ടെസ്‍ലയുടെ ഓട്ടോപൈലറ്റിന് തകരാറില്ല
ടെസ്‍ലയുടെ ഓട്ടോപൈലറ്റിന് തകരാറില്ല
കാറില്‍ ഓട്ടോപൈലറ്റ് സംവിധാനം പ്രവര്‍ത്തിക്കവെ വാഹന അപകടമുണ്ടാവുകയും 40 കാരനായ അമേരിക്കന്‍ സ്വദേശി കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ടെസ്‍ലയുടെ കാറുകളിലെ സെല്‍ഫ് ഡ്രൈവ് സംവിധാനമായ ഓട്ടോപൈലറ്റിന് സാങ്കേതിക തകരാറുകളില്ലെന്ന് അമേരിക്കന്‍ ഫെഡറല്‍ ഓട്ടോ സേഫ്റ്റി റഗുലേറ്റേഴ്സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കാറില്‍ ഓട്ടോപൈലറ്റ് സംവിധാനം പ്രവര്‍ത്തിക്കവെ വാഹന അപകടമുണ്ടാവുകയും 40 കാരനായ അമേരിക്കന്‍ സ്വദേശി കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
2016 മെയ് 7 ന് ഒഹിയോ സ്വദേശിയായ ജോഷ്വ ബ്രൌണ്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തെതുടര്‍ന്നാണ് ടെസ്‍ല കാറുകളുടെ ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ വിശ്വാസ്യതയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നത്. ഡ്രൈവറുടെ സഹായം ഇല്ലാതെതന്നെ റഡാര്‍, സെന്‍സര്‍, കാമറ എന്നിവയുടെ സഹായത്തോടെ കാര്‍ സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് ഓട്ടോ പൈലറ്റ്. ട്രാഫിക് സിഗ്നലുകള്‍ മുറിച്ചുകടക്കുന്നതുപോലുള്ള സാഹചര്യങ്ങള്‍ കാറിന്റെ ഓട്ടോ പൈലറ്റിന്റെ പരിധിക്ക് ഉപരിയായുള്ള കാരണങ്ങളാണെന്നാണ് അമേരിക്കന്‍ ഫെഡറല്‍ ഓട്ടോ സേഫ്റ്റി റഗുലേറ്റേഴ്സ് അധികൃതരുടെ നിഗമനം. ട്രാഫിക് സിഗ്നല്‍ സ്ഥലത്ത് റോഡിന് കുറുകെ വന്ന ട്രക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകട സമയത്ത് കാര്‍ മണിക്കൂറില്‍ 76 കിലോമീറ്റര്‍ വേഗതിയിലായിരുന്നു. ഓട്ടോ പൈലറ്റോ, ഡ്രൈവറോ ബ്രേക്ക് ഉപയോഗിച്ചില്ല. അപകടം ഒഴിവാക്കുന്നതിന് 7 സെക്കന്റിന്റെ സാവകാശം വേണ്ടിയിരുന്നു, അതും ഉണ്ടായില്ല. ഓട്ടോ പൈലറ്റ് എന്നാല്‍ ഡ്രൈവറുടെ ആവശ്യം തീരെ വേണ്ട എന്നല്ല, അയാളുടെ ജോലി കുറയ്ക്കുന്നതിനുള്ളതാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അപകടത്തില്‍പെട്ട കാറിലും ഓട്ടോ പൈലറ്റ് അത് പ്രോഗ്രാം ചെയ്ത പ്രകാരം പ്രവര്‍ത്തിച്ചിരുന്നു. ആയതിനാല്‍ തന്നെ സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്ന് പറയാനാകില്ലെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത് ടെസ്‍ല മോട്ടോഴ്സിന് ആശ്വാസമായി. അപകടവും തുടര്‍ന്നുള്ള അന്വേഷണവും ടെസ്‍ലയുടെ ആഡംബര കാറുകളുടെ വില്‍പ്പന ഗണ്യമായി കുറച്ചിരുന്നു.
Adjust Story Font
16