ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ലേലത്തില്‍ വിറ്റത് 38.1 മില്യണ്‍ ഡോളറിന്
|ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയതും സമ്പൂർണവുമായ ഹീബ്രു ബൈബിളാണ് 'കോഡെക്‌സ് സാസൂൺ'
ന്യൂയോര്‍ക്ക്: 1,000 വർഷത്തിലേറെ പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ലേലത്തില്‍ വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്. ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 38.1 മില്യണ്‍ ഡോളറിനാണ് (3,14,27,54,700.00 രൂപ) ബൈബിള്‍ വിറ്റത്.
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയതും സമ്പൂർണവുമായ ഹീബ്രു ബൈബിളാണ് 'കോഡെക്‌സ് സാസൂൺ'. രണ്ട് ലേലക്കാർ തമ്മിലുള്ള നാല് മിനിറ്റ് ലേല പോരാട്ടത്തിന് ശേഷമാണ് സോത്ത്ബി ഇത് വിറ്റതെന്ന് ലേല ഏജന്‍സി പ്രസ്താവനയിൽ പറഞ്ഞു.മുൻ യു.എസ് നയതന്ത്രജ്ഞൻ ആൽഫ്രഡ് മോസസ് ഒരു അമേരിക്കൻ നോൺ പ്രോഫിറ്റിന് വേണ്ടി വാങ്ങിയതാണ് ബൈബിൾ. ഇത് ഇസ്രായേലിലെ ടെൽ അവീവിലുള്ള എ.എന്‍.യു ജൂത പീപ്പിൾ മ്യൂസിയത്തിന് സമ്മാനിക്കും."ഹീബ്രു ബൈബിൾ ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ പുസ്തകമാണ്. പാശ്ചാത്യ നാഗരികതയുടെ അടിത്തറയാണ്. അത് ജൂത ജനതയുടേതാണെന്നറിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു," ബിൽ ക്ലിന്‍ന്‍റെ കാലത്ത് യുഎസ് അംബാസഡറായിരുന്ന മോസസ് പറഞ്ഞു.
ഇതുവരെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റുപോയ ചരിത്രരേഖ യുഎസ് ഭരണഘടനയുടെ ആദ്യ പ്രിന്‍റുകളിലൊന്നാണ്. 2021 നവംബറിൽ സോത്ത്ബി 43 മില്യൺ ഡോളറിനാണ് ഇതു വിറ്റത്. ലിയോനാർഡോ ഡാവിഞ്ചിയുടെ ചിത്രരചനകൾ അടങ്ങിയ ശാസ്ത്രീയ രചനകളുടെ ഒരു ശേഖരമായ കോഡെക്‌സ് ലെയ്‌സെസ്റ്ററിനായി 1994 ൽ ബിൽ ഗേറ്റ്‌സ് 30.8 മില്യൺ ഡോളർ നൽകിയിരുന്നു. ഇതാണ് നിലവില്‍ രണ്ടാം സ്ഥാനത്തുണ്ടായ മൂല്യവത്തായ ചരിത്രരേഖ. ഈ റെക്കോഡാണ് കോഡെക്‌സ് സാസൂൺ മറികടന്നത്.
സോത്ത്ബൈസിന്റെ അഭിപ്രായത്തിൽ, മറ്റ് രണ്ട് പ്രധാന ആദ്യകാല ഹീബ്രു ബൈബിളുകളായ അലപ്പോ കോഡെക്‌സിനേക്കാളും ലെനിൻഗ്രാഡ് കോഡെക്‌സിനേക്കാളും ഈ ഹീബ്രു ബൈബിൾ പഴയതാണ്.ഒൻപതാം നൂറ്റാണ്ടിലെ ചാവുകടൽ ചുരുളുകളുടെയും മറ്റ് യഹൂദ വാമൊഴി പാരമ്പര്യത്തെയും ഇന്നത്തെ ഹീബ്രു ബൈബിളിന്റെ ആധുനികമായി അംഗീകരിക്കപ്പെട്ട രൂപത്തെയും ബന്ധിപ്പിക്കുന്ന ഒരു നിർണായക രേഖയാണിത്.