World
പുരുഷന്മാര്‍ രാജ്യം വിടുന്നത് വിലക്കി; തോക്കുകള്‍ നല്‍കി യുദ്ധത്തിനിറങ്ങാന്‍ നാട്ടുകാര്‍ക്ക് ആഹ്വാനം
World

പുരുഷന്മാര്‍ രാജ്യം വിടുന്നത് വിലക്കി; തോക്കുകള്‍ നല്‍കി യുദ്ധത്തിനിറങ്ങാന്‍ നാട്ടുകാര്‍ക്ക് ആഹ്വാനം

Web Desk
|
25 Feb 2022 12:13 PM GMT

18,000ത്തോളം തോക്കുകള്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്തതായി യുക്രൈന്‍ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നികോവ് അറിയിച്ചു

തലസ്ഥാനമായ കിയവ് ലക്ഷ്യമിട്ട് റഷ്യന്‍സൈന്യം ആക്രമണം കടുപ്പിച്ചതോടെ പൗരന്മാരോടും പോരാട്ടത്തിനിറങ്ങാന്‍ ആഹ്വാനവുമായി യുക്രൈന്‍. 18,000ത്തോളം തോക്കുകള്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്തതായി യുക്രൈന്‍ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നികോവ് അറിയിച്ചു.

നേരത്തെ 60 വയസിനു മുകളിലുള്ളവരോട് യുദ്ധത്തിനിറങ്ങാനായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ എല്ലാവരോടും രാജ്യത്തെ കാക്കാന്‍ ഇറങ്ങണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് സെലന്‍സ്‌കി. ഇതോടൊപ്പം, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ രാജ്യംവിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവര്‍ക്കും ആയുധം ലഭ്യമാക്കുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം വീടുകളില്‍ പെട്രോള്‍ ബോംബുകള്‍ നിര്‍മിക്കാനും പ്രതിരോധ മന്ത്രാലയം പൗരന്മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കിയവിന് തൊട്ടടുത്തുള്ള വടക്കന്‍ ജില്ലയായ ഒബലോണില്‍ റഷ്യന്‍നീക്കം അറിയിക്കാന്‍ പൗരന്മാരോട് നിര്‍ദേശവും നല്‍കി.


കിയവ് വളഞ്ഞ് റഷ്യന്‍പട; പോരാട്ടം രൂക്ഷം

അതേസമയം, കിയവില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് റഷ്യന്‍-യുക്രൈന്‍ സൈന്യങ്ങള്‍ തമ്മില്‍ നടക്കുന്നത്. നഗരത്തിന്റെ വടക്കന്‍ പ്രാന്തപ്രദേശങ്ങളിലൂടെയാണ് റഷ്യന്‍ സൈന്യം തലസ്ഥാനത്തേക്ക് ഇരച്ചുകയറുന്നത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ ഡിമെര്‍, ഇവാന്‍കിവ് എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സൈനികനടപടിക്കിടെ 450 റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

കിയവിനടുത്ത് വെടിയൊച്ചകള്‍ കേട്ടതായി ബി.ബി.സി അടക്കമുള്ള വിദേശമാധ്യമങ്ങളുടെ ലേഖകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം നഗരത്തില്‍നിന്ന് കേള്‍ക്കാനാകുന്നെേുണ്ടന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, റഷ്യന്‍സൈനിക നീക്കത്തിന്റെ കൃത്യമായ ഗതി ഇതുവരെ മനസിലാക്കാനായിട്ടില്ല.

റഷ്യയ്ക്ക് യുക്രൈനില്‍ എന്താണ് കാര്യം?

യുഎസ് നേതൃത്വം നല്‍കുന്ന മുപ്പത് പാശ്ചാത്യന്‍ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയില്‍ അംഗത്വമെടുക്കാനുള്ള യുക്രൈന്റെ ശ്രമങ്ങളാണ് റഷ്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് യുക്രൈന്‍ നാറ്റോയില്‍ അംഗത്വം ആവശ്യപ്പെട്ടത്. അതിര്‍ത്തി രാഷ്ട്രത്തില്‍ നാറ്റോ സഖ്യസേനയ്ക്ക് താവളമൊരുങ്ങുന്നത് റഷ്യ ആശങ്കയോടെയാണ് കാണുന്നത്. ശീതയുദ്ധ കാലത്തെ അനുഭവങ്ങള്‍ റഷ്യയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നാറ്റോയ്ക്കും തങ്ങള്‍ക്കുമിടയിലെ 'നോ മാന്‍സ് ലാന്‍ഡ്' ആയാണ് റഷ്യ യുക്രൈനെ കാണുന്നത്. നാറ്റോയില്‍ അംഗത്വമെടുക്കുന്ന നിലപാടുമായി മുമ്പോട്ടു പോയാല്‍ കടുത്ത നടപടികള്‍ക്കു വിധേയമാകുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്‍ നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.


എന്നാല്‍ തങ്ങള്‍ പരമാധികാര രാഷ്ട്രമാണ് എന്നും സ്വന്തം തീരുമാനവുമായി മുമ്പോട്ടുപോകുമെന്നും യുക്രൈന്‍ പ്രസിഡണ്ട് വ്ളോദിമിര്‍ സെലന്‍സ്‌കി നിലപാടെടുത്തു. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങള്‍ക്ക് നാറ്റോ അംഗത്വം നല്‍കിയതാണ് സെലന്‍സ്‌കിയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇതോടെ യുക്രൈയന്‍ അതിര്‍ത്തികളിലും സഖ്യരാഷ്ട്രമായ ബെലറൂസിലും റഷ്യ സേനയെ വിന്യസിച്ചു. രണ്ടു ലക്ഷത്തിലേറെ സൈനികരാണ് അതിര്‍ത്തിയില്‍ ഉണ്ടായിരുന്നത്. നാറ്റോയില്‍ ചേരില്ലെന്ന ഉറപ്പ് യുക്രൈനില്‍ നിന്നും പാശ്ചാത്യന്‍ രാജ്യങ്ങളില്‍ നിന്നും ലഭിക്കണമെന്നാണ് പുടിന്റെ നിലപാട്.

മാറിനില്‍ക്കുന്ന യുഎസ്

യുദ്ധ ഭീഷണി ഉയര്‍ന്ന വേളയില്‍ യുക്രൈനു വേണ്ടി നിലകൊണ്ട രാഷ്ട്രമാണ് യുഎസ്. ആവശ്യമെങ്കില്‍ സൈനിക സഹായം നല്‍കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയതിന് ശേഷം, സൈനിക നടപടികളില്‍ നിന്നു വിട്ടു നില്‍ക്കുകയാണ് അമേരിക്ക. പകരം ഉപരോധം കടുപ്പിക്കുകയാണ് ചെയ്തത്. യുഎസിലുള്ള എല്ലാ സമ്പത്തും മരവിപ്പിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിന് പുറമേ, യൂറോപ്പും റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഉപരോധം റഷ്യമായി കാര്യമായി അലട്ടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എണ്ണ, പ്രകൃതിവാതക കയറ്റുമതിയാണ് പ്രധാനമായും യൂറോപ്പുമായി റഷ്യക്കുള്ളത്. ഏത് ഉപരോധത്തിനിടയിലും അവ സുരക്ഷിതമായി കയറ്റി അയക്കപ്പെടും. കാരണം, അത് യൂറോപ്പിന്റെ കൂടി ആവശ്യമാണ്. എന്നാല്‍ നോര്‍ട് സ്ട്രീം-2 പൈപ്പ് ലൈന്‍ പദ്ധതി നിര്‍ത്തിവയ്ക്കാനുള്ള ജര്‍മനിയുടെ തീരുമാനം റഷ്യക്ക് തിരിച്ചടിയാണ്. റഷ്യയില്‍ നിന്ന് ജര്‍മനി വരെ നീളുന്ന പ്രകൃതിവാതക പൈപ്പ്ലൈനാണ് നോര്‍ഡ് സ്ട്രീം 2. ചൈന നല്‍കുന്ന പിന്തുണയും റഷ്യക്ക് ബലമേകുന്നു. യുക്രൈനില്‍ റഷ്യ നടത്തിയത് അധിനിവേശമല്ല എന്ന നിലപാടാണ് ചൈനയുടേത്.

മൂന്നാം ലോകയുദ്ധമോ?

റഷ്യ-യുക്രൈന്‍ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമോ എന്ന് ലോകം ആശങ്കപ്പെടുന്നു. ആക്രമണം നീണ്ടു പോയാല്‍ ഇതോട് യുഎസും നാറ്റോയും എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമിത്. എന്നാല്‍ ലോകമഹായുദ്ധമല്ല, രണ്ടാം ശീതയുദ്ധത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ചില വിദഗ്ധര്‍ പറയുന്നു.


യുക്രൈനില്‍ സര്‍വാധിപത്യം സ്ഥാപിക്കാനായാല്‍ മധ്യയൂറോപ്പില്‍ റഷ്യക്ക് കൂടുതല്‍ സ്വാധീനം ഉണ്ടാക്കാനാകും. യുക്രൈന്‍ അധീനതയിലായാല്‍ നാറ്റോ അംഗ രാജ്യങ്ങളായ പോളണ്ടിന്റെ കിഴക്കന്‍ അതിര്‍ത്തിയിലേക്കും സ്ലൊവാക്യ, ഹംഗറി, റൊമാനിയ രാജ്യങ്ങളുടെ വടക്കന്‍ അതിര്‍ത്തിയിലേക്കും റഷ്യക്ക് എളുപ്പത്തില്‍ എത്താനാകും. അയല്‍രാജ്യമായ ബെലറൂസ് ഇപ്പോള്‍ തന്നെ റഷ്യന്‍ സഖ്യരാഷ്ട്രമാണ്. ഭൂമിശാസ്ത്രപരമായി റഷ്യയ്ക്ക് ലഭിക്കുന്ന ഈ മേധാവിത്വം എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാള്‍ട്ടിക് രാഷ്ട്രങ്ങളും ഭീഷണിയാകും.

സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കും

കോവിഡ് മഹാമാരിയില്‍ ഉലഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതായിരിക്കും യുദ്ധം. യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ ക്രൂഡ് ഓയില്‍ വിലയും സ്വര്‍ണവിലയും വര്‍ധിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില 2014നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. എണ്ണ വില വര്‍ധിക്കുന്നതോടെ വിലപ്പെരുപ്പവും ഗണ്യമായ രീതിയില്‍ വര്‍ധിക്കും.

വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടാകും. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് ഒലിച്ചു പോയത് 13 ലക്ഷം കോടിയിലേറെ രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം കൂടുതല്‍ വാങ്ങിക്കൂട്ടുന്നത് മഞ്ഞലോഹത്തിന്റെ വില വര്‍ധിക്കാനും കാരണമാകും.

Summary: Ukraine president Zelenskyy bans men aged 18 to 60 from leaving country; 18,000 guns distributed to Ukrainians in Kyiv to counter Russian invasion

Similar Posts