മോഹന്‍ലാലിനെ പങ്കെടുപ്പിക്കേണ്ട എന്നത് ചിലരുടെ രാഷ്ട്രീയം: കമല്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ സര്‍ക്കാര്‍ ക്ഷണിച്ചതാണ് വിവാദമായത്.
ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് അക്കാദമി. മോഹന്‍ലാലിനെ പങ്കെടുപ്പിക്കേണ്ട എന്നത് ചിലരുടെ രാഷ്ട്രീയമാണെന്നും അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ സര്‍ക്കാര്‍ ക്ഷണിച്ചതാണ് വിവാദമായത്. പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. എന്നാല്‍ മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന നിലപാട് ചിലരുടെ രാഷ്ട്രീയമാണെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും കമല്‍ പറഞ്ഞു.
എന്നാല്‍ മോഹന്‍ലാലിനെ ക്ഷണിച്ചതായി സംസ്കാരിക മന്ത്രി അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് അക്കാദമിയെന്നും കമല്‍ വ്യക്തമാക്കി. മോഹന്‍ലാലിനെതിരെ 108 പേര്‍ ഒപ്പിട്ട ഭീമഹരജിയാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഇതില്‍ ആദ്യത്തെ പേര് നടന്‍ പ്രകാശ് രാജിന്റേതായിരുന്നു. എന്നാല്‍ നിവേദനത്തിനെക്കുറിച്ച് അറിഞ്ഞിട്ടുപോലും ഇല്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.
മുഖ്യമന്ത്രിയെയും പുരസ്കാര ജേതാക്കളെയും മറികടന്ന് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് ജേതാക്കളുടെ നേട്ടത്തെ കുറച്ചുകാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിവേദനം. അതേസമയം സര്‍ക്കാറിന്റെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് നടന്‍ മോഹന്‍ലാലും പ്രതികരിച്ചു.
Adjust Story Font
16