സൗദിയിലെ റിക്രൂട്ടിങ് കമ്പനികൾക്ക് മുന്നറിയിപ്പ്; നിയമ ലംഘനം നടത്തിയാൽ കടുത്ത പിഴ
രാജ്യത്തെ തൊഴിൽ മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടികൾ
സൗദിയിൽ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെയുള്ള നിയമനടപടികൾ സൗദി അറേബ്യ കടുപ്പിക്കുന്നു. നിയമ ലംഘനം നടത്തുന്നവർക്ക് മുപ്പതിനായിരം റിയാൽ വരെ ഓരോ കേസിനും പിഴയടക്കേണ്ടി വരും. രാജ്യത്തെ തൊഴിൽ മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടികൾ.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് റിക്രൂട്ടിങ് മേഖലയിലെ നിയമ ലംഘനങ്ങൾക്ക് താക്കീത് നൽകിയത്. പരിഷ്കരിച്ച പിഴകളും മന്ത്രാലയം പ്രഖ്യാപിച്ചു. മുപ്പതിലേറെ തരത്തിലുള്ള നിയമ ലംഘനങ്ങളാണ് മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. ഇവ ശ്രദ്ധയിൽ പെട്ടാൽ ഓരോന്നിനും അയ്യായിരം മുതൽ മുപ്പതിനായിരം റിയാൽ വരെ പിഴ ഈടാക്കും.
ലൈസൻസില്ലാതെയുള്ള പ്രവർത്തനം, ലൈസൻസ് റദ്ദാക്കിയ ശേഷമുള്ള പ്രവർത്തനം, സ്ഥാപനങ്ങൾ അടപ്പിച്ചതാണെങ്കിൽ നിയമനടപടി പൂർത്തിയാക്കാതെ വീണ്ടും തുറക്കൽ, സൗദിയിലെ തൊഴിൽ നിയമ പ്രകാരം തൊഴിൽ കരാറില്ലാതെ ജോലി ചെയ്യിപ്പിക്കൽ, നിയമ വിധേയമായല്ലാതെ തൊഴിലാളിയെ കൈമാറൽ എന്നിവയാണ് പ്രധാന കുറ്റങ്ങളുടെ പട്ടികയിലുള്ളത്. സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാതിരുന്നാലും പിഴ വീഴും.
Adjust Story Font
16