നദിക്കരയിൽ പ്രാര്‍ഥനയ്ക്കിടെ ഇരച്ചെത്തി പ്രളയ ജലം; 14 മരണം
|പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും നദിയിലേക്ക് ചാഞ്ഞുനിന്നിരുന്ന ഒരു മരത്തില്‍ പിടിച്ച് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
നദിക്കരയിൽ നടന്ന പ്രാര്‍ഥനാ ചടങ്ങിനിടെ ഇരച്ചെത്തി പ്രളയ ജലം. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലിൽ 14 മരണം. ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗിലാണ് ദാരുണ സംഭവം. 30ഓളം പേർ പങ്കെടുത്ത പ്രാർഥനയ്ക്കിടെ ഇവരിൽ ചിലർ നദിയിലെ വലിയ പാറയ്ക്ക് മുകളിൽ നിൽക്കുകയായിരുന്നു. ഈ സമയമാണ് ജുക്സ്കെയ് നദിയിലൂടെ വെള്ളം ഇരച്ചെത്തിയത്.
ശനിയാഴ്ചയാണ് സംഭവം. പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും നദിയിലേക്ക് ചാഞ്ഞുനിന്നിരുന്ന ഒരു മരത്തില്‍ പിടിച്ച് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
മഴക്കാലമായതിനാല്‍ ആളുകൾ നദിക്കരയില്‍ നിൽക്കുന്നത് വിലക്കിയിരിക്കെയാണ് ഒരു കൂട്ടം വിശ്വാസികൾ നദിയിലിറങ്ങി പ്രാര്‍ഥന നടത്തിയത്. വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയവര്‍ക്കായി നടത്തിയ തെരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഞായറാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ആദ്യ ദിനം നടത്തിയ തെരച്ചിലില്‍ രണ്ടു പേരുടെ മൃതദേഹവും ഞായറാഴ്ച 12 പേരുടെ മൃതദേഹവുമാണ് കണ്ടെത്തിയതെന്ന് ജൊഹനാസ്ബെർഗ് എമർജൻസി മാനേജ്മെന്റ് സർവീസ് വക്താവ് റോബർട്ട് മുലൗവ്സി അറിയിച്ചു. വിശ്വാസികളില്‍ ചിലരാണ് അഞ്ചോളം പേരെ രക്ഷിച്ചതെന്ന് പള്ളിയുമായി ബന്ധപ്പെട്ട വിക്ടർ എൻക്യൂബെ പറഞ്ഞു.
മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ട വളരെയേറെ ദൂരം പോയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മൂന്നു പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന. അഗ്നിശമന സേനയും പൊലീസും മുങ്ങൽ വിദഗ്ധരും ചേർന്നാണ് കാണാതായവർക്കായി തെരച്ചിൽ നടത്തുന്നത്.
രാജ്യത്തെ വിവിധ വിശ്വാസി സമൂഹങ്ങള്‍ ഇത്തരത്തിൽ നദിക്കരയില്‍ പ്രാർഥന സാഹചര്യത്തില്‍ ഒരിക്കല്‍ക്കൂടി അപകട മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഏത് സമയവും പ്രളയത്തിന് സാധ്യതയുണ്ടെന്നിരിക്കെ ഇത്തരം ചടങ്ങുകള്‍ നടത്തരുതെന്നാണ് അധികൃതരുടെ നിർദേശം.