ലോകത്തിലെ ഏറ്റവും ദുഃഖിതയായ ഗോറില്ല; 33 വര്‍ഷമായി കൂട്ടില്‍, മോചനത്തിനായി വേണ്ടത് 6 കോടി
|ഒരു വയസുള്ളപ്പോള്‍ ജര്‍മനിയില്‍ നിന്നും കൊണ്ടുവന്ന ബുവയെ മോചിപ്പിക്കണമെങ്കില്‍ 6 കോടി കിട്ടണമെന്നാണ് ഉടമകള്‍ പറയുന്നത്
ബാങ്കോക്ക്: ലോകത്തിലെ ഏറ്റവും ദുഃഖിതയായ ഗോറില്ലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോറില്ലയെ മോചിപ്പിക്കാന്‍ വേണ്ടത് 7,80,000 ഡോളര്‍ (ഏകദേശ് 6.4 കോടി രൂപ). കഴിഞ്ഞ 33 വര്‍ഷമായി തായ്‌ലന്‍ഡിലെ ഒരു ഷോപ്പിംഗ് മാളിനു മുകളിലെ കൂട്ടിലാണ് ബുവ നോയി എന്ന ഗോറില്ല കഴിയുന്നത്. ഒരു വയസുള്ളപ്പോള്‍ ജര്‍മനിയില്‍ നിന്നും കൊണ്ടുവന്ന ബുവയെ മോചിപ്പിക്കണമെങ്കില്‍ 6 കോടി കിട്ടണമെന്നാണ് ഉടമകള്‍ പറയുന്നത്.
1990ലാണ് ഗോറില്ല ബാങ്കോക്കിലെത്തുന്നത്. അന്നു മുതസ്‍ പാറ്റ ഷോപ്പിംഗ് മാളിലെ കൂട്ടിലാണ് ബുവ കഴിയുന്നത്. 2015 മുതൽ, തായ് സർക്കാരും മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമൽസും (പെറ്റ) പോപ്പ് താരം ചെറും ഗോറില്ലയുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്. മറ്റു ഗോറില്ലകളുടെ കൂടെ സമാധാനമായി കഴിയട്ടെ എന്നാണ് മൃഗസ്നേഹികള്‍ പറയുന്നത്. എന്നാല്‍ ഉടമകളുടെ പിടിവാശി മൂലം ഈ പാവം മൃഗത്തിന്‍റെ മോചനം നീണ്ടുപോവുകയാണ്. "ലോകത്തിലെ ഏറ്റവും ദുഖകരമായ സ്ഥലങ്ങളിൽ ഒന്ന്" എന്നാണ് ബുവയെ കൂട്ടിലടച്ചിരിക്കുന്ന വൃത്തിഹീനമായ 'സൂപ്പർമാർക്കറ്റ് മൃഗശാലയെ' പെറ്റ വിശേഷിപ്പിച്ചത്.
ഗോറില്ലയുടെ മോചനത്തിനായി സര്‍ക്കാര്‍ ചാരിറ്റി ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും വേണ്ടത്ര പണം സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രകൃതിവിഭവ വകുപ്പ് മന്ത്രി താനെറ്റ്‌പോൾ തനബൂന്യാവത് പറഞ്ഞു. "ബുവാ നോയിയുടെ മോചനത്തിനും ഫണ്ട് സ്വരൂപിക്കുന്നതിനുമായി ഞങ്ങൾ മുന്‍പും ശ്രമിച്ചിട്ടുണ്ട്. ബുവയെ സ്നേഹിക്കുന്നവരുടെ കയ്യില്‍ നിന്നും പണം ശേഖരിച്ചു. എന്നാല്‍ ബുവയെ മോചിപ്പിക്കാന്‍ ഉടമ തയ്യാറായില്ല. വലിയ തുകയാണ് അയാള്‍ ആവശ്യപ്പെടുന്നത്'' തനബൂന്യാവത് വൈറല്‍ പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.