വൃദ്ധമാതാവ്
|'രണ്ട് വലിയ കുഞ്ഞുങ്ങളും' പറഞ്ഞ തീയതിക്കകം വീടൊഴിയണമെന്നായിരുന്നു വിധി പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജി സിമോണ കാറ്റർബിയുടെ പ്രതികരണം
സ്വയം പര്യാപ്തത വരുത്താൻ മക്കളെ വീട്ടിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വൃദ്ധമാതാവ് കോടതിയിൽ. ഇറ്റലിയിലെ പവിയ സ്വദേശിയായ 75കാരിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. വയോധികയുടെ പരാതിയിൽ മക്കൾ രണ്ടുപേരും ഡിസംബർ 18നകം വീടൊഴിയണമെന്ന് കോടതി ഉത്തരവിട്ടു.
ആൺമക്കൾ രണ്ടുപേരും 40വയസ്സ് കഴിഞ്ഞിട്ടും കുടുംബം നോക്കുന്നില്ലെന്നും ഒരു പണിയിലും സഹായിക്കുന്നില്ലെന്നുമാണ് മാതാവിന്റെ പരാതി. ഇരുവർക്കും ജോലിയുണ്ടെങ്കിലും സ്വന്തം കാര്യം നോക്കുന്നതിന് മടിയാണ്. സ്വയം പര്യാപ്തത നേടാൻ വീട്ടിൽ നിന്ന് ഇറങ്ങി സ്വന്തമായി വീടും മറ്റും നോക്കണമെന്ന് മാതാവ് ഇരുവരോടും ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. തുടർന്നാണ് വയോധിക പരാതിയുമായി കോടതിയെ സമീപിച്ചത്.
ഒരു ഉപകാരവുമില്ലാത്ത ഇത്തിൾക്കണ്ണികൾ എന്നാണ് കോടതി രേഖകളിൽ മക്കൾ രണ്ടുപേരെയും 75കാരി വിശേഷിപ്പിച്ചിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഭർത്താവിൽ നിന്നകന്ന് കഴിയുന്ന വയോധികയ്ക്ക് പെൻഷൻ ആണ് ആകെയുള്ള വരുമാനമാർഗ്ഗം. ഇതുപയോഗിച്ചാണ് വീട്ടുചെലവും സ്വന്തം ചെലവുമെല്ലാം നടത്തുന്നത്. ഇതിൽ നിന്ന് മക്കൾക്കുള്ള ചെലവിനും വക കണ്ടെത്തേണ്ടി വന്നതോടെ സഹികെട്ട് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.
വയോധികയുടെ പരാതിയിൽ പവിയ ഡിസ്ട്രിക്ട് കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. രണ്ട് വലിയ കുഞ്ഞുങ്ങളും പറഞ്ഞ തീയതിക്കകം വീടൊഴിയണമെന്നായിരുന്നു വിധി പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജി സിമോണ കാറ്റർബിയുടെ പ്രതികരണം.