Quantcast

സൗദിയിൽ ഇനി 'മലപ്പുറത്തിന്' സ്ഥാനമില്ല; ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ച് ഭരണകൂടം

കോഴിക്കോട്ടെ പഴയ മിഠായിത്തെരുവിന് സമാനമാണ് നിലവിൽ ഷറഫിയയിലെ റോഡുകൾ

MediaOne Logo

Web Desk

  • Published:

    26 Nov 2021 10:24 AM GMT

സൗദിയിൽ ഇനി മലപ്പുറത്തിന് സ്ഥാനമില്ല; ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ച് ഭരണകൂടം
X

ഭൂപടത്തിൽ നിന്ന് ' മലപ്പുറം ' ഇല്ലാതാകാൻ പോകുന്നു. ഇവിടെ കേരളത്തിലെ മലപ്പുറമല്ല, അങ്ങ് അറബിനാട്ടിൽ, സൗദിയിലുള്ള 'മലപ്പുറമാണ് ' പൊളിച്ചു നീക്കുന്നത്.

സൗദി അറേബ്യയിലെ മലപ്പുറമെന്നും മലബാറെന്നും വിശേഷിപ്പിക്കപ്പെടുന്ന ഷറഫിയയിലെ കെട്ടിടങ്ങളാണ് അധികൃതർ പൊളിച്ചുനീക്കുന്നത്. ജൂലൈ ഒന്നിന് സൗദി അറേബ്യയിൽ നടപ്പാക്കിയ സൗദി ബിൽഡിങ് കോഡ് പദ്ധതിയുടെ ഭാഗമായാണ് നടപടി.

ഏറെ പഴക്കം ചെന്ന കെട്ടിടങ്ങളും അശാസ്ത്രീയമായി നിർമിച്ച കെട്ടിടങ്ങളും കൂടാതെ പൊതുസ്ഥലം കൈയേറി നിർമിച്ച കെട്ടിടങ്ങളുമാണ് പൊളിച്ചുനീക്കുന്നത്. ഇതിന് പകരമായി ആധുനിക കെട്ടിടങ്ങൾ ഇവയ്ക്ക് പകരം ശാസ്്ത്രീയമായി നിർമിക്കും. ആഗോള നിലവാരത്തിലേക്ക് ജിദ്ദയെ മാറ്റാനാണ് ഈ നടപടി. കൂടാതെ റോഡ് വികസനത്തിന്റെ ഭാഗമായും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നുണ്ട്. പൊളിച്ചു നീക്കുന്ന കെട്ടിടങ്ങൾക്കെല്ലാം ഉടമകൾക്ക് മാർക്കറ്റ് വിലയനുസരിച്ച് നഷ്ടപരിഹാരം നൽകുന്നുണ്ട്.

മൂന്ന് ഘട്ടങ്ങളായി നൽകിയ മുന്നറിയിപ്പിന് ശേഷമാണ് പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചത്. അതേസമയം അനധികൃതമായും പൊതുസ്ഥലം കൈയേറി നിർമിച്ചതുമായ കെട്ടിടങ്ങൾക്ക് മുന്നറിയിപ്പുണ്ടാകില്ല.

മുനിസിപ്പാലിറ്റി, ആഭ്യന്തരം, ഊർജം, സാസോ എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങൾ തീരുമാനിക്കുന്നത്. ജിദ്ദയിലെ പൈതൃക കേന്ദ്രങ്ങളൊഴികെ ബാക്കി എല്ലാ ഭാഗങ്ങളിലും പരിഷ്‌കരണം വരും. സമീപ നഗരങ്ങളായ റിയാദിലടക്കം ഇത്തരത്തിൽ പൊളിക്കൽ നടക്കും.

കാലങ്ങളായി ഇവിടെ കച്ചവടം നടത്തി വരുന്നവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. മിക്കവരും പുതിയ കടമുറികൾ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. ആറുമാസം വരെ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്ടെ പഴയ മിഠായിത്തെരുവിന് സമാനമാണ് നിലവിൽ ഷറഫിയയിലെ റോഡുകൾ. ഇടുങ്ങിയ റോഡുകളും അത്യാവശ്യത്തിന് പാർക്കിങ് സ്ഥലങ്ങൾ ഇല്ലാത്തതും നിലവിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ ബുദ്ധിമുട്ടുകൾ നവീകരണം വഴി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


TAGS :

Next Story