അൽ മവാസി അഭയാർഥി ക്യാമ്പിലെ കൂട്ടക്കുരുതി: ഇസ്രായേലിനെതിരെ ലോകരാജ്യങ്ങൾ
|90 പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ഗസ്സ സിറ്റി: ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടു.മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു.
യുദ്ധ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരെയും ഇസ്രായേൽ സേന വെറുതെ വിട്ടില്ല. കൊല്ലപ്പെട്ട 90 പേരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവർക്ക് ആശുപത്രികളിൽ ആവശ്യമായ ചികിൽസ പോലും നൽകാൻ കഴിയുന്നില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹമാസിന്റെ മുതിർന്ന സൈനിക കമാൻഡർ മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഇതു തെറ്റാണെന്നും സാധാരണക്കാർക്കുനേരെയാണ് ഇസ്രായേലിന്റെ ആക്രമണമെന്നും ഹമാസ് പ്രതികരിച്ചു.
ആക്രമണത്തെ തുടർന്നുള്ള പ്രദേശത്തെ ദൃശ്യങ്ങൾ അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് അമേരിക്കൻ നിർമിത മിസൈൽ ഇസ്രായേൽ ഉപയോഗിച്ചതായി സി.എൻ.എൻ ചാനൽ റിപ്പോർട്ട് ചെയ്തു. അൽ മവാസി ആക്രമണ വാർത്തകൾ ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടൻ പ്രതികരിച്ചു.
അന്തർദേശീയ സമൂഹം ശക്തമായി രംഗത്തിറങ്ങിയില്ലെങ്കിൽ ഗസ്സയിലും പുറത്തും ആപൽക്കരമായ സാഹചര്യമാകും രൂപപ്പെടുകയെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. മാരകശേഷിയുളള ബോംബുകളാണ് ഇസ്രായേൽ സൈന്യം ഗസ്സയിൽ ഉപയോഗിക്കുന്നതെന്ന് യു.എൻ മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി.
വെടിനിർത്തൽ ചർച്ചക്ക് തുരങ്കം വെക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കമാണ് പുതിയ കൂട്ടക്കുരുതികൾക്ക് പിന്നിലെന്ന് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു. എന്നാൽ, മുഹമ്മദ് ദൈഫ് ഉൾപ്പെടെ ഹമാസ് നേതാക്കളെ വധിക്കാനുള്ള നീക്കം തുടരുമെന്ന് നെതന്യാഹു പ്രതികരിച്ചു.
ഫലസ്തീൻ ജനതയുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇസ്രായേലിനെതിരായ നടപടി കടുപ്പിക്കുമെന്ന് യെമനിലെ ഹൂതികൾ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല 15 മിസൈലുകളയച്ചു. ഹമാസുമായി വെടിനിർത്തൽ കരാർ ഉടൻ വേണമെന്നാവശ്യപ്പെട്ട് തെൽ അവീവിൽ നിന്ന് ജറൂസലമിലേക്ക് പതിനായിരങ്ങൾ അണിനിരന്ന മാർച്ച് നെതന്യാഹു സർക്കാറിനുള്ള താക്കീതായി മാറി.