യു.എ.ഇയിൽ നിന്ന് 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി
താൽകാലിക വെടിനിർത്തൽ സാഹചര്യത്തിലാണ് 10 വലിയ ട്രക്കുകളിലായി സഹായവസ്തുക്കൾ ഗസ്സയിലേക്ക് കൈമാറിയത്.
യു.എ.ഇയിൽ നിന്ന് ശേഖരിച്ച 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി. താൽകാലിക വെടിനിർത്തൽ സാഹചര്യത്തിലാണ് 10 വലിയ ട്രക്കുകളിലായി സഹായവസ്തുക്കൾ ഗസ്സയിലേക്ക് കൈമാറിയത്. എമിറേറ്റ്സ് റെഡ് ക്രസന്‍റിന്‍റെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണം.
16,520 ഭക്ഷ്യക്കിറ്റുകൾ ഉൾപ്പെടുന്ന സഹായ വസ്തുക്കളാണ് റഫ അതിർത്തി മുഖേന ഗസ്സയിലെത്തിക്കാനായത്. നേരത്തെ യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അധികൃതർ നേരിട്ട് സഹായ വസ്തുക്കൾ ശേഖരിക്കുകയും പ്രത്യേക സ്ഥലങ്ങളിൽ വച്ച് വളണ്ടിയർമാരുടെ സഹായത്തോടെ പാക്കിങ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഈജിപ്തിൽ വിമാന മാർഗം നേരത്തെ എത്തിച്ച സഹായ ഉൽപ്പന്നങ്ങളാണിവ.
കഴിഞ്ഞ ദിവസം ഗസ്സയിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി യു.എ.ഇ ഏർപ്പെടുത്തിയ ഫീൽഡ് ആശുപത്രിയിലേക്ക് വേണ്ട ഉപകരണങ്ങളും റഫ അതിർത്തി കടന്നു. തെക്കൻ ഗസ്സയിലാണ് ആശുപത്രി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ 1000 കുട്ടികയേും 1000 കാൻസർ രോഗികളെയും യു.എ.ഇയിൽ എത്തിച്ച് ചികിത്സിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുമായി രണ്ട് വിമാനങ്ങളാണ് ഇതിനകം അബൂദബിയിൽ എത്തിയത്.
ഫലസ്തീനികൾക്കാവശ്യമായ സഹായം എത്തിക്കുന്നതിനായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 'ഗാലന്റ് നൈറ്റ്-3' ഓപറേഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഫീൽഡ് ആശുപത്രിയും സഹായ വസ്തുക്കളും എത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നത്.
Adjust Story Font
16