സീറ്റില്ലാത്ത മെട്രോ യാത്ര മടുത്തു; വീട്ടിൽ നിന്ന് സോഫയുമായെത്തി യുവാവ്
|ഭാരക്കുറവുള്ളതിനാൽ ബാഗുപോലെ പിന്നിൽ തൂക്കിയിടാനാകുമെന്നും യുവാവ് പറയുന്നു
ബീജിങ്: ജോലിയൊക്കെ കഴിഞ്ഞ് ക്ഷീണിച്ച് ഓടിക്കയറി മെട്രോയിൽ കയറിയാൽ സീറ്റുണ്ടാകില്ല. പിന്നെ സ്റ്റോപ്പ് എത്തുന്നതുവരെ നിന്നുകൊണ്ട് യാത്രചെയ്യേണ്ടിവരും. ദിവസവും ഇതുതന്നെയാകും സ്ഥിതി. സീറ്റില്ലാത്തതിനാൽ വേറെ എന്തുചെയ്യാനാകും എന്നല്ലേ ചോദ്യം. എന്നാൽ ചൈനയിലെ ഒരു യുവാവ് ഇതിനൊരു പരിഹാരം കണ്ടെത്തി. ആ സൂത്രപ്പണിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. അതേ വേറൊന്നുമല്ല. വീട്ടിന്നു വരുമ്പോൾ ഒറ്റ സീറ്റുള്ള സോഫയും കൊണ്ടു വരിക. ബാക്ക്പാക്ക് ബാഗ് പോലെസിംഗിൾ സീറ്റ് സോഫയും ചുമന്ന് മെട്രോ സ്റ്റേഷനിലെത്തുന്ന യുവാവിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
മെട്രോ ജീവനക്കാരുടെ അനുമതിയോടെയാണ് സോഫ പ്ലാറ്റ്ഫോമിലും ട്രെയിനിനുള്ളിലും കയറ്റുന്നത്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡിസൈനറെക്കൊണ്ടാണ് ഭാരക്കുറവുള്ള സോഫ ഉണ്ടാക്കിയത്. ഭാരക്കുറവുള്ളതിനാൽ സോഫ ബാഗുപോലെ പിന്നിൽ തൂക്കിയിടാനാകുമെന്നും യുവാവ് ടിയാൻമു ന്യൂസിനോട് പറഞ്ഞു.
ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സീറ്റ് കിട്ടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് സ്വന്തമായി സോഫ വേണമെന്ന ആശയം തോന്നിയതെന്ന് ഇയാൾ പറഞ്ഞു. മെട്രോ സ്റ്റാഫിന്റെ അനുമതി വാങ്ങിയതിനാൽ സുരക്ഷാപരിശോധനകൾ പ്രശ്നമുണ്ടാകാറില്ല. ഹാങ്സൗ മുനിസിപ്പൽ ട്രാൻസ്പോർട്ടേഷൻ ബ്യൂറോയുടെ കണക്കനുസരിച്ച്, യാത്രക്കാർക്ക് 30 കിലോഗ്രാം വരെ സാധനങ്ങൾ മാത്രമേ കൊണ്ടുപോകാൻ കഴിയും.