ജബാലിയയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി; സ്ത്രീകളെയും കുട്ടികളെയും പോയന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്നു
|കരയുദ്ധത്തിൽ അപ്രതീക്ഷിത തിരിച്ചടിയെന്ന് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ
ഗസ്സ സിറ്റി: ഗസ്സയിലും വെസ്റ്റ്ബാങ്കിലുംകൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേൽ. ജബാലിയയിൽ സ്ത്രീകളെയും കുട്ടികളെയുമടക്കം പോയന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്നു. ജബലിയ അഭയാർഥി ക്യാമ്പിലെ ഷാദിയ അബൂഗസാല സ്കൂളിലാണ് കുട്ടികളും സ്ത്രീകളുമടക്കം സിവിലിയന്മാരെ പോയിന്റ് ബ്ലാങ്കിൽ ഇസ്രായേൽ സൈന്യം ഇന്നലെ വെടിവെച്ചുകൊന്നത്. അകത്ത് മൃതദേഹങ്ങൾ കുന്നുകൂടിക്കിടക്കുകയാണെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.
അതേസമയം, ഗസ്സയിൽ അപ്രതീക്ഷിത തിരിച്ചടിയെന്ന് ഇസ്രായേൽ യുദ്ധകാര്യമന്ത്രിസഭയുടെ വിലയിരുത്തൽ. യുദ്ധത്തിൽ വലിയ വില നൽകേണ്ടിവന്നതായി ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു. ഇസ്രായേൽ മധ്യസ്ഥ നീക്കങ്ങൾ തേടിയെന്നും റിപ്പോർട്ടുണ്ട്. ലോകതലത്തിലെ വ്യാപക ഒറ്റപ്പെടൽ, കരയുദ്ധത്തിൽ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടി, ബൈഡൻ ഭരണകൂടവുമായുള്ള വിയോജിപ്പ് എന്നിവക്കിടയിൽ യുദ്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നറിയാതെ വലയുകയാണ് ഇസ്രായേലിലെ രാഷ്ട്രീയ സൈനിക നേതൃത്വം അറിയിച്ചു. വടക്കൻ ഗസ്സയിൽ രണ്ട് സീനിയർ കമാൻഡർമാർ അടക്കം 10 സൈനികർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്ന് സൈനിക മേധാവി തുറന്നു സമ്മതിച്ചു.
ഹമാസ് നടത്തിയ ഒളിയാക്രമണത്തിലാണ് ഷുജാഇയയിൽ ഒമ്പതുപേർ കൊല്ലപ്പെട്ടത്. ഇന്നലെ മാത്രം പരിക്കേറ്റ 49 സൈനികരെയാണ് സൊറാക്ക ആശുപത്രിയിൽ എത്തിച്ചത്. ചെറുത്തുനിൽപ്പിന്‍റെ വീര്യവും പ്രഹരശേഷിയും ശത്രുവിനെ ബോധ്യപ്പെടുത്തുന്നതിൽ പോരാളികൾ വിജയിച്ചതായി ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. പോർവിമാനങ്ങളും കവചിത വാഹനങ്ങളും കൂടാതെയുള്ള യുദ്ധത്തിൽ ഹമാസിനെ ജയിക്കുക എളുപ്പമല്ലെന്ന തോന്നൽ സൈനികരിൽ രൂപപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേർണൽ. വടക്കൻ ഗസ്സയിൽ ഹമാസിനെ ഇല്ലാതാക്കിയെന്ന അവകാശവാദത്തിനിടെയാണ് കൂടുതൽ സൈനികർ മരിക്കുന്ന സാഹചര്യമുള്ളത്. സിവിലിയൻ കുരുതി ഒഴിവാക്കി ഹമാസിനെ അമർച്ച ചെയ്യാനാകില്ലെന്ന് പ്രതിരോധ മന്ത്രി ഗാൻറ്സ് യു.എസ് നേതൃത്വത്തെ അറിയിച്ചു. രണ്ടു മാസത്തിലേറെയായി തുടരുന്ന വംശഹത്യയിൽ ഗസ്സയിൽ മാത്രം 18,608 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അരലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ മാത്രം 196 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.
യുദ്ധത്തിന് കനത്തതും വേദനാജനകവും പ്രയാസമേറിയതുമായ വിലയാണ് നാം നൽകി വരുന്നതെന്ന് ഇസ്രായേൽ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്റ്സ്. ഇതുവരെ ഉയർന്ന ഓഫിസർമാരടക്കം 435 സൈനികർ കൊല്ലപ്പെട്ട്ടതായി ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ വെളിപ്പെടുത്തി. അഷ്ദോദ് നഗരത്തിൽ ഹമാസ് റോക്കറ്റ് പതിച്ച് വ്യാപാര സമുച്ചയത്തിന് തകർച്ച സംഭവിച്ചു. തങ്ങളുടെ 8 നേതാക്കൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെ ഹമാസ് നിശിതമായി അപലപിച്ചു. ജെനിൻ അഭയാർഥി ക്യാമ്പിനു നേരെ സൈന്യം വെളുപ്പിനും ബോംബാക്രമണം നടത്തി.