ഒമാനിലെ സ്വദേശി സ്‌കൂളുകൾ തുറന്നു
കോവിഡ് നിയന്ത്രണങ്ങൾ പരിപൂർണമായി ഒഴിഞ്ഞ ശേഷം അധ്യായനം സമ്പൂർണമായി ക്ലാസ്സ് മുറികളിലേക്ക് മാറി എന്ന സവിശേഷതകൂടി ഇത്തവണയുണ്ട്.
മധ്യവേനൽ അവധിക്ക് ശേഷം ഒമാനിലെ സ്വദേശി സ്‌കൂളുകളിൽ പുതിയ അധ്യായന വർഷത്തിന് തുടക്കമായി. വിവിധ ഗവർണറേറ്റുകളിലെ സ്കൂളുകളിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പരിപൂർണമായി ഒഴിഞ്ഞ ശേഷം അധ്യായനം സമ്പൂർണമായി ക്ലാസ്സ് മുറികളിലേക്ക് മാറി എന്ന സവിശേഷതകൂടി ഇത്തവണയുണ്ട്.
പ്രത്യേക അസംബ്ലികളോടെയാണ് ഒമാനിലെ സ്വദേശി സ്‌കൂളുകളിൽ വിദ്യാര്‍ഥികളെ വരവേറ്റത്. മഹാമാരിയുടെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും നേരിട്ടുള്ള ക്ലാസുകളുടെ എണ്ണം കുറവായിരുന്നു. എന്നാൽ, ഈ അധ്യായന വർഷംതൊട്ട് തങ്ങളുടെ പഴയ കാലങ്ങൾ തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് വിദ്യാർഥികൾ. 1,422 സര്‍ക്കാര്‍ സ്‌കൂളുകളിലായി എഴരലക്ഷത്തൽപരം വിദ്യാര്‍ഥികളാണ് വീണ്ടും പഠനമുറ്റത്തേക്കെത്തിയത്.
വിദ്യാര്‍ഥികളുടെ യാത്ര സുരക്ഷക്കായി സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് റോയല്‍ ഒമാന്‍ പൊലീസ് മാർഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അർഹരായ വിദ്യാർഥികൾക്ക് സ്‌കൂൾ ആവശ്യങ്ങൾ ലഭ്യമാക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയ സുൽത്താൻ ഹൈതം ബിൻ താരിഖിന് വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനി നന്ദി പറഞ്ഞു. അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിദ്യാർഥികളെയും അധ്യാപകരെയും അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫിനെയും വിദ്യഭ്യാസമന്ത്രി അഭിനന്ദിക്കുകയും പുതിയ അധ്യാപകരെ സ്വാഗതം ചെയ്യുകയും ചെയ്തു.
Adjust Story Font
16