മാസ്കില്ല, സാമൂഹിക അകലമില്ല; വുഹാനിലിപ്പോള് എല്ലാം 'പെര്ഫെക്ട് ഓക്കെ' ആണ്
|വുഹാനിലെ സെൻട്രൽ ചൈന നോർമൽ സർവകലാശാലയിൽ നടന്ന ചടങ്ങിൽ തിങ്ങിനിറഞ്ഞ സദസിനുമുൻപിൽ 11,000ത്തോളം വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്
ഒരു വർഷം മുൻപ് വരെ ലോകം കേൾക്കാൻ ഭയക്കുന്ന ഒരു നാടിന്റെ പേരായിരുന്നു വുഹാൻ. മധ്യ ചൈനീസ് പ്രവിശ്യയായ ഹൂബെയുടെ തലസ്ഥാനമായ ഈ നഗരത്തിൽനിന്നായിരുന്നു കോവിഡ് മഹാമാരി ലോകത്തിന്റെ മുക്കുമൂലകളിലേക്കു പടർന്നുപിടിച്ചത്.
എന്നാൽ, ലോകം ഇപ്പോഴും മഹാമാരിയെ ഭയന്ന് വീടുകളിൽ അടച്ചുകഴിയുമ്പോൾ വുഹാനിലെ സ്ഥിതിഗതികൾ വിചിത്രകരമാണ്. ഒരു വർഷം മുൻപ് വരെ കർക്കശമായ കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കിയ നഗരത്തിൽ പക്ഷെ ഇപ്പോൾ മാസ്കില്ല, സാമൂഹിക അകലം പാലിക്കലില്ല, മറ്റ് നിയന്ത്രണങ്ങളൊന്നുമില്ല. എല്ലാവരും സർവതന്ത്ര സ്വതന്ത്രർ!
കഴിഞ്ഞ ദിവസം വുഹാനിലെ സെൻട്രൽ ചൈന നോർമൽ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുത്തത് വൻ ജനക്കൂട്ടമാണ്. സർവകലാശാല മൈതാനത്ത് തിങ്ങിനിറഞ്ഞ സദസിനുമുൻപിൽ 11,000ത്തോളം വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. ചടങ്ങിൽ ഒരാളുടെ മുഖത്തും മാസ്ക് കാണാനില്ല.
ഇത്രയും വിദ്യാർത്ഥികൾ ഒരുമിച്ചുകൂടിയിട്ടും ഒരു തരത്തിലുമുള്ള സാമൂഹിക അകലവും പാലിക്കാതെ തൊട്ടുരുമ്മിയാണ് ഇരിക്കുകയാണ് എല്ലാവരും. ഔദ്യോഗിക സനദ് വേഷമായ ഗൗണും തൊപ്പിയുമണിഞ്ഞ് കസേരകളിലിരുന്നു പരസ്പരം സന്തോഷം പങ്കിടുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
2019ൽ കോവിഡ് തലപൊക്കിത്തുടങ്ങുമ്പോൾ ലോകത്തിന് മാസ്കും സാമൂഹിക അകലവും ക്വാറന്റൈനുമടക്കമുള്ള മഹാമാരി പ്രോട്ടോക്കോളുകളൊന്നും അത്ര പരിചയമുണ്ടായിരുന്നില്ല. എന്നാൽ, ലോകമൊന്നടങ്കം കോവിഡ് പ്രോട്ടോക്കോൾ പുതിയൊരു 'സാധാരണ' ജീവിതശൈലിയാകുംമുൻപേ ഇതെല്ലാം കർക്കശമായി നടപ്പാക്കിയ സ്ഥലമാണ് വുഹാൻ. 76 ദിവസത്തോളമാണ് നഗരം മുഴുവൻ അടച്ചിട്ടത്. വീട്ടിലിരിപ്പും മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം കർശനമായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് പിന്നീട് നിയന്ത്രണങ്ങളൊക്കെ പിൻവലിച്ച് ജനജീവിതം സാധാരണനിലയിലേക്കു മടങ്ങിത്തുടങ്ങിയത്. ചൈന കോവിഡിനെ പൂർണമായും പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ട ശേഷമായിരുന്നു നടപടി.