World
ഞങ്ങൾക്ക് പിന്തുണ നൽകൂ; റഷ്യക്കെതിരെ ലോകമെമ്പാടുമുള്ളവരോട് പ്രതിഷേധത്തിനാഹ്വാനം ചെയ്ത് സെലെൻസ്‌കി
World

ഞങ്ങൾക്ക് പിന്തുണ നൽകൂ; റഷ്യക്കെതിരെ ലോകമെമ്പാടുമുള്ളവരോട് പ്രതിഷേധത്തിനാഹ്വാനം ചെയ്ത് സെലെൻസ്‌കി

Web Desk
|
24 March 2022 8:24 AM GMT

''ആശുപത്രികളില്‍ ജീവനക്കാർ മെഴുകുതിരി വെളിച്ചത്താലാണ് രോഗികളെ പരിശോധിക്കുന്നത്''

റഷ്യയുടെ രക്തരൂക്ഷിതമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള പൗരന്മാരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വാദ്മിർ സെലൻസ്‌കി. ലോകം യുദ്ധം അവസാനിപ്പിക്കണം, യുക്രൈന്റെ സ്വാതന്ത്രത്തിന് വേണ്ടിയും ജന ജീവിതം തിരിച്ചു പിടിക്കാനും ഞങ്ങൾക്ക് പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് സാധാരണക്കാരെയും സൈനികരെയും കൊന്നു. റഷ്യൻ ബോംബാക്രമണത്തിൽ പത്ത് ദശലക്ഷത്തിലധികം യുക്രൈനിയക്കാർ ഇതിനകം വീടുകളിൽ നിന്നും നഗരങ്ങളിൽ നിന്നും പലായനം ചെയ്തിട്ടുണ്ട്. തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ ഭക്ഷണമോ വെള്ളമോ ആയുധ ബലമോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയും റഷ്യൻ സൈന്യത്തിന്റെ ക്രൂരമായ ഷെല്ലാക്രമണം നേരിടുകയും ചെയ്യുന്നു. നഗരത്തിലെ ആശുപത്രിയിൽ, ജീവനക്കാർ രോഗികളെ ബേസ്മെന്റിലേക്ക് മാറ്റിയെന്നും അവിടെ മെഴുകുതിരിയുടെ വെളിച്ചത്തിലാണ് ചികിത്സ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. യുക്രൈനിലെ തന്ത്രപ്രധാന നഗരങ്ങൾ ഇപ്പോഴും റഷ്യ വളഞ്ഞിരിക്കുകയാണ്. അതിനിടെ, യുദ്ധം ചർച്ചചെയ്യാൻ നാറ്റോ നേതാക്കൾ ഇന്ന് യോഗം ചേരും. ഇതിനിടെ രാജ്യത്ത് ആയിരത്തോളം പേർ കൊല്ലപ്പെട്ടുകഴിഞ്ഞു, ദശലക്ഷക്കണക്കിനാളുകൾ ഇപ്പോഴും യുക്രൈനിൽ നിന്ന് പലായനം ചെയ്യുകയാണ്.

നിലവിൽ കേഴ്സൺ മാത്രമാണ് റഷ്യൻ സൈന്യത്തിന് പിടിക്കാനായത്. തലസ്ഥാനമായ കിയവ് പിടിക്കാനുള്ള റഷ്യൻ ശ്രമം വിഫലമായി തന്നെ തുടരുകയാണ്. തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ റഷ്യൻ ബോംബാക്രമണം ഇപ്പോഴുമുണ്ട്. ഏകദേശം 100,000 ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. മരിയുപോളിൽ മാത്രം 2,300 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

121 കുട്ടികളാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്.14,000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. റഷ്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള പൗരന്മാരോട് തെരുവിലിറങ്ങാൻ യുക്രൈനിയൻ പ്രസിഡന്റ് വ്ളാദ്മിർ സെലെൻസ്‌കി ബുധനാഴ്ച അഭ്യർത്ഥിച്ചു.

യുക്രൈനായുള്ള 800 മില്ല്യൺ ഡോളറിന്റെ ആയുധസഹായം വേഗം എത്തിക്കുമെന്ന് യുഎസ് പ്രതിരോധ സേന വ്യക്തമാക്കി. കിഴക്കൻ യൂറോപ്പിൽ നാറ്റോ സേനാവിന്യാസം കൂട്ടുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. സ്ലൊവാക്യ, ഹംഗറി, ബൾഗേറിയ, റൊമാനിയ എന്നിവിടങ്ങളിലേക്ക് നാല് പുതിയ യുദ്ധ സംഘങ്ങളെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനിൽ റഷ്യൻ സൈന്യം യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ സ്ഥിരീകരിച്ചു.

Similar Posts