സ്റ്റാൻ സ്വാമി, മുനവ്വർ ഫാറൂഖി, ദീപ പി മോഹനൻ; പോരാളികളുടെ വർഷം
|വിയോജിച്ചവരെ തടവറയിലാക്കി മനുഷ്യാവകാശങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവുമെല്ലാം ചവിട്ടിമെതിച്ചു. അതിനിടെ ജനാധിപത്യത്തിന് ജീവവായു പകർന്നു നൽകിയാണ് കർഷകരുടെ ചരിത്ര സമരം ലക്ഷ്യത്തിലെത്തിയത്. അറിയാം, പോയ വർഷത്തെ പോരാളികളെക്കുറിച്ച്, അവരുടെ ചെറുത്തുനിൽപ്പുകളെക്കുറിച്ച്...
ഒരുഭാഗത്ത് കോവിഡ് മഹാമാരി, മറുഭാഗത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും നിരന്തരം ഏൽക്കുന്ന പ്രഹരങ്ങൾ... രാജ്യം ഈ വർഷം സഞ്ചരിച്ചത് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ്. വർഗീയതയുടെ വിഷവിത്തു വിതച്ചവരും ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാമെതിരെ അക്രമം അഴിച്ചുവിട്ടവരും പലവട്ടം സാമൂഹ്യാന്തരീക്ഷം അശാന്തമാക്കി. ഭരണകൂടം വിയോജിച്ചവരെ തടവറയിലാക്കി മനുഷ്യാവകാശങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവുമെല്ലാം ചവിട്ടിമെതിച്ചു. അതിനിടെ ജനാധിപത്യത്തിന് ജീവവായു പകർന്നു നൽകിയാണ് കർഷകരുടെ ചരിത്ര സമരം ലക്ഷ്യത്തിലെത്തിയത്. ഭരണകൂടത്തിന്റെ അഹന്തയ്ക്കെതിരെ ഒറ്റയ്ക്കു പൊരുതിയ ശബ്ദങ്ങളും കേട്ടു. അറിയാം പോയ വർഷത്തെ പോരാളികളെക്കുറിച്ച്, അവരുടെ ചെറുത്തുനിൽപ്പുകളെക്കുറിച്ച്...
പഠിക്കാനുണ്ടേറെ ഈ പാടങ്ങളിൽ നിന്ന്...
ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള നവസ്വാതന്ത്ര്യ സമരമായിരുന്നു കർഷക സമരം. ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്ന ഇക്കാലത്ത് പ്രതീക്ഷയുടെ വിത്തുവിതച്ച പോരാളികളാണ് കർഷകർ. കർഷകർ ദില്ലി ചലോ മാർച്ച് തുടങ്ങി 365 ദിവസമാകാൻ ഏഴ് ദിവസം ബാക്കിയുള്ളപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്. വ്യത്യസ്ത രാഷ്ട്രീയം പിന്തുടരുന്ന, വ്യത്യസ്ത സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നുള്ള മനുഷ്യർ പല കൈവഴികളായി ഡൽഹിയിലേക്ക് ഒഴുകിയെത്തിയപ്പോൾ, അത് നിലയ്ക്കാത്ത പ്രവാഹമായി. ഒടുവിൽ കർഷക ക്ഷേമത്തിനെന്ന പേരിൽ കൊണ്ടുവന്ന വിവാദ നിയമങ്ങൾ പിൻവലിച്ച് മോദി സർക്കാരിന് മുട്ടുമടക്കേണ്ടിവന്നു. ലഖിംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊല ഉൾപ്പെടെ ഈ ഐതിഹാസിക സമരത്തിനിടെ പൊലിഞ്ഞത് 719 കർഷകരുടെ ജീവനാണ്. റിപബ്ലിക് ദിനത്തിലെ ചെങ്കോട്ടയിലെ മാർച്ചിൽ സർക്കാർ അനുകൂലികൾ നുഴഞ്ഞുകയറി ദേശീയ പതാകയ്ക്ക് പകരം സിഖ് പതാക ഉയർത്തിയത് ഉൾപ്പെടെ സമരം അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളെ കർഷകർ ഒത്തൊരുമിച്ച് അതിജീവിക്കുകയായിരുന്നു.
ഈ സമരത്തെ മുന്നിൽനിന്നു നയിച്ച നേതാക്കൾ നിരവധിയാണ്. സംയുക്ത കിസാൻ മോർച്ചയെന്ന പേരിൽ നാൽപ്പതോളം കർഷക സംഘടനകൾ ഒരുമിച്ചുനിന്നു. 1988ലെ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ഭാരതീയ കിസാൻ യൂണിയൻ നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത്തായിരുന്നുവെങ്കിൽ ഈ കർഷക പ്രക്ഷോഭത്തിന്റെ മുൻനിരയിയുണ്ടായിരുന്നവരിൽ ഒരാൾ അദ്ദേഹത്തിന്റെ മകൻ രാകേഷ് ടിക്കായത്താണ്. മലയാളിയായ പി കൃഷ്ണപ്രസാദ്, ജഗജിത് സിംഗ് ദല്ലേവാൾ, അശോക് ധവാലെ, ഹന്നാൻ മൊല്ല, യോഗേന്ദ്ര യാദവ്, വിജു കൃഷ്ണൻ തുടങ്ങിയവർ കർഷകരുടെ ശബ്ദമായി. പോപ്പ് ഗായിക റിഹാന മുതൽ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് വരെയുള്ളവരുടെ പിന്തുണയോടെ സമരം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായി. സർക്കാർ ഉരുക്കുമുഷ്ടികൊണ്ടും സർക്കാർ അനുകൂലികൾ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടും അക്രമം നടത്തിയും ദുർബലപ്പെടുത്താൻ ശ്രമിച്ച സമരം വിജയത്തിലെത്താൻ കാരണം കർഷകരുടെ നിശ്ചയദാർഢ്യമാണ്.
ഭരണകൂടം 'കൊന്നുകളഞ്ഞ' സ്റ്റാൻ സ്വാമി
''എൻറേത് ഒറ്റപ്പെട്ട സംഭവമല്ല. ആദിവാസികളുടെയും ദലിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി നിലകൊള്ളുകയും രാജ്യത്തെ ഭരണവർഗത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവർത്തകർ, അഭിഭാഷകർ, എഴുത്തുകാർ, പത്രപ്രവർത്തകർ, വിദ്യാർഥി നേതാക്കൾ, കവികൾ, ബുദ്ധിജീവികൾ തുടങ്ങി നിരവധി പേർ നോട്ടപ്പുള്ളികളാണ്''- മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി പറഞ്ഞതാണിത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് 2020 ഒക്ടോബറിൽ ഈ 83കാരനെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിടച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചുള്ള ജാമ്യം പോലും ലഭിച്ചില്ല. ഈ വർഷം ജൂലൈ 5ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഭരണകൂടം മാവോയിസ്റ്റുകളെന്ന പേരിൽ തടവിലിട്ടവരിൽ ബഹുഭൂരിപക്ഷത്തിനും മാവോയിസവുമായി ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തുകയും അവരുടെ മോചനത്തിനായി ശബ്ദിക്കുകയും ചെയ്ത സാമൂഹ്യപ്രവർത്തകനെയാണ് അതേ കേസിൽ ജയിലിലടച്ചത്. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ രാജ്യത്തെ ആദിവാസി മേഖലകൾ ചൂഷണം ചെയ്യാൻ ബഹുരാഷ്ട്ര കുത്തകകൾ എത്തിയപ്പോൾ, ആവാസ വ്യവസ്ഥകളിൽ നിന്നും പുറത്താക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടി ശബ്ദമുയർത്തിയ മനുഷ്യസ്നേഹിയായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. പാർക്കിൻസൺസ് രോഗവും വാർധക്യ സഹജമായ രോഗപീഡകളും കാരണം ജയിലികനത്ത് തുടരാനാവാതെ ജീവന് വേണ്ടി ഭരണകൂടത്തോട് കേണപേക്ഷിച്ച മനുഷ്യാവകാശ പ്രവർത്തകന് ജാമ്യം നൽകാതെ ഭരണകൂടം കൊന്നുകളഞ്ഞുവെന്ന വിമർശനം രാജ്യാന്തര തലത്തിൽ വരെ ഉയർന്നു.
സ്റ്റാൻ സ്വാമിയെ ജയിലിലടച്ച അതേ ഭീമ കൊറേഗാവ് കേസിൽ ഇനിയും നിരവധി ആക്റ്റിവിസ്റ്റുകൾ തടവറയിലാണ്. അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ സുധ ഭരദ്വാജിന് ജാമ്യം ലഭിച്ചത് മൂന്നു വർഷത്തിനു ശേഷം ഡിസംബറിലാണ്. ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട കവി വരവരറാവുവിന് ആരോഗ്യപരമായ കാരണങ്ങളാൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സുധീർ ദവാലെ, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെൻ, മഹേഷ് റൗട്ട്, വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, ഹാനി ബാബു തുടങ്ങിയവരെല്ലാം ജയിലിലാണ്.
വിയോജിക്കുന്നവരെ ജയിലിലടയ്ക്കുക എന്ന പതിവുരീതിക്ക് 2021ലും മാറ്റമൊന്നുമുണ്ടായില്ല. ദിഷ രവി എന്ന 22കാരിയായ പരിസ്ഥിതി പ്രവർത്തകയെ അറസ്റ്റ് ചെയ്തത് കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിലാണ്. ടൂൾ കിറ്റിലെ ഉള്ളടക്കം ജനുവരി 26ലെ കർഷക പ്രതിഷേധം അക്രമാസക്തമാവാൻ കാരണമായി എന്നായിരുന്നു ഡൽഹി പൊലീസിന്റെ ആരോപണം. സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നീ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ത്രിപുര പൊലീസ് കേസെടുത്തത് വർഗീയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനാണ്. വിഎച്ച്പിയുടെ പരാതിയിൽ മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. മാധ്യമപ്രവർത്തകനും ജമ്മു കശ്മീർ കൊളീഷൻ ഓഫ് സിവിൽ സൊസൈറ്റി കോഡിനേറ്ററുമായ ഖുറം പർവേസിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് നവംബറിലാണ്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ഖുറം പർവേസിനെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ വിദഗ്ധർ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തോറ്റുപോയ ഒരുപാടു പേർക്കായി വിജയിച്ച ദീപ പി മോഹനൻ
'ഈ സാഹചര്യത്തിൽ കൂടി കടന്നുപോകുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട് എന്തിനാണ് എൻറെ പ്രിയ സഹോദരനായ രോഹിത് വെമുല ജീവൻ വെടിഞ്ഞതെന്ന്. പക്ഷേ നീതി ലഭിക്കാതെ സമരത്തിൽ നിന്നും പിന്മാറാൻ എനിക്കാവില്ല. എൻറെ ജനതയ്ക്ക് വേണ്ടി എനിക്ക് പൊരുതിയേ മതിയാകൂ. തോറ്റു പോയ ഒരുപാട് പേർക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് ജീവിതം സമരം തന്നെയാണ്'- എം.ജി യൂണിവേഴ്സിറ്റിക്കു മുൻപിൽ ജാതിവിവേചനത്തിനെതിരെ നിരാഹാര സമരം നടത്തിയ ദീപ പി മോഹനൻ എന്ന ഗവേഷക വിദ്യാർഥിനിയുടെ വാക്കുകളാണിത്. 2011ൽ നാനോ സയൻസിൽ എംഫിലിന് പ്രവേശം നേടിയ ശേഷം 2014ലാണ് ദീപ ഗവേഷണം തുടങ്ങിയത്. ദലിത് വിദ്യാർഥിനിയായതുകൊണ്ടുമാത്രം ഗവേഷണത്തിന് സൗകര്യം പോലും നൽകാതെ വിവേചനം കാണിച്ച നാനോ സയൻസ് മേധാവി നന്ദകുമാർ കളരിക്കലിനെ പുറത്താക്കണമെന്നും തനിക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കണമെന്നുമായിരുന്നു ദീപയുടെ ആവശ്യങ്ങൾ. ലാബ് സൗകര്യം, ഹോസ്റ്റൽ സൗകര്യം, തടഞ്ഞുവെച്ച ഫെല്ലോഷിപ്പ് തുക ലഭ്യമാക്കുക, എക്സ്റ്റൻഷൻ ഫീ ഇല്ലാതെ വർഷം നീട്ടിനൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദീപ നടത്തിയ നിരാഹാര സമരത്തിന് മുന്നിൽ പതിനൊന്നാം ദിവസമാണ് അധികൃതർ മുട്ടുമടക്കിയത്.
രാജ്യത്തെ ഐ.ഐ.ടികൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ജാതിവെറിയോടെ ദലിത് വിദ്യാർഥികളെ പാർശ്വവൽക്കരിച്ചും മാനസികമായി തളർത്തിയും ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. രോഹിത് വെമുലയും ഫാത്തിമ ലെത്തീഫുമെല്ലാം നോവായി അവശേഷിക്കുന്നതിനിടെയാണ് തോറ്റു പോയ ഒരുപാട് പേർക്ക് വേണ്ടി തനിക്കിവിടെ ജയിക്കണമെന്ന് പ്രഖ്യാപിച്ച് ദീപ സമരം ചെയ്ത് നീതി നേടിയത്.
വിദ്വേഷം വിജയിച്ചു, കലാകാരൻ തോറ്റു
വിദ്വേഷം ജയിച്ചു, കലാകാരൻ തോറ്റു. എനിക്കു മതിയായി.. എന്ന് ഒരു കലാകാരന് ഉള്ളുലഞ്ഞ് പറയേണ്ടിവന്നതും ഈ വർഷമാണ്. മുനവ്വർ ഫാറൂഖി എന്ന സ്റ്റാൻഡ് അപ് കൊമേഡിയന്റെ സ്റ്റേജ് പരിപാടികളാണ്, തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് നിരന്തരം റദ്ദാക്കപ്പെട്ടത്. ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടനയിൽ എഴുതിച്ചേർത്ത നാട്ടിലാണ് ഭീഷണി കാരണം കലാകാരന്റെ 16 പരിപാടികൾ റദ്ദാക്കപ്പെട്ടത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചു, അമിത് ഷായെ അപമാനിച്ചു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിൽ നേരത്തെ ഒരു മാസം മുനവ്വറിനെ ജയിലിലടച്ചിരുന്നു. സ്റ്റാൻഡ് അപ് കോമഡിയുടെ റിഹേഴ്സലിനിടെ ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ കേട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുനവ്വറിനെതിരായ നടപടി. എന്നാൽ തെളിവ് ഹാജരാക്കാൻ പരാതിക്കാർക്ക് കഴിഞ്ഞിരുന്നില്ല. താൻ പറയാത്ത തമാശയുടെ പേരിലാണ് ജയിലിലടയ്ക്കപ്പെട്ടതെന്ന് മുനവ്വർ പറയുകയുണ്ടായി. 'പല മതങ്ങളിൽപ്പെട്ടവരുടെ സ്നേഹം നേടിയ പരിപാടിയാണിത്. സെൻസർ സർട്ടിഫിക്കറ്റുണ്ട്. എന്റെ പേര് മുനാവർ ഫാറൂഖി എന്നാണ്. നിങ്ങൾ മികച്ച ഓഡിയൻസായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു'- എന്നാണ് മുനവ്വർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നീട് കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മതേതര വിശ്വാസികളുടെയും പിന്തുണയോടെ മുനവ്വർ കഴിഞ്ഞ മാസം വീണ്ടും സ്റ്റേജിൽ തിരിച്ചെത്തി.
ധർമ സൻസദ് സമ്മേളനം എന്ന പേരിൽ ന്യൂനപക്ഷത്തെ വംശഹത്യ ചെയ്യണമെന്ന് പരസ്യമായി കൊലവിളി നടത്തിയവർ സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് പറയാത്ത തമാശയുടെ പേരിൽ മുനവ്വർ ഫാറൂഖിമാർക്ക് ജയിലിൽ കിടക്കേണ്ടിവരുന്നത്. ഭരണകൂടത്തെ വിമർശിക്കുന്ന കലാകാരന്മാരെ തേടി ഈ വർഷവും ഇ.ഡി എത്തി. സംവിധായകൻ അനുരാഗ് കശ്യപിൻറെയും നടി തപ്സി പന്നുവിൻറെയും വീടുകളിൽ നടത്തിയ റെയ്ഡിനെതിരെ വിമർശനമുയർന്നു. അനുരാഗ് കശ്യപ് പൗരത്വ നിയമഭേദഗതിക്കെതിരെയും തപ്സി പന്നു കർഷക സമരത്തെ അനുകൂലിച്ചും രംഗത്തുവന്നതിനു പിന്നാലെയായിരുന്നു റെയ്ഡ് എന്നതാണ് ശ്രദ്ധേയം. കലാകാരന്മാർക്ക് ജോലി ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണിവിടെയെന്ന് നടി സ്വര ഭാസ്കർ പറയുകയുണ്ടായി. ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത അക്രമാസക്തരായ ആൾക്കൂട്ടത്തിനും യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും വിതരണം ചെയ്യുന്ന ഭരണകൂടത്തിനും ഇടയിലാണ് ഈ നാട്ടിലെ സാധാരണ ജനങ്ങളെന്ന് സ്വര ഭാസ്കർ പറഞ്ഞത് സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.
മൈതാനത്തെ പോരാളികൾ
ഇന്ത്യൻ കായിക താരങ്ങൾ രാജ്യത്തിന്റെ യശസ്സുയർത്തിയ വർഷമാണ് കടന്നുപോയത്. ഏഴ് മെഡൽ നേടി ഒളിമ്പിക്സിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുത്തത്. അത്ലറ്റിക്സിൽ സ്വർണ മെഡൽ നേടാനുള്ള രാജ്യത്തിന്റെ നീണ്ട കാത്തിരിപ്പിന് ജാവലിൻ ത്രോയിലൂടെ നീരജ് ചോപ്ര വിരാമമിട്ടു. ദേശീയ കായിക ഇനമായിട്ടുപോലും 41 വർഷമായി ഹോക്കിയിൽ മെഡൽ നേടാൻ നമുക്ക് കഴിഞ്ഞിരുന്നില്ല. ഹോക്കിയുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് ടീം ഇന്ത്യ നേടിയ വെങ്കല മെഡലിന് സ്വർണത്തിളക്കമുണ്ട്. ഗോൾ കീപ്പർ പി ആർ ശ്രീജേഷിലൂടെ ആ നേട്ടത്തിൽ കേരളവും പങ്കാളിയായി.
വനിത ഹോക്കിയിൽ സെമിഫൈനൽ വരെയെത്താനും നമുക്ക് സാധിച്ചു. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന മത്സരത്തിൽ ഇന്ത്യയുടെ മീരാഭായ് ചാനു വെള്ളി മെഡൽ സ്വന്തമാക്കി. ബോക്സിങിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയിൻ വെങ്കല മെഡൽ നേടി. പുരുഷ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ ഫൈലനിൽ പൊരുതിത്തോറ്റ രവികുമാർ വെള്ളി മെഡൽ സ്വന്തമാക്കി. 65 കിലോഗ്രാം ഗുസ്തി വിഭാഗത്തിലാകട്ടെ ബജ്രംഗ് പുനിയ വെങ്കല മെഡൽ നേടി.
ടോക്കിയോയിലെ ഇന്ത്യയുടെ നേട്ടം ഒളിമ്പിക്സിൽ മാത്രം ഒതുങ്ങിയില്ല. പാരാലിമ്പിക്സിൽ നമ്മുടെ താരങ്ങൾ കൊയ്തത് 19 മെഡലാണ്-- 5 സ്വർണം, 8 വെള്ളി, 6 വെങ്കലം. പാരാലിമ്പിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം 20കാരിയായ അവനി ലേഖരയ്ക്കാണ്. 10 മീറ്റർ എയർ റൈഫിൾസ് ഷൂട്ടിങിലാണ് സ്വർണനേട്ടം. സുമിത് ആന്റിൽ (ജാവലിൻ), മനീഷ് നർവാൾ (ഷൂട്ടിങ്), പ്രമോദ് ഭഗത് (ബാഡ്മിന്റൺ) കൃഷ്ണ നാഗർ (ബാഡ്മിന്റൺ) എന്നിവരാണ് സ്വർണം നേടിയ മറ്റു താരങ്ങൾ.