World
ആ ബട്ടന്‍ അമർത്തുമോ പുടിൻ? റഷ്യ ആണവായുധം പ്രയോഗിച്ചാൽ എന്തു സംഭവിക്കും?
World

ആ ബട്ടന്‍ അമർത്തുമോ പുടിൻ? റഷ്യ ആണവായുധം പ്രയോഗിച്ചാൽ എന്തു സംഭവിക്കും?

Web Desk
|
28 Feb 2022 12:29 PM GMT

റഷ്യയില്ലാത്തൊരു ലോകം ഇവിടെ വേണ്ടെന്നും തങ്ങളെ നശിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഒരു അഭിമുഖത്തിൽ വ്‌ളാദ്മിർ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു

''പുടിൻ ഒരിക്കലും ക്രീമിയ പിടിച്ചടക്കില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, അതു സംഭവിച്ചു. പിന്നീട് ഡൊൺബാസ് ആക്രമിക്കില്ലെന്ന് ഉറപ്പിച്ചു. അതും സംഭവിച്ചു. ഒടുവിൽ യുക്രൈനിൽ ഒരു സമ്പൂർണ സൈനിക നടപടിക്ക് റഷ്യ പോകില്ലെന്ന് ഉറപ്പിച്ചതും തെറ്റി. അതുകൊണ്ടൊക്കെത്തന്നെ പുടിൻ ആണവായുധ ബട്ടൻ അമർത്തില്ലെന്നും എനിക്ക് ഇപ്പോൾ ഉറപ്പിക്കാനാകില്ല...''

മുതിർന്ന ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും ബി.ബി.സിയുടെ മോസ്‌കോ ലേഖകനുമായ സ്റ്റീവ് റോസൻബർഗ് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിന്റെ ആണവായുധ മുന്നൊരുക്കത്തിനുള്ള ആഹ്വാനത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. യുക്രൈനിൽ തലസ്ഥാനമായ കിയവും പിടിച്ചടക്കാനുള്ള അവസാന പോരാട്ടം ശക്തമാക്കുന്നതിനിടെ യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക അടക്കമുള്ള ലോകശക്തികളും കടുത്ത ഉപരോധവുമായി റഷ്യയോട് തിരിച്ചടിക്കുകയാണ്. ഈ ഘട്ടത്തിലാണ് പുടിന്റെ അവസാനത്തെ മുന്നറിയിപ്പ്. സേനാതലവന്മാർക്കാണ് കഴിഞ്ഞ ദിവസം പുടിൻ ആണവായുധം സജ്ജമാക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

2018ൽ ഒരു ഡോക്യുമെന്ററിക്കു വേണ്ടി പുടിൻ നൽകിയ അഭിമുഖവും ഓർമിപ്പിക്കുന്നുണ്ട് സ്റ്റീവ് റോസൻബർഗ്. ആരെങ്കിലും റഷ്യയെ നശിപ്പിക്കാൻ തീരുമാനിച്ചാൽ പ്രതികരിക്കാനുള്ള നിയമപരമായ അവകാശം തങ്ങൾക്കുണ്ട്. അത് മനുഷ്യകുലത്തിനും ലോകത്തിനും ഒന്നാകെ വൻദുരന്തമാകുമെന്നായിരുന്നു പുടിൻ അന്ന് വ്യക്തമാക്കിയത്. റഷ്യയില്ലാത്തൊരു ലോകം ഇവിടെ വേണ്ടെന്നും അഭിമുഖത്തിൽ പുടിൻ മുന്നറിയിപ്പ് നൽകി.

ആ മുന്നറിയിപ്പിനെ അത്ര ഭയക്കണോ?

യുക്രൈൻ അധിനിവേശം പ്രഖ്യാപിച്ച് പുടിൻ ലോകരാജ്യങ്ങൾക്ക് കൃത്യമായൊരു മുന്നറിയിപ്പുകൂടി നൽകിയിരുന്നു. യുക്രൈനിലെ സൈനികനടപടിയിൽ ആര് ഇടപെടാൻ വന്നാലും ചരിത്രത്തിൽ ഒരുകാലത്തും അനുഭവിച്ചിട്ടില്ലാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് പുടിൻ വ്യക്തമാക്കിയത്.

ചരിത്രത്തിൽ ഒരുകാലത്തും കണ്ടിട്ടില്ലെന്ന പ്രയോഗത്തിന്റെ കൃത്യമായ സൂചന തന്നെ ആണവായുധ ആക്രമണമാണെന്ന് വ്യക്തമാണെന്നാണ് അന്താരാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. ആണവായുധം കൈവശമില്ലാത്ത രാജ്യത്തിനെതിരെയും ഇങ്ങോട്ട് പ്രയോഗിക്കാത്ത രാജ്യത്തിനെതിരെയും അത് ഉപയോഗിക്കരുതെന്ന് അലിഖിതമായൊരു നിയമമുണ്ട്. കഴിഞ്ഞ 75 വർഷവും ലോകരാജ്യങ്ങൾ ആ തത്വങ്ങൾ പിന്തുടർന്നുവന്നിട്ടുണ്ടെങ്കിലും എപ്പോഴും അപ്രവചനാത്മക സ്വഭാവമുള്ള പുടിന്റെ കാര്യത്തിൽ ഒന്നും പറയാനാകില്ല എന്നതാണ് സത്യം. അതുകൊണ്ടൊക്കെത്തന്നെയാണ് യുക്രൈൻ സംഘർഷത്തിന്റെ തുടക്കംമുതൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും യുക്രൈൻ അതിർത്തിയിലുമെല്ലാം ആയിരക്കണക്കിനു സൈനികരെയും യുദ്ധക്കപ്പലുകളും വിന്യസിച്ച അമേരിക്കയും നാറ്റോയുമെല്ലാം യുദ്ധം ആരംഭിച്ച ശേഷം ഇടപെടാതെ സംയമനം പാലിച്ചത്.

എന്താണ് പുടിന്‍റെ പ്ലാന്‍?

ആണവായുധങ്ങൾ വെറുതെയൊരു സൈദ്ധാന്തിക നിർദേശം മാത്രമല്ലെന്ന് പുടിൻ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ പുടിൻ അത്തരമൊരു പ്രയോഗത്തിലേക്ക് പോകില്ലെന്ന് ഒരിക്കലും ഉറപ്പിക്കാനാകില്ല.

എന്നാൽ, അത്തരമൊരു അറ്റകൈപ്രയോഗത്തിലേക്ക് നീങ്ങിയാൽ യുക്രൈനിലോ അയൽരാജ്യങ്ങളിലോ ഒന്നുമാകില്ല അതെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ വടക്ക് സമുദ്രത്തിലാകും പുടിന്റെ ആണവ പ്രയോഗമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടനും ഡെന്മാർക്കിനുമിടയിലുള്ള രാജ്യങ്ങൾക്കെല്ലാം അതിന്റെ ദുരിതം അനുഭവിക്കേണ്ടിവരും. ബ്രിട്ടനു പുറമെ നോർവേ, ജർമനി, നോർവേ, ബെൽജിയം, നെതർലൻഡ്‌സ് അടക്കമുള്ള രാജ്യങ്ങളിലെല്ലാം അതിന്റെ ആഘാതമുണ്ടാകും.

യൂറോപ്യൻ യൂനിയൻ റഷ്യൻ വിമാനങ്ങൾക്ക് വ്യോമവിലക്ക് ഏർപ്പെടുത്തിയതിനു പുറമെ കടുത്ത സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ സമ്പദ്ഘടനയെത്തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ റഷ്യൻ സെൻട്രൽ ബാങ്കിന്റെ സ്വത്തുക്കൾ മരവിപ്പിക്കുന്നതിലേക്കും ഇ.യു കടക്കുകയാണ്. ജർമനി യുക്രൈന് സഹായവുമായി സൈന്യത്തെ അയക്കാനും തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. അമേരിക്കയടക്കമുള്ള ലോകശക്തികളും ജപ്പാനും സിംഗപ്പൂരും ആസ്‌ട്രേലിയയുമെല്ലാം ഉപരോധമടക്കമുള്ള കടുത്ത നടപടികളിലേക്കു നീങ്ങിയ പശ്ചാത്തലത്തിൽ പുടിൻ കടുംകൈ ചെയ്യുമോ എന്ന ആശങ്കയിൽ തന്നെയാണ് ലോകം.

Summary: Would Putin press the nuclear button?

Similar Posts