World
ലോക്ഡൗണ്‍ പിന്‍വലിക്കൂ; ചൈനയില്‍ അടച്ചുപൂട്ടലില്‍ പ്രതിഷേധിച്ച് ജനം തെരുവില്‍
World

ലോക്ഡൗണ്‍ പിന്‍വലിക്കൂ; ചൈനയില്‍ അടച്ചുപൂട്ടലില്‍ പ്രതിഷേധിച്ച് ജനം തെരുവില്‍

Web Desk
|
28 Nov 2022 4:24 AM GMT

"സി ജിൻപിംഗ്, ഇറങ്ങിപ്പോകൂ! സിസിപി, പടിയിറങ്ങൂ!" എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം

ബെയ്ജിംഗ്: ചൈനയില്‍ മാസങ്ങളായി തുടരുന്ന കോവിഡ് ലോക്ഡൗണിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി. "സി ജിൻപിംഗ്, ഇറങ്ങിപ്പോകൂ! സിസിപി, പടിയിറങ്ങൂ!" എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.

ലോക്ഡൗണുകള്‍, നീണ്ട ക്വാറന്‍റൈനുകള്‍, കൂട്ടപ്പരിശോധനകള്‍ എന്നിവ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് ചൈനീസുകാര്‍. വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിൽ വ്യാഴാഴ്ചയുണ്ടായ മാരകമായ തീപിടിത്തം പൊതുജനത്തിന്‍റെ രോഷത്തിന് ആക്കം കൂട്ടി. കോവിഡ് നിയന്ത്രണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായതാണ് കാരണം. തീപിടിത്തത്തിന് ശേഷം നൂറുകണക്കിന് ആളുകൾ ഉറുമ്പിയുടെ സർക്കാർ ഓഫീസുകൾക്ക് പുറത്ത് തടിച്ചുകൂടി, "ലോക്ക്ഡൗണുകൾ പിൻവലിക്കൂ!" എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു.

ഞായറാഴ്ച രാത്രി, തലസ്ഥാനമായ ബെയ്ജിംഗിലെ ഒരു നദിയുടെ തീരത്ത് മണിക്കൂറുകളോളം 400 പേരോളം ഒത്തുകൂടി. "ഞങ്ങളെല്ലാം സിൻജിയാങ് ജനതയാണ്! ചൈനക്കാരേ പോകൂ!" എന്ന് ആക്രോശിച്ചു കൊണ്ടിരുന്നു. ചൈനയിലെ ഏറ്റവും വലിയ മെട്രോപോളിസായ ഷാങ്ഹായ് ഡൗണ്ടൗണിൽ, സ്ഥലത്ത് നിന്ന് ആളുകളെ മാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ പ്രതിഷേധക്കാരുടെ ഗ്രൂപ്പുകളുമായി പൊലീസ് ഏറ്റുമുട്ടി. അവരിൽ ചിലർ "സി ജിൻപിംഗ്, ഇറങ്ങിപ്പോകൂ! സിസിപി, പടിയിറങ്ങൂ!"എന്ന് ആര്‍ത്തുവിളിക്കുകയും ചെയ്തു. കോവിഡ് ആദ്യമായി പൊട്ടിപ്പുറപ്പെട്ട വുഹാനിലും ഞായറാഴ്ച പ്രതിഷേധം നടന്നു. ഗ്വാങ്‌ഷോ, ചെങ്‌ഡു, ഹോങ്കോംഗ് എന്നിവിടങ്ങളിൽ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച നേരത്തെ, ബെയ്ജിംഗിലെ എലൈറ്റ് സിംഗ്വാ സർവകലാശാലയിലെ മൂന്നുറോളം വിദ്യാർഥികൾ ലോക്ഡൗണിനെതിരെ പ്രതിഷേധിച്ച് റാലി നടത്തി.സിയാൻ, ഗ്വാങ്‌ഷോ, വുഹാൻ എന്നിവിടങ്ങളിലെ കാമ്പസുകളിലും പ്രതിഷേധം നടന്നു. ഷാങ്ഹായിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ തങ്ങളുടെ മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൈകൾ കെട്ടി തല്ലുകയും ചെയ്തതായി ബിബിസി ഞായറാഴ്ച അറിയിച്ചു. തിങ്കളാഴ്ച ചൈനയില്‍ 40,052 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Similar Posts