World
നെതന്യാഹുവിനെ പുറത്താക്കാൻ ഇസ്രായേൽ സുരക്ഷാ ഏജൻസിയുടെ നീക്കം; ആരോപണങ്ങളുമായി മകൻ യായിർ
World

'നെതന്യാഹുവിനെ പുറത്താക്കാൻ ഇസ്രായേൽ സുരക്ഷാ ഏജൻസിയുടെ നീക്കം'; ആരോപണങ്ങളുമായി മകൻ യായിർ

Web Desk
|
13 Nov 2024 4:07 PM GMT

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും ഇന്റലിജൻസ് ഓഫീസർമാർക്കും ഹമാസിനെക്കാളും ദുരിതം സൃഷ്ടിക്കുന്നത് ഷിൻ ബെത്

തെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെത് ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപണവുമായി മകൻ യായിർ നെതന്യാഹു. ഏജൻസി ഇസ്രായേൽ സൈനികരെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് നടപടികളിലൂടെയും മറ്റും വേട്ടയാടുകയും ചെയ്യുന്നതായി അദ്ദേഹം ആരോപിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രമായി നിരവധി വിവാദങ്ങൾ തലപൊക്കുന്നതിനിടെയാണ് യായിർ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയാണ് യായിർ നെതന്യാഹുവിന്റെ ആരോപണങ്ങൾ. കോടതികളും മാധ്യമങ്ങളും പ്രോസിക്യൂട്ടർമാരും ചേർന്ന് ജനങ്ങളുടെ ജനാധിപത്യ തീരുമാനത്തെ അട്ടിമറിക്കാനുള്ള ശ്രമം മുൻപുണ്ടായിട്ടുണ്ട്. എന്നാൽ, ഷിൻ ബെത്തും സൈന്യവും ചേർന്ന് അത്തരമൊരു നീക്കം ഇതുവരെ നടത്തിയിട്ടില്ലെന്നും യായിർ പറഞ്ഞു. 1960കളിലെ ദക്ഷിണാഫ്രിക്കയുടെ സ്ഥിതിയാണിപ്പോൾ ഇസ്രായേലിലുള്ളത്. തന്റെ പിതാവിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ഷിൻ ബെത് നീക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും ഇന്റലിജൻസ് ഓഫീസർമാർക്കും ഹമാസിനെക്കാളും ദുരിതം സൃഷ്ടിക്കുന്നത് ഷിൻ ബെത് ആണെന്നും യായിർ തുടരുന്നു. ഒരു കാര്യവുമില്ലാതെ ഐഡിഎഫ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തവരാണ് ഷിൻ ബെത്. ഗസ്സയിലെ ഡോക്ടറായ ഡോ. മെൻഗെലെയെയും(അൽഷിഫ ആശുപത്രി ഡയരക്ടർ) നിരവധി ഭീകരവാദികളെയും ജയിലിൽ സ്ഥലമില്ലെന്നു പറഞ്ഞ് വെറുതെവിട്ടവരാണിവരെന്നും അദ്ദേഹം ആരോപിച്ചു.

ഒക്ടോബർ ഏഴിന് നടക്കുന്ന ആക്രമണത്തെ കുറിച്ച് ഹമാസ് നേതാവ് ഷിൻ ബെതിനു വിവരം നൽകിയതായുള്ള മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും യായിർ ഏറ്റുപിടിക്കുന്നുണ്ട്. ചെറിയ ആക്രമണം മാത്രമേ ഉണ്ടാകൂവെന്നാണ് ഇവർക്ക് സിൻവാർ നൽകിയ വിവരമെന്നായിരുന്നു വെളിപ്പെടുത്തൽ. ഇസ്രായേലിലെ ജയിലുകളിൽ അപകടകാരികളായ ആളുകളുണ്ടെന്നും ഹമാസ് പിടിച്ചുകൊണ്ടുപോയ ബന്ദികളെ ഉപയോഗിച്ചു തങ്ങളുടെ മോചനത്തിനു വേണ്ടി ഇവർ വിലപേശുകയാണെന്നും യായിർ ആരോപിക്കുന്നു. ദ ഹോസ്‌റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം ഉൾപ്പെടെ നടത്തുന്ന കാംപയിനുകൾ ഒരുപാട് പരിക്കുണ്ടാക്കിയിട്ടുണ്ടെന്നും യായിർ നെതന്യാഹു കുറ്റപ്പെടുത്തുന്നുണ്ട്.

അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് അടുത്തിടെയായി ഉയർന്നത്. അതീവരഹസ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട നിയമനടപടികളാണ് ഇതിലൊന്ന്. നെതന്യാഹുവിന്റെ വിശ്വസ്തനും അനൗദ്യോഗിക വക്താവുമായ എലി ഫെൽഡ്സ്‌റ്റൈൻ ആണു വിവരങ്ങൾ ചോർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യുദ്ധ കാബിനറ്റ് യോഗത്തിലെ മിനുട്‌സുകൾ തിരുത്തിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് ഓഫ് സ്റ്റാഫ് ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ രഹസ്യ വിഡിയോ ഉപയോഗിച്ച് ബ്ലാക്‌മെയിൽ ചെയ്‌തെന്നെല്ലാം വെളിപ്പെടുത്തലുകൾ വന്നത് അടുത്ത ദിവസങ്ങളിലാണ്. ഇതിനിടെയാണ് പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കുന്നതും. ഇത്തരത്തിൽ നെതന്യാഹു വിവാദത്തിനു നടുവിൽ നിൽക്കുമ്പോഴാണ് മകൻ സുരക്ഷാ ഏജൻസിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Summary: Yair Netanyahu accuses Shin Bet of trying to overthrow his father Benjamin Netanyahu, torturing IDF troops

Similar Posts