ഇന്ത്യയിൽ പോലും പ്രാർഥനയ്ക്കിടെ വിശ്വാസികൾ കൊല്ലപ്പെട്ടിട്ടില്ല: പാക് പ്രതിരോധ മന്ത്രി
|പെഷവാറിലെ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ ദേശീയ അസംബ്ലിയിൽ പ്രതികരിക്കുകയായിരുന്നു അസീഫ്
ഇസ്ലാമാബാദ്: ഇന്ത്യയിലും ഇസ്രയേലിലുമൊന്നും പ്രാർഥനയ്ക്കിടെ വിശ്വാസികൾ കൊല്ലപ്പെടുന്നില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ അസീഫ്. പെഷവാറിലെ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ ദേശീയ അസംബ്ലിയിൽ പ്രതികരിക്കുകയായിരുന്നു അസീഫ്. ഇസ്രയേലിലും ഇന്ത്യയിൽ പോലും ഇത്തരം ആക്രമണങ്ങൾ ഉണ്ടാവുന്നില്ലെന്നും എന്നാൽ പാകിസ്താനിൽ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ദി ഡോൺ റിപ്പോർട്ട് ചെയ്തു.
"ഒരു നാട്ടിലും സംഭവിക്കാത്ത ആക്രമണങ്ങളാണ് പാകിസ്താനിലുണ്ടാവുന്നത്. ഇസ്രയേലിലും ഇന്ത്യയിൽ പോലും പ്രാർഥനയ്ക്കിടെ വിശ്വാസികൾ കൊല്ലപ്പെടുന്നില്ല. പക്ഷേ പാകിസ്താനിലിത് സംഭവിക്കുന്നു. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ ഭരണകാലത്ത് സ്വാത് താഴ്‌വരയിലാണ് ഈ യുദ്ധം തുടങ്ങിയത്. പാകിസ്താൻ മുസ്ലിം ലീഗിന്റെ കഴിഞ്ഞ ഭരണകാലത്ത് ഇതിന് ശമനമുണ്ടാവുകയും കറാച്ചി മുതൽ സ്വാത് വരെ ക്രമസമാധാനം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു. ഇത്തരം ആക്രമണങ്ങൾക്ക് ശമനമുണ്ടാകാൻ നിരവധി പരിഹാരങ്ങൾ മുന്നോട്ടു വച്ചതാണ്. എന്നാൽ ഒന്നിനും തീരുമാനമായില്ല".
"അഫ്ഗാനിൽ നിന്ന് ആളുകൾ പാകിസ്താനിലേക്ക് കുടിയേറിയതോടെ നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടു. ഇവർക്കെതിരെ സ്വാതിൽ നടന്ന പ്രതിഷേധങ്ങളാണ് ഇത്തരം സംഭവങ്ങളുടെ ആദ്യ സൂചന. 2011-12 കാലയളവിൽ നാം പ്രകടിപ്പിച്ച അതേ ഐക്യം പെഷവാറിലെ ആക്രമണത്തിന്റെ കാര്യത്തിലുമുണ്ടാവണം. ഐക്യത്തിലൂടെ മാത്രമേ തീവ്രവാദത്തിനെതിരെ പോരാടാനാവൂ". ഖ്വാജ പറഞ്ഞു.
ജനുവരി 30ന് ഉച്ചക്ക് 1.30ഓടെയാണ് പെഷവാറിലെ പൊലീസ് ആസ്ഥാനത്തുള്ള പള്ളിയിൽ സ്‌ഫോടനം നടന്നത്. പള്ളിയിൽ പ്രാർഥന നടന്നുകൊണ്ടിരിക്കുമ്പോൾ മുൻ നിരയിലുണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം നിരവധി പേർ പള്ളിയിലുണ്ടായിരുന്നു. പൊലീസിന്‍റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചാകും ചാവേര്‍ പള്ളിയില്‍ കടന്നുകൂടിയതെന്ന് സംശയിക്കുന്നുണ്ട്.
സ്‌ഫോടനത്തിൽ പള്ളിയുടെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നു വീണതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. രക്ഷാപ്രവർത്തനം പൂർത്തിയായാൽ സ്ഫോടനത്തിന്റെ കൃത്യമായ സ്വഭാവം വ്യക്തമാകുമെന്നും കാപിറ്റൽ സിറ്റി പൊലീസ് ഓഫീസർ ഖാൻ കൂട്ടിച്ചേർത്തു.
പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും കഴിഞ്ഞ ആഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ടിടിപി കമാൻഡർ ഉമർ ഖാലിദ് ഖുറസാനിയുടെ മരണത്തിന് പകരം വീട്ടാനാണ് ഇതെന്നും തെഹ്രീകെ താലിബാൻ അവകാശപ്പെട്ടതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 101 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.