ദമാം മാള്‍ ഓഫ് ദഹ്‌റാനിലെ അഗ്നിബാധ; 25 ദശലക്ഷം റിയാലിന്റെ നഷ്ടം
അഗ്‌നിബാധയില്‍ മാളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നിരവധി ഷോപ്പുകള്‍ കത്തി നശിച്ചിരുന്നു. ഭീമമായ നാശനഷ്ടങ്ങള്‍ നേരിട്ട മാള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണിപ്പോള്‍.
ദമാം അല്‍ഖോബാറിലെ മാള്‍ ഓഫ് ദഹ്‌റാനില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി കമ്പനി. പ്രാഥമിക വിലയിരുത്തലില്‍ ഇരുപത്തിയഞ്ച് ദശലക്ഷം റിയാലിന്റെ നഷ്ടം നേരിട്ടതായി മാള്‍ ഉടമകളായ കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന മാളുകളിലൊന്നായ മാള്‍ ഓഫ് ദഹ്റാനിലാണ് കഴിഞ്ഞ ദിവസം അഗ്‌നിബാധയുണ്ടായത്. അഗ്‌നിബാധയില്‍ മാളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നിരവധി ഷോപ്പുകള്‍ കത്തി നശിച്ചിരുന്നു. ഭീമമായ നാശനഷ്ടങ്ങള്‍ നേരിട്ട മാള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണിപ്പോള്‍.
പ്രാഥമിക വിലയിരുത്തലില്‍ 25 ദശലക്ഷം റിയാലിന്റെ നഷ്ടം കണക്കാക്കിയതായി ഉടമകളായ അറേബ്യന്‍ സെന്റേഴ്‌സ് കമ്പനി അറിയിച്ചു. അപടകത്തിനിടയാക്കിയ കാരണമുള്‍പ്പെടെ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കമ്പനി വ്യക്തമാക്കി. പുലര്‍ച്ചെയുണ്ടായ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് സിവില്‍ ഡിഫന്‍സ് വിഭാഗം നിയന്ത്രണവിധേയമാക്കിയത്. ഇരുപതോളം സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും സൗദി അരാംകോ അഗ്‌നിശമന വിഭാഗവും പരിശ്രമത്തില്‍ പങ്കാളികളായിരുന്നു. അപകടത്തില്‍ ആളപായമോ പരിക്കുകളോ ഉണ്ടായിരുന്നില്ല.
Adjust Story Font
16