ത്രികക്ഷി സഹകരണം പ്രഖ്യാപിച്ച് ഇന്ത്യ, യു.എ.ഇ, ഫ്രാൻസ് രാജ്യങ്ങൾ
കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ മൂന്ന് രാജ്യങ്ങളിലെയും വികസന ഏജൻസികൾ സഹകരിച്ച് പ്രവർത്തിക്കും
ഇന്ത്യ, യു.എ.ഇ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ വിവിധ മേഖകളിൽ ത്രികക്ഷി സഹകരണ സംവിധാനം പ്രഖ്യാപിച്ചു. ഊർജം മുതൽ പരിസ്ഥിതി സംരക്ഷണം വരെയുള്ള മേഖലകളിൽ പരസ്പരം സഹകരിക്കാനും പദ്ധതികൾ നടപ്പാക്കാനുമാണ് തീരുമാനം. സംയുക്തപ്രസ്താവനയിലാണ് മൂന്ന് രാജ്യങ്ങളും പുതിയ സഹകരണ സംരംഭം പ്രഖ്യാപിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ഫ്രഞ്ച് വിദേശകാര്യന്ത്രി കാതറിൻ കോളോണ എന്നിവർ തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചകൾക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ മൂന്ന് രാജ്യങ്ങളിലെയും വികസന ഏജൻസികൾ സഹകരിച്ച് പ്രവർത്തിക്കും. പദ്ധതികൾ നടപ്പാക്കും. സംയുക്തമായി വിവിധ പരിപാടികളും സംഘടിപ്പിക്കും. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടി, യു എ ഇയിൽ നടക്കുന്ന കോപ് 28 ഉച്ചകോടി എന്നിവയുടെ ആശയങ്ങൾ ഉൾക്കൊണ്ടായിരിക്കും പരിപാടികൾ. ആരോഗ്യം, സാങ്കേതിക മേഖല, പ്രതിരോധം എന്നീ മേഖലകളിലും മൂന്ന് രാജ്യങ്ങളും പരസ്പരം സഹകരിക്കും. സാങ്കേതിക വിവരങ്ങൾ പങ്കുവെക്കുന്നതിന് പുറമെ ബംഗളൂരുവിൽ നടക്കുന്ന ടെക് സമ്മിറ്റ്, ദുബൈയിൽ നടക്കുന്ന ജിറ്റെക്‌സ്, പാരിസിൽ നടക്കുന്ന വിവ ടെക് എന്നിവയിലും ത്രികക്ഷി സഹകരണം പ്രതിഫലിക്കും.
India, UAE and France have announced a tripartite cooperation system in various fields
Adjust Story Font
16