ലോക സന്തോഷ സൂചിക: 143 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 126ാമത്
|ലിബിയ, ഇറാഖ്, ഫലസ്തീൻ, നൈജർ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുടെ മുമ്പിലാണുള്ളത്
ന്യൂയോർക്ക്: 143 രാജ്യങ്ങളുള്ള ലോക സന്തോഷ സൂചികയിൽ ഇന്ത്യ 126ാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം ഗാലപ്- യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ് വെൽബിയിംഗ് റിസർച്ച് സെൻറർ, യുഎൻ സസ്റ്റൈനബിൾ ഡവലപ്മെൻറ് സൊലൂഷ്യൻസ് നെറ്റ്വർക്ക്, ഡബ്ല്യൂ.എച്ച്.ആർ എഡിറ്റോറിയൽ ബോർഡ് എന്നിവ സംയുക്തമായി പുറത്തിറക്കിയ 2024 വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഇന്ത്യ പിറകിൽ നിൽക്കുന്നത്. ലിബിയ, ഇറാഖ്, ഫലസ്തീൻ, നൈജർ തുടങ്ങിയ നിരവധി രാജ്യങ്ങൾ ഇന്ത്യയുടെ മുമ്പിലാണുള്ളത്. കഴിഞ്ഞ വർഷവും ഇന്ത്യ 126ാം സ്ഥാനത്താണുണ്ടായിരുന്നത്. യു.എന്നിന്റെ അന്താരാഷ്ട്ര സന്തോഷ ദിനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2015ൽ സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 117 ആയിരുന്നുവെന്നും മോദി ഭരണത്തിന് കീഴിൽ ഒരു ആഗോള വികസന സൂചികയിലും ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയിട്ടില്ലെന്നും തോമസ് ഐസക് എക്സിൽ കുറിച്ചു.
പട്ടികയിൽ തുടർച്ചയായി ഏഴാം വർഷവും ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഡെന്മാർക്, ഐസ്ലാൻഡ്, സ്വീഡൻ, ഇസ്രായേൽ, നെതർലാൻഡ്സ്, നോർവേ, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, ആസ്ത്രേലിയ എന്നിവയാണ് ആദ്യ പത്തിലുള്ള ഇതര രാജ്യങ്ങൾ. കോവിഡ് -19ന് മുമ്പ് ഇതേ രാജ്യങ്ങൾ തന്നെയായിരുന്നു ആദ്യ പത്തിലുണ്ടായിരുന്നത്.
അതേസമയം യു.എസും ജർമനിയും റാങ്കിംഗിൽ പിറകിലേക്ക് പോയി. 2021ൽ സന്തോഷ സൂചിക പ്രസിദ്ധീകരിച്ച് തുടങ്ങിയത് മുതൽ ആദ്യ 20ലുണ്ടായിരുന്ന യു.എസ് പുതിയ പട്ടികയിൽ 23ാമതാണ്. ജർമനി 24-ാം സ്ഥാനത്തും. 30 വയസിന് താഴെയുള്ള അമേരിക്കക്കാരുടെ മാനസികാരോഗ്യം കുറഞ്ഞതാണ് തിരിച്ചടിയായത്. കഴിഞ്ഞ വർഷം 16-ാം സ്ഥാനത്തായിരുന്ന അമേരിക്ക ഈ വർഷം 23-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഈ വർഷം, കാനഡ 15-ാം സ്ഥാനത്തെത്തിയപ്പോൾ യുകെ 20-ാം സ്ഥാനത്തും ഫ്രാൻസ് 27-ാം സ്ഥാനത്തും എത്തി. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ യുഎഇ 22-ാം സ്ഥാനത്തും സൗദി അറേബ്യ 28-ാം സ്ഥാനത്തും എത്തി. ഏഷ്യൻ രാജ്യങ്ങളിൽ സിംഗപ്പൂർ 30-ാം സ്ഥാനത്താണ്. ജപ്പാൻ 50, ദക്ഷിണ കൊറിയ 51 എന്നിങ്ങനെയുമാണുള്ളത്. ചൈന 60-ാം സ്ഥാനത്തും നേപ്പാൾ 93-ാം സ്ഥാനത്തും പാകിസ്താൻ 108-ാം സ്ഥാനത്തും മ്യാൻമർ 118-ാം സ്ഥാനത്തും ശ്രീലങ്ക 128-ാം സ്ഥാനത്തും ബംഗ്ലാദേശ് 129-ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും താഴെ നിൽക്കുന്നത്. കോംഗോ, സിയറ ലിയോൺ, ലെസോത്തോ, ലെബനൻ എന്നിവയാണ് തൊട്ടുമുമ്പിലുള്ളത്.
ഇന്ത്യയിൽ ഉയർന്ന ജീവിത സംതൃപ്തിയുള്ളത് വാർധക്യത്തിലുള്ളവർക്കാണെന്നാണ് റിപ്പോർട്ട് പറയുന്നത്. പ്രായവും ജീവിത സംതൃപ്തിയും തമ്മിലുള്ള നല്ല ബന്ധം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ മാത്രമേ നിലനിൽക്കുന്നുള്ളൂവെന്ന ചില അവകാശവാദങ്ങളെ ഇത് നിരാകരിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പ്രായമായ പുരുഷന്മാർ പ്രായമായ സ്ത്രീകളേക്കാൾ ജീവിതത്തിൽ സംതൃപ്തരാണെന്നും എന്നാൽ മറ്റെല്ലാ കാര്യങ്ങളും കണക്കിലെടുക്കുമ്പോൾ, പ്രായമായ സ്ത്രീകൾ അവരുടെ പുരുഷ പങ്കാളിയേക്കാൾ ഉയർന്ന ജീവിത സംതൃപ്തി രേഖപ്പെടുത്തുന്നതായും പറഞ്ഞു.
'ഇന്ത്യയിലെ വയോധികരുടെ എണ്ണം ലോകത്തിൽ തന്നെ രണ്ടാമതാണ്, 140 ദശലക്ഷം ഇന്ത്യക്കാരും 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ചൈനയിൽ 250 ദശലക്ഷം പേരാണ് വയോധികർ. അതേസമയം, 60 വയസും അതിൽ കൂടുതലുമുള്ള ഇന്ത്യക്കാരുടെ ശരാശരി വളർച്ചാ നിരക്ക് രാജ്യത്തിന്റെ മൊത്തത്തിലുള്ള ജനസംഖ്യാ വളർച്ചാ നിരക്കിനേക്കാൾ മൂന്നിരട്ടി കൂടുതലാണ്' റിപ്പോർട്ടിൽ പറഞ്ഞു.
ലോകമെമ്പാടും, എല്ലാ പ്രദേശങ്ങളിലും സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ സന്തോഷം കുറവാണെന്നും വയസ് കൂടും തോറും വ്യതിയാനം വർധിക്കുന്നതായും റിപ്പോർട്ട് പറയുന്നു. യുവാക്കളിൽ (30 വയസും അതിൽ താഴെയും പ്രായമുള്ളവർ) സന്തോഷത്തിന്റെ റാങ്കിംഗ് നടത്തുമ്പോൾ, ലിത്വാനിയ, ഇസ്രായേൽ, സെർബിയ, ഐസ്ലാൻഡ്, ഡെൻമാർക്ക് എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി, ഈ തരത്തിൽ നോക്കുമ്പോൾ ഫിൻലാൻഡ് ഏഴാം റാങ്കിലാണുള്ളത്. ഇതിൽ 127-ാം സ്ഥാനത്താണ് ഇന്ത്യ.
എന്നാൽ പ്രായമായവരിലുള്ള (60 വയസും അതിനുമുകളിലും പ്രായമുള്ളവർ) സന്തോഷത്തിന്റെ റാങ്കിംഗിൽ ഡെൻമാർക്ക്, ഫിൻലാൻഡ്, നോർവേ, സ്വീഡൻ, ഐസ്ലാൻഡ് -നോർഡിക് രാജ്യങ്ങൾ - ഏറ്റവും ഉയർന്ന സ്ഥാനം നേടി, ഈ തരത്തിൽ ഇന്ത്യ 121-ാം സ്ഥാനത്താണ്. 'വയോജനങ്ങൾക്ക് ഏറ്റവും ഉയർന്ന റാങ്കുള്ള രാജ്യങ്ങൾ പൊതുവെ ഉയർന്ന മൊത്ത റാങ്കിംഗുള്ള രാജ്യങ്ങളാണ്, എന്നാൽ യുവാക്കളുടെ കാര്യത്തിൽ അടുത്തിടെ വളരെ മോശം പ്രകടനം കാഴ്ചവച്ച നിരവധി രാജ്യങ്ങളും ഉൾപ്പെടുന്നു' റിപ്പോർട്ട് നിരീക്ഷിച്ചു.
യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്വർക്ക് വർഷം തോറും പ്രസിദ്ധീകരിക്കുന്നതാണ് ലോക സന്തോഷ സൂചിക. പ്രതിശീർഷ ജിഡിപി, ആരോഗ്യകരമായ ആയുർദൈർഘ്യം, ജീവിതത്തിലെ ആശ്രയം, ജീവിത തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം, ഔദാര്യം, അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നീ കാര്യങ്ങൾ കണക്കിലെടുത്താണ് സൂചിക തയ്യാറാക്കുന്നത്. 2021-23 കാലയളവിലെ ഗാലപ്പ് വോട്ടെടുപ്പുകൾ ശേഖരിച്ച ശരാശരി ജീവിത മൂല്യനിർണ്ണയ ഡാറ്റ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
സന്തോഷ സൂചികയിലെ ആദ്യ പത്തിലുള്ള രാജ്യങ്ങൾ:
- ഫിൻലാൻഡ്
- ഡെൻമാർക്ക്
- ഐസ്ലാൻഡ്
- സ്വീഡൻ
- ഇസ്രായേൽ
- നെതർലാൻഡ്സ്
- നോർവേ
- ലക്സംബർഗ്
- സ്വിറ്റ്സർലൻഡ്
- ആസ്ത്രേലിയ
ഏഷ്യയിൽ ആദ്യ പത്തിലുള്ള രാജ്യങ്ങൾ:
- സിംഗപ്പൂർ
- തായ്വാൻ
- ജപ്പാൻ
- ദക്ഷിണ കൊറിയ
- ഫിലിപ്പീൻസ്
- വിയറ്റ്നാം
- തായ്ലൻഡ്
- മലേഷ്യ
- ചൈന
- മംഗോളിയ