കാബിൻ ക്രൂവിന് ഭക്ഷണം വാങ്ങിക്കൊടുക്കാൻ പൈലറ്റ് ഇറങ്ങി, വിമാനം ഒരുമണിക്കൂർ വൈകി; വെെറലായി പെെലറ്റിന്റെ വിശദീകരണം
|വിമാനത്തിൽ വിതരണം ചെയ്ത സാൻഡ്വിച്ച് കഴിക്കാൻ കഴിയാതിരുന്ന കാബിൻ ക്രൂവിനാണ് പൈലറ്റ് ഭക്ഷണം വാങ്ങി കൊടുത്തത്.
ലിസ്ബൺ: ഒരു മണിക്കൂറോളം വിമാനം വൈകിയതിന് പൈലറ്റ് പറഞ്ഞ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് യാത്രക്കാർ. വിമാനം വൈകിയതിന് താനാണ് കാരണക്കാരനെന്ന് പൈലറ്റ് യാത്രക്കാരോട് പറയുന്നതിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിമാനത്തിൽ വിതരണം ചെയ്ത സാൻഡ്വിച്ച് കഴിക്കാൻ കഴിയാതിരുന്ന കാബിൻ ക്രൂവിനാണ് പൈലറ്റ് ഭക്ഷണം വാങ്ങി കൊടുത്തത്. ലിസ്ബണിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലാണ് സംഭവം. ബ്രീട്ടിഷ് മാധ്യമമായ ഡെയ്ലി മെയിലാണ് വീഡിയോ പുറത്തു വിട്ടത്.
''എന്റെ സഹപ്രവർത്തകർ വളരെ മോശമായ സാൻഡ്വിച്ചുകൾ കഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ എനിക്ക് ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കേണ്ടി വന്നു. ടെർമിനലിലേക്ക് തിരികെ പോകേണ്ടി വരികയും വീണ്ടും സുരക്ഷാ പരിശോധന നടത്തി, പാസ്പോർട്ട് പരിശോധന നടത്തേണ്ടി വന്നു. യാത്രക്കാർ കാത്തിരിക്കുമ്പോൾ വിമാനത്തിലെ ജീവനക്കാർക്ക് എന്തെങ്കിലും വാങ്ങാൻ ക്യൂ ഒഴിവാക്കാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു ഉത്തരം. യാത്രക്കാർ കാത്തിരിക്കുമ്പോൾ, ക്രൂവിന് എന്തെങ്കിലും വാങ്ങാനായി വരി നിൽക്കുന്നത് ശരിയല്ലെന്നറിയാം. നിങ്ങളുടെ ക്ഷമക്ക് നന്ദി.'' എന്ന് പൈലറ്റ് പറഞ്ഞു.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പെെലറ്റിനെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്. 'സഹപ്രവർത്തകർ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണ് അദ്ദേഹം വിമാനം വൈകിപ്പിച്ചത്. നന്നായി ഭക്ഷണം കഴിക്കൂ...സുരക്ഷിതമായി വിമാനം പറത്തൂ' പൈലറ്റിനെ പിന്തുണച്ച് പലരും കമന്റ് ചെയ്തു. 'ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ യാത്രക്കാർ എന്തുചെയ്യണം. സ്വയം പറക്കണോ?, അവരും മനുഷ്യരാണ്. നന്നായി ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ളവർ' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.