പക്ഷിപ്പനി ബാധിച്ചുള്ള ലോകത്തെ ആദ്യ മനുഷ്യ മരണം മെക്‌സിക്കോയിൽ
|വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്ന് ലോകാരോഗ്യ സംഘടന
മെക്‌സിക്കോ സിറ്റി: പക്ഷിപ്പനി ബാധിച്ച് മെക്‌സിക്കോയിൽ ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 24 ന് മരിച്ച 59 കാരനാണ് പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയത്. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, ക്ഷീണം എന്നിവയെ തുടർന്ന് മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിൽ വെച്ചാണ് ഇയാൾ മരിച്ചത്. എന്നാൽ വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.മനുഷ്യരിൽ പക്ഷിപ്പനി വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഡബ്ല്യു.എച്ച.ഒ അറിയിച്ചു.
മെക്‌സിക്കോയിലെ കോഴിഫാമുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും മരിച്ചയാൾക്ക് കോഴിയോ മറ്റ് മൃഗങ്ങളുമായോ സമ്പർക്കം പുലർത്തിയിരുന്ന ചരിത്രമില്ലെന്നാണ് റിപ്പോർട്ട്.എന്നാൽ ഇദ്ദേഹത്തിന് കടുത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായി മെക്‌സിക്കോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പക്ഷിപ്പനി ബാധിച്ച ആളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടർന്നതിന് തെളിവുകളില്ലെന്നും മരിച്ചയാളുടെ വീടിന് സമീപത്തെ ഫാമുകൾ നിരീക്ഷിച്ചിട്ടുണ്ടെന്നും മെക്‌സിക്കോ ആരോഗ്യമന്ത്രാലയം അറിയിച്ചു.
മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ മറ്റ് ആളുകൾക്ക് പക്ഷിപ്പനി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും അറിയിച്ചു. ആഗോള തലത്തിൽ ഇൻഫ്‌ളുവൻസ എ(എച്ച്5എൻ2) വൈറസ് ബാധിച്ചതായി ലബോറട്ടറിയിൽ സ്ഥിരീകരിച്ച കേസും മെക്‌സിക്കോയിലാണ്.