World
Woman Loses Leg

വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം

World

തായ്‍ലാന്‍ഡ് വിമാനത്താവളത്തിലെ ചലിക്കുന്ന നടപ്പാതയില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി

Web Desk
|
30 Jun 2023 2:22 AM GMT

ടെർമിനൽ 2 ലെ നടപ്പാതയിലാണ് സ്ത്രീയുടെ കാല്‍ കുടുങ്ങിയത്

ബാങ്കോക്ക്: ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിലെ ചലിക്കുന്ന നടപ്പാതയില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി.തെക്കൻ നഖോൺ സി തമ്മാരത്ത് പ്രവിശ്യയിലേക്ക് വിമാനം കയറുന്നതിനായി രാവിലെ വിമാനത്താവളത്തിലെത്തിയതായിരുന്നു തായ് സ്വദേശിനിയായ 58കാരി .ടെർമിനൽ 2 ലെ നടപ്പാതയിലാണ് സ്ത്രീയുടെ കാല്‍ കുടുങ്ങിയത്.

ടെര്‍മിനല്‍ 2വിന്‍റെ ഗേറ്റ് 4 നും ഗേറ്റ് 5 നും ഇടയിലുള്ള സൗത്ത് കോറിഡോറിൽ രാവിലെ 8.27 ന് ആയിരുന്നു അപകടമെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ കയറാന്‍ പോകുന്നതിനിടെ സ്യൂട്ട്കേസില്‍ തട്ടി നടപ്പാതയിലേക്ക് വീണുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇടതുകാല്‍ ട്രാവലേറ്ററിന്‍റെ അറ്റത്തുള്ള മെക്കാനിസത്തിലാണ് കുടുങ്ങിയത്. ഉടന്‍ തന്നെ മറ്റു യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ ജീവനക്കാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് സായ് മായ് ജില്ലയിലെ ഭൂമിബോൾ അതുല്യദേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.യാത്രക്കാരിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

വാക്ക്‌വേ ബെൽറ്റിനടിയിൽ സ്യൂട്ട്‌കേസ് ചക്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും നടപ്പാതകൾ ദിവസേന പരിശോധിക്കാറുണ്ടെന്നും അപകടത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഡോൺ മുവാങ് ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ കരുൺ തനകുൽജീരപത് പറഞ്ഞു.യാത്രക്കാരിയുടെ ചികിത്സാ ചെലവും നഷ്ടപരിഹാരവും അധികൃതർ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ ചലിക്കുന്ന നടപ്പാതകൾ പരിശോധിച്ച് താൽക്കാലികമായി പ്രവർത്തനരഹിതമാക്കി.എഞ്ചിനീയറിംഗ് ടീം കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. അശ്രദ്ധമൂലമാണ് അപകടമുണ്ടായതെങ്കിൽ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടപ്പാതയുടെ അറ്റത്തുള്ള ബെൽറ്റിനടിയിൽ കുടുങ്ങിയ സ്ത്രീയുടെ കാലിന്‍റെ ചിത്രവും കാണാം. നടപ്പാത അവസാനിക്കുന്ന ബെൽറ്റിന്‍റെ അറ്റത്ത് സാധാരണയായിട്ടുള്ള മഞ്ഞ ചീര്‍പ്പ് പോലുള്ള പ്ലേറ്റുകൾ ഒടിഞ്ഞതായും കാണപ്പെട്ടു.ബെൽറ്റിനടിയിൽ സ്യൂട്ട്കേസ് ചക്രങ്ങൾ കണ്ടെത്തിയെങ്കിലും അവയ്ക്ക് അപകടവുമായി എങ്ങനെ ബന്ധമുണ്ടാകുമെന്ന് വ്യക്തമല്ലെന്ന് തനകുൽജീരപത് പറഞ്ഞു.ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചിയാണ് നടപ്പാത നിർമ്മിച്ചത്, 1996 ൽ സ്ഥാപിച്ചതാണ്, 2025-ൽ പുതിയ മോഡലിലേക്ക് മാറ്റാൻ ബജറ്റ് ആവശ്യപ്പെടാൻ പദ്ധതിയുണ്ടെന്ന് എയർപോർട്ട് ഡയറക്ടർ പറഞ്ഞു.

2019 ൽ, ടെർമിനൽ 1 ലെ വിമാനത്താവളത്തിന്‍റെ ചലിക്കുന്ന നടപ്പാതയിൽ കുടുങ്ങി ഒരു യാത്രക്കാരന്‍റെ ഷൂ കേടായിട്ടുണ്ട്. തകരാർ സംഭവിച്ച നടപ്പാത ഒരു മണിക്കൂറിനുള്ളിൽ അറ്റകുറ്റപ്പണികൾ നടത്തി തുറന്നതായി വിമാനത്താവളം പിന്നീട് പ്രസ്താവന ഇറക്കി.

Similar Posts