World
സഹായം വേണം, ഇപ്പോഴാണ് ഞങ്ങൾക്ക് നിങ്ങളെ ആവശ്യം; യു.എസ് കോൺഗ്രസിൽ സെലൻസ്‌കി
World

'സഹായം വേണം, ഇപ്പോഴാണ് ഞങ്ങൾക്ക് നിങ്ങളെ ആവശ്യം'; യു.എസ് കോൺഗ്രസിൽ സെലൻസ്‌കി

Web Desk
|
17 March 2022 3:54 AM GMT

റഷ്യയ്‌ക്കെതിരായ ഉപരോധം കൂടുതൽ ശക്തമാക്കണമെന്നും അമേരിക്കൻ വ്യവസായ സ്ഥാപനങ്ങളെ റഷ്യയിൽനിന്ന് പിൻവലിക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു

റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി. യു.എസ് കോണ്‍ഗ്രസിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സെലന്‍സ്കിയുടെ അഭ്യര്‍ത്ഥന. റഷ്യയ്‌ക്കെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കണമെന്നും അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങളെ റഷ്യയില്‍നിന്ന് പിന്‍വലിക്കണമെന്നും സെലന്‍സ്കി ആവശ്യപ്പെട്ടു.

എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കിയാണ് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സെലന്‍സ്കിയെ സ്വീകരിച്ചത്. റഷ്യ യുക്രൈന്‍റെ ആകാശത്തെ മരണത്തിന്‍റെ ഉറവിടമാക്കിത്തീര്‍ത്തു. 80 വർഷങ്ങളി‍ക്കിടെ യൂറോപ്പ് കണ്ടിട്ടില്ലാത്ത ഭീകരതയാണ് നടക്കുന്നതെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യന്‍ ജനപ്രതിനിധികളെ ഉപരോധിക്കണം, സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കണം. സമാധാനമാണ് സമ്പത്തിനെക്കാള്‍ പ്രധാനപ്പെട്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

"റഷ്യ ഞങ്ങളുടെ രാജ്യത്തെയോ ഞങ്ങളുടെ നഗരങ്ങളെയോ മാത്രമല്ല തകര്‍ത്തത്, ഞങ്ങളുടെ മൂല്യങ്ങള്‍ക്കെതിരെ, സ്വന്തം രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനെതിരെ, നമ്മുടെ ദേശീയ സ്വപ്നങ്ങൾക്കെതിരെ ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. അമേരിക്കന്‍ ജനത മുറുകെപ്പിടിക്കുന്ന അതേ സ്വപ്‌നങ്ങള്‍ക്ക് നേരെയാണ് ആക്രമണം" സെലന്‍സ്കി വ്യക്തമാക്കി.

"ഞങ്ങള്‍ക്ക് നിങ്ങളെ ഇപ്പോഴാണ് ആവശ്യം. ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. പക്ഷെ, കൂടുതല്‍ സഹായം വേണം", സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ അധിനിവേശം മൂന്നാഴ്ച പിന്നിടുമ്പോള്‍ യുദ്ധ തീവ്രത വ്യക്തമാക്കുന്ന ഗ്രാഫിക് വീഡിയോയും സെലന്‍സ്‌കി കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചു. റഷ്യന്‍ ആക്രമണങ്ങളെ പേള്‍ ഹാബര്‍ ആക്രമണത്തോടും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടും ഉപമിച്ചായിരുന്നു സെലന്‍സ്കി സംസാരിച്ചത്.

Similar Posts