ഒന്നര ലക്ഷത്തിന്റെ ഐഫോൺ ഓർഡർ ചെയ്തു;യുവതിക്ക് കിട്ടിയത് അലക്ക് സോപ്പ്
|യുവതി ഓർഡർ ചെയ്ത ഐഫോൺ 13 പ്രോ മാക്‌സിന് പകരം വീട്ടിലെത്തിയത് 1 ഡോളർ വിലയുള്ള സോപ്പ് ആണ്
ഓൺലൈൻ വഴി ഫോണുകൾ ഓർഡർ ചെയ്യുമ്പോൾ പലരും പറ്റിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ആപ്പിളിന്റെ ഐഫോൺ ഓർഡർ ചെയ്ത യുവതിയ്ക്ക് കിട്ടിയത് അലക്ക് സോപ്പ്!. ബ്രിട്ടനിൽ നിന്നുള്ള ഒരു യുവതിക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. ആപ്പിളിന്റെ ഏറ്റവും വില കൂടിയ സ്മാർട് ഫോണുകളിൽ ഒന്നായ ഐഫോൺ 13 പ്രോ മാക്‌സ് ആണ് യുവതി ഓർഡർ ചെയ്തത്. ഒന്നര ലക്ഷത്തിന്റെ ഫോണിന് പകരം വീട്ടിലെത്തിയതോ കേവലം ഒരു ഡോളറിന്റെ അലക്കു സോപ്പും.
ഖൗല ലഫയ്ലി എന്ന യുവതിയാണ് പ്രാദേശിക കാരിയർ വഴി ഐഫോൺ 13 പ്രോ മാക്സിന് ഓർഡർ ചെയ്തത്. എന്നാൽ, യുവതി ഓർഡർ ചെയ്ത ഐഫോൺ 13 പ്രോ മാക്‌സിന് പകരം വീട്ടിലെത്തിയത് 1 ഡോളർ വിലയുള്ള സോപ്പ് ആണ്. ആപ്പിൾ ഇൻസൈഡറിന്റെ റിപ്പോർട്ട് അനുസരിച്ച് ഡെലിവറി സമയത്ത് തട്ടിപ്പ് നടന്നിരിക്കാം എന്നാണ്. സ്‌കൈ മൊബൈൽ വഴിയാണ് ഹാൻഡ്‌സെറ്റ് വാങ്ങിയത്.
തട്ടിപ്പിനെതിരെ യുവതി സ്‌കൈ മൊബൈലിൽ പരാതി നൽകി. കമ്പനി ഇക്കാര്യം അന്വേഷിക്കുമെന്നും അറിയിച്ചു. ഇതുവരെ ബന്ധപ്പെട്ടവർ ഒരു അപ്ഡേറ്റും നൽകാത്തതിനാൽ യുവതി സംഭവം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.