സൗദിയിൽ സ്‌പെഷ്യൽ എക്കണോമിക് സോണുകൾ; ആദ്യ ഘട്ടത്തിൽ അഞ്ചിടങ്ങളിൽ തുറക്കും
നിർമാണം, ബയോടെക്നോളജി, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകൾക്ക് മുൻഗണന നൽകിയാണ് സോണുകൾ തുറക്കുന്നത്
രാജ്യത്ത് അഞ്ച് സ്പെഷ്യൽ എക്കണോമിക് സോണുകൾ തുറക്കാനുള്ള തീരുമാനവുമായി സൗദി അറേബ്യ. നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹാണ് സോണുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. ആഗോള കമ്പനികളുടെ ഓഫീസുകളും നിക്ഷേപവും സൗദിയിലെത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സൗദി കിരീടാവകാശി പ്രഖ്യാപിച്ച നാഷണൽ ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായാണ് പ്രത്യേക സാമ്പത്തിക മേഖലകൾ അനുവദിക്കുന്നത്. നിർമാണം, ബയോടെക്നോളജി, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകൾക്ക് മുൻഗണന നൽകിയാണ് സോണുകൾ തുറക്കുന്നത്. റിയാദ് വിമാനത്താവളം, കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ട് എന്നിവയാകും ഇതിൽ പ്രധാനപ്പെട്ടത്. ബാക്കി മൂന്ന് സോണുകൾ ചരക്കു നീക്ക മേഖലയിൽ നിന്നായിരിക്കും.
സർക്കാർ ഫീസ്, കസ്റ്റംസ് ചെലവ്, തൊഴിൽ നിയന്ത്രണം എന്നിവയിൽ പ്രത്യേകം ഇളവുകളുണ്ടാകും. ഇക്കണോമിക് സിറ്റീസ് ആൻഡ് സ്പെഷ്യൽ സോൺ അതോറിറ്റിക്കാകും മേഖലയുടെ ചുമതല. ജിദ്ദയിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി വികസിപ്പിക്കുന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനും നിക്ഷേപ മന്ത്രാലയം തീരുമാനിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങളിലും മുൻനിര കമ്പനികളെ സൗദി ലക്ഷ്യമിടുന്നുണ്ട്. വിദേശികൾക്ക് നിയന്ത്രണമുണ്ടായിരുന്ന ചില മേഖലകൾ ഇതിന്റെ ഭാഗമായി തുറന്നു കൊടുക്കുമെന്നും ഖാലിദ് അൽ ഫാലിഹ് അറിയിച്ചു.
Adjust Story Font
16