ഹൃദയത്തില്‍ അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഇതാണ്!
സിനിമയിലെ പാട്ടുകളും ചെറിയ രംഗങ്ങളും സംഭാഷണങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ്
തിയറ്ററുകളിലെത്തിയപ്പോള്‍ തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍ എന്ന നടന്‍റെ കരിയര്‍ ബെസ്റ്റ് ആയ ചിത്രം. സിനിമയിലെ പാട്ടുകളും ചെറിയ രംഗങ്ങളും സംഭാഷണങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തില്‍ നായികാനായകന്‍മാരായ അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന ഒരു രംഗമുണ്ട്. ഒരു ചെറിയ ചായക്കടയിലിരുന്ന് വാഴയിലയില്‍ മലയാളികളുടെ 'വികാരം' തന്നെയായി മാറിയ ബീഫ്-പൊറോട്ട കഴിക്കുന്ന താരങ്ങളെ കണ്ട് ഏറ്റവും കൂടുതല്‍ പേര്‍ ചോദിച്ചത് ആ കട എവിടെയാണെന്നാണ്. അതിനു മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.
വിനീതിന്‍റെ കുറിപ്പ്
ഹൃദയം കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്‍റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്.
Adjust Story Font
16