World
ടിബറ്റിൽ ഷി ജിൻപിങ്ങിന്റെ അപ്രതീക്ഷിത സന്ദർശനം
World

ടിബറ്റിൽ ഷി ജിൻപിങ്ങിന്റെ അപ്രതീക്ഷിത സന്ദർശനം

Web Desk
|
23 July 2021 3:21 PM GMT

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ടിബറ്റിലെത്തുന്നത്

ചൈനയിലെ സ്വയംഭരണപ്രദേശമായ ടിബറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രസിഡന്റ് ഷി ജിൻപിങ്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ജിന്‍പിങ്ങിന്‍റെ സന്ദര്‍ശനം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ടിബറ്റിലെത്തുന്നത്.

ബുധനാഴ്ച ജിൻപിങ് ടിബറ്റിലെത്തിയിട്ടുണ്ടെങ്കിലും ചൈനീസ് സർക്കാർ മാധ്യമം ഏതാനും മണിക്കൂറുകള്‍ക്കുമുന്‍പാണ് വാർത്ത പുറത്തുവിട്ടത്. മൂന്നുദിവസം പ്രദേശത്ത് തങ്ങിയ ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഇന്നു മടങ്ങിയത്. ഇന്ത്യയിൽ കഴിയുന്ന ടിബറ്റൻ ആത്മീയ നായകൻ ദലൈലാമയുടെ പരമ്പരാഗത ഭവനമായ പൊട്ടാല പാലസിൽ അദ്ദേഹം സന്ദർശനം നടത്തി.

തദ്ദേശീയ വസ്ത്രങ്ങൾ ധരിച്ച ജനക്കൂട്ടത്തെ ജിൻപിങ് അഭിവാദ്യം ചെയ്യുന്ന വിഡിയോദൃശ്യങ്ങൾ ചൈനീസ് മാധ്യമം പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് പതാക വീശിയാണ് ജനക്കൂട്ടം അദ്ദേഹത്തെ യാത്രയാക്കിയത്. സന്ദർശനത്തിനു മുന്നോടിയായി ചൈനീസ് അധികൃതര്‍ തദ്ദേശവാസികളുടെ സഞ്ചാരം നിരീക്ഷിക്കുകയും മേഖലയിൽ അസാധാരണ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നതായി നേരത്തെ പ്രദേശവാസികൾ ആരോപിച്ചിരുന്നു. 10 വർഷം മുൻപ് വൈസ് പ്രസിഡന്റായിരിക്കെയും ജിൻപിങ് ടിബറ്റ് സന്ദർശിച്ചിരുന്നു.

ബുദ്ധഭൂരിപക്ഷ പ്രദേശമാണ് ടിബറ്റ്. ടിബറ്റിന്‍റെ അധികാരം തങ്ങൾക്കാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ, ഇന്ത്യയിലെ ഹിമാചൽപ്രദേശിലുള്ള ടിബറ്റ് ഭരണകൂടമാണ് ഇപ്പോൾ പ്രദേശത്തിന്റെ ഭരണം കൈയാളുന്നത്. ചൈനീസ് ഭരണകൂടം തങ്ങളുടെ മത, സാംസ്‌കാരിക സ്വാതന്ത്ര്യങ്ങളെല്ലാം ഹനിക്കുന്നതായി കാലങ്ങളായി ടിബറ്റുകാർ ആരോപിക്കുന്നുണ്ട്.

Related Tags :
Similar Posts