തലയിൽ ഇരുവശത്തും 'കൊമ്പ്': ശസ്ത്രകിയയ്ക്കിടെ വൃദ്ധന് ദാരുണാന്ത്യം
|യെമനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്നറിയപ്പെടുന്ന അലി ആന്തറാണ് മരിച്ചത്
തലയിൽ കൊമ്പ് കണക്കേ വളർന്ന ഭാഗം നീക്കം ചെയ്യുന്നതിനിടെ വൃദ്ധന് ദാരുണാന്ത്യം. യെമനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്നറിയപ്പെടുന്ന അലി ആന്തറാണ് മരിച്ചത്. 140 വയസ്സ് പ്രായമുണ്ടായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയത്.
നൂറ് വയസ്സ് പിന്നിട്ടതിന് ശേഷമാണ് അലിയുടെ തലയിൽ വളർച്ച തുടങ്ങിയതെന്നാണ് കുടുംബം പറയുന്നത്. ആടിന്റെ കൊമ്പ് പോലെ ഇരുവശത്തും വളർച്ചയുണ്ടായിരുന്നു. ഇതിലൊരെണ്ണം മുഖത്തേക്ക് വ്യാപിക്കാൻ തുടങ്ങിയതോടെയാണ് ശസ്ത്രക്രിയ ചെയ്യാൻ കുടുംബം തീരുമാനിക്കുന്നത്. എന്നാൽ ആവശ്യത്തിന് പരിശീലനം ലഭിക്കാത്ത ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. പഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ട്യൂമർ നീക്കം ചെയ്യാൻ ശ്രമിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ പരാതി. മുഖത്തേക്ക് വളർന്ന കൊമ്പ് മൂലം ഭക്ഷണം കഴിക്കാൻ പോലും ഇദ്ദേഹം നന്നേ ബുദ്ധിമുട്ടിയിരുന്നുവെന്ന് കുടുംബം പറയുന്നു. കുറേ നാളുകളായി ഓർമക്കുറവും അലിയെ അലട്ടിയിരുന്നതായാണ് വിവരം.
ഇരുവശത്തും കൊമ്പ് പോലെ വളർന്ന ട്യൂമറുകളുമായി കുറച്ച് നാളുകൾക്ക് മുമ്പ് അലിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ പിന്നെ ഇരട്ടക്കൊമ്പൻ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
പ്രായമായവരിൽ കൊമ്പ് കണക്കേയുള്ള വളർച്ചകൾ ഒരു തരം ട്യൂമറുകളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെരാറ്റിന്റെ അമിത വളർച്ചയാണ് ഈ ട്യൂമറുകളുടെയും മൂലകാരണമെന്ന് യെമനി പത്രമായ ഏഡൻ-അൽ-ഗാഡ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ 76കാരിയായ ഫ്രഞ്ചുകാരിയിലും 74കാരനായ ഇന്ത്യൻ കർഷകനിലും സമാനരീതിയിൽ കൊമ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഫ്രഞ്ച് വനിതയുടെ ശസ്ത്രക്രിയ വിജയമായിരുന്നു.