ഗസ്സ: വെടിനിർത്തലിന്റെ ഭാവി സംബന്ധിച്ച് ആശങ്ക; ആക്രമണം ജൂതവോട്ടർമാരെ സ്വാധീനിക്കാൻ
ഒക്‌ടോബർ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനു മേൽ വിജയം നേടാൻ യായിർ ലാപിഡ്, നാഫ്തലി ബെന്നറ്റ് സഖ്യം കണ്ടെത്തിയ മാർഗം കൂടിയായിരുന്നു ഗസ്സ ആക്രമണം.
ഗസ്സ: ഗസ്സയിൽ ഇപ്പോൾ പ്രഖ്യാപിച്ച വെടിനിർത്തൽ എത്രകാലം നീണ്ടുനിൽക്കും എന്ന ചോദ്യം ബാക്കി. അന്തർദേശീയ സമൂഹവും യു.എന്നും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുമെന്ന് ഫലസ്തീൻ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. പിടികൂടിയ ഇസ്‌ലാമിക് ജിഹാദ് നേതാക്കളുടെ മോചനം വൈകിയാലും വെടിനിർത്തൽ കരാറിന് തിരിച്ചടിയാകും.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഗസ്സയിലേക്ക് ഇന്ധനവും മറ്റും വഹിച്ചുള്ള 30 ട്രക്കുകളാണ് അതിർത്തി കടന്നെത്തിയത്. ഗസ്സയിലെ ഏക ഊർജ നിലയത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ഇതോടെ വഴിയൊരുങ്ങി. എന്നാൽ സ്ഥായിയായ ഒരു വെടിനിർത്തൽ എന്നത് അത്ര എളുപ്പമാകില്ലെന്നാണ് ഇസ്രായേൽ പ്രതികരണങ്ങളിൽ തെളിയുന്നത്. ഗസ്സയിൽ നിന്നുള്ള ഏതൊരു വെല്ലുവിളിയും സൈനികമായി അമർച്ച ചെയ്യുമെന്നാണ് ഇസ്രായേൽ താക്കീത്.
ഒക്‌ടോബർ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനു മേൽ വിജയം നേടാൻ യായിർ ലാപിഡ്, നാഫ്തലി ബെന്നറ്റ് സഖ്യം കണ്ടെത്തിയ മാർഗം കൂടിയായിരുന്നു ഗസ്സ ആക്രമണം. മുൻകരുതൽ നടപടി എന്ന പേരിൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിലൂടെ ഇല്ലാതായത് വിലപ്പെട്ട 44 ജീവനുകളും എണ്ണമറ്റ സ്വത്തുവകകളും. അതേസമയം എല്ലാ ദുരിതങ്ങൾക്കിടയിലും ചെറുത്തുനിൽപ്പിന് പകരം മറ്റൊന്നില്ലെന്ന് തെളിയിക്കാൻ ഗസ്സയിലെ ഫലസ്തീൻ പോരാളികൾക്ക് പിന്നിട്ട മൂന്നു ദിവസങ്ങളിൽ സാധിച്ചു.
2002ൽ ഹമാസ് അധികാരം പിടിച്ചതോടെ ആരംഭിച്ചതാണ് ഗസ്സക്കെതിരായ ഇസ്രായേലിന്റെ കലി. ലോകത്തെ തുറന്ന ജയിൽ എന്നു വിളിക്കപ്പെടുന്ന ഗസ്സയിലെ ചെറിയ ചെറുത്തുനിൽപ്പ് പോലും അനുവദിക്കില്ലെന്ന ധാർഷ്ട്യത്തിൽ ഇതിനകം ഇസ്രായേൽ നടത്തിയത് അഞ്ച് യുദ്ധങ്ങൾ. നൂറുകണക്കിന് നിരപരാധികളാണ് വധിക്കപ്പെട്ടത്. അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണ പരമ്പരക്കിടയിലും തദ്ദേശീയ നിർമിത റോക്കറ്റുകൾ കൊണ്ട് പ്രതിരാധം തീർക്കുകയായിരുന്നു ഗസ്സയിലെ ഫലസതീൻ ജനത. ഇക്കുറി 580 റോക്കറ്റുകളാണ് ഗസ്സയിൽ നിന്നുയർന്നതെന്ന് ഇസ്രായേൽ തന്നെ പറയുന്നു. ഇവയിൽ 97 ശതമാനവും അയേൺ ഡോം സിസ്റ്റത്തിലൂടെ നിർവീര്യമാക്കിയെന്നും. ഇസ്‌ലാമിക് ജിഹാദിന്റെ രണ്ട് കമാണ്ടർമാരെ വധിച്ചതും ഇസ്രായേൽ നേട്ടമായെണ്ണുന്നു. എന്നാൽ ഏതു ക്രൂരതക്കും കുരുതികൾക്കുമിടയിലും ഫലസ്തീൻ പ്രതിരോധം തളരുന്നില്ല എന്നത് സയണിസ്റ്റ് രാഷ്ട്രത്തെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.
Adjust Story Font
16