World
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപക്ക്
World

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപക്ക്

Web Desk
|
13 Dec 2022 4:40 AM GMT

ഹെവി ഡ്യൂട്ടി ചെയ്തിരുന്ന ഖനി തൊഴിലാളിയുടേതായി കരുതുന്ന അഞ്ച് ബട്ടണുകളുള്ള ജീന്‍സാണിത്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപയ്ക്ക്. നോര്‍ത്ത് കരോലിനയ്ക്ക് സമീപം 1857ല്‍ തകര്‍ന്ന കപ്പലിനുള്ളില്‍ നിന്നാണ് ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ജീന്‍സ് കണ്ടെത്തിയത്. 1,14,000 യുഎസ് ഡോളറിനാണ് ഈ ജീന്‍സ് വിറ്റു പോയതെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹെവി ഡ്യൂട്ടി ചെയ്തിരുന്ന ഖനി തൊഴിലാളിയുടേതായി കരുതുന്ന അഞ്ച് ബട്ടണുകളുള്ള ജീന്‍സാണിത്. സ്വര്‍ണത്തിന്‍റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്എസ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പലില്‍ നിന്നാണ് ജീന്‍സ് കണ്ടെടുത്തത്. 1857ല്‍ പനാമയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങുകയായിരുന്നു. അന്ന് 425 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. അന്ന് കപ്പലില്‍ ജോലി ചെയ്തിരുന്നയാളുടെ ജീന്‍സാണിതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞയാഴ്ച നെവാഡയിലെ റെനോയിൽ വച്ചാണ് ലേലം നടന്നത്.

അതേസമയം ഈ ജീന്‍സ് നിര്‍മ്മിച്ച കമ്പനിയേതാണെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. തുണിയുടെ പഴക്കം മൂലം നിറമേതെന്ന് വ്യക്തമല്ല. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വസ്ത്ര നിര്‍മാതാക്കളായ ലെവി സ്‌ട്രോസ് എന്ന കമ്പനിയാണ് ജീന്‍സ് നിര്‍മ്മിച്ചതെന്ന് ഒരു വശത്ത് വാദം ഉയരുന്നുണ്ടെങ്കിലും ഇവര്‍ ആദ്യമായി നിര്‍മിച്ചത് 1873ലായിരുന്നു. അതായത് കപ്പല്‍ തകര്‍ന്ന് 16 വര്‍ഷത്തിന് ശേഷമാണ് ഇത് സംഭവിച്ചത്. അതിനാല്‍ പഴക്കമുള്ള ജീന്‍സ് തയ്യാറാക്കിയത് ലെവി സ്‌ട്രോസ് ആണെന്ന വാദത്തെ ഭൂരിഭാഗം പേരും എതിര്‍ക്കുന്നു.

Related Tags :
Similar Posts