സ്ത്രീകളുടെ അവകാശം മുൻഗണനാ വിഷയമല്ലെന്ന് താലിബാൻ
|സ്ത്രീ വിദ്യാഭ്യാസത്തില്‍ താലിബാനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാണ്
കാബൂൾ: വിദ്യാഭ്യാസം ഉൾപ്പെടെ സ്ത്രീകളുടെ അവകാശങ്ങൾ മുൻഗണനാ വിഷയമല്ലെന്ന് താലിബാൻ വക്താവ് ദബീഹുല്ല മുജാഹിദ്. സ്ത്രീ അവകാശങ്ങൾ രാജ്യത്തെ നിലവിലുള്ള നിയമത്തിന് കീഴിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാൻ വാർത്താ ഏജൻസി ഖാമ പ്രസുമായി സംസാരിക്കുകയായിരുന്നു മുജാഹിദ്.
'ശരീഅത്ത് നിയമങ്ങൾ അനുസരിച്ചാണ് ഇസ്ലാമിക് എമിറേറ്റ്സ് പ്രശ്നപരിഹാരം കണ്ടു കൊണ്ടിരിക്കുന്നത്. രാജ്യത്ത് ശരീഅത്തിന് വിരുദ്ധമായ ഒന്നും അനുവദിക്കില്ല' - ദബീഹുള്ള കൂട്ടിച്ചേര്‍ത്തു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതിന് പിന്നാലെ, സര്‍ക്കാരേതര സന്നദ്ധ സംഘടനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് ഈയിടെ താലിബാൻ വിലക്കിയിരുന്നു. തീരുമാനത്തെ അപലപിച്ച് സർവകലാശാലാ വിദ്യാർത്ഥിനികളും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശത്തിനായി യുഎസ്, യുഎസ്, യൂറോപ്യൻ യൂണിയൻ, ഒഐസി അടക്കം താലിബാനു മേലുള്ള സമ്മർദം തുടരുകയാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നത് 12 മാസത്തിനിടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ 500 ദശലക്ഷം ഡോളറിന്റെ ആഘാതമുണ്ടാക്കുമെന്ന് യൂണിസെഫ് പറയുന്നു.