World
അടുത്തത് നിങ്ങളാണ്: ജെ.കെ റൗളിങിന് വധഭീഷണി
World

'അടുത്തത് നിങ്ങളാണ്': ജെ.കെ റൗളിങിന് വധഭീഷണി

Web Desk
|
14 Aug 2022 2:10 AM GMT

റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ചതിന് പിന്നാലെയായിരുന്നു വധഭീഷണി

സാഹിത്യകാരന്‍ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതിന് തനിക്ക് വധഭീഷണി ലഭിച്ചെന്ന് സാഹിത്യകാരി ജെ.കെ റൗളിങ്. ഭീഷണി സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് റൗളിങ് ട്വിറ്ററില്‍ പങ്കുവെച്ചു.

റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നാണ് ജെ.കെ റൗളിങ് ട്വീറ്റ് ചെയ്തത്. റുഷ്ദി വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൗളിങ് കുറിച്ചു. ഈ ട്വീറ്റിന് മറുപടിയായാണ് "വിഷമിക്കേണ്ട. നിങ്ങളാണ് അടുത്തത്" എന്ന ഭീഷണി സന്ദേശം റൗളിങിന് ലഭിച്ചത്. ന്യൂയോര്‍ക്കില്‍ സാഹിത്യ പരിപാടിക്കിടെ റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെ ഭീഷണി സന്ദേശം അയച്ചയാള്‍ പ്രശംസിക്കുകയും ചെയ്തു.

വിഖ്യാത നോവല്‍ സീരീസായ ഹാരിപോട്ടറിന്‍റെ രചയിതാവാണ് ജെ.കെ റൗളിങ്. റൗളിങ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെന്‍റിലേറ്ററിലാണ് അദ്ദേഹമുള്ളത്. റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ വെച്ച് കുറ്റം നിഷേധിച്ചെങ്കിലും ഹാദി മാതറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമിയുടെ പശ്ചാത്തലത്തെ കുറിച്ചും എന്തിനാണ് റുഷ്ദിയെ ആക്രമിച്ചത് എന്നതിനെ കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.

ഹാദി മാതർ ഇറാനിലെ ഒരു പാർട്ടിയോട് അനുഭാവം പുലർത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടെത്തിയെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ആർക്കും ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ കഴിയാത്ത വ്യക്തിയാണ് റുഷ്ദിയെന്നും അമേരിക്കക്കാർക്കും ലോകത്തിനും ഒപ്പം അദ്ദേഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെടാനായി പ്രാർഥിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.



Similar Posts